കുഞ്ഞിന് വേണ്ടി നാളെ മുതൽ നിരാഹാരം; പൊലീസിലും വനിതാകമ്മീഷനിലും വിശ്വാസമില്ലെന്നും അനുപമ

By Web TeamFirst Published Oct 22, 2021, 9:15 PM IST
Highlights

സെക്രട്ടറിയേറ്റ് പടിക്കൽ നിരാഹാരം കിടക്കാനാണ് തീരുമാനം. പൊലീസിൽ വിശ്വാസം നഷ്ടപ്പെട്ടു. വനിതാകമ്മീഷൻ നടപടികളിലും വിശ്വാസമില്ലെന്നും അനുപമ ഏഷ്യാനെറ്റ് ന്യൂസ് അവർ ചർച്ചയിൽ പറഞ്ഞു.

തിരുവനന്തപുരം: നഷ്ടപ്പെട്ട കുഞ്ഞിനെ തിരികെ ലഭിക്കാൻ നാളെ മുതൽ നിരാഹാരം കിടക്കുമെന്ന് അനുപമ എസ് ചന്ദ്രൻ. സെക്രട്ടറിയേറ്റ് പടിക്കൽ നിരാഹാരം കിടക്കാനാണ് തീരുമാനം. പൊലീസിൽ വിശ്വാസം നഷ്ടപ്പെട്ടു. വനിതാകമ്മീഷൻ നടപടികളിലും വിശ്വാസമില്ലെന്നും അനുപമ ഏഷ്യാനെറ്റ് ന്യൂസ് അവർ ചർച്ചയിൽ പറഞ്ഞു.

അനുപമയുടെ പരാതി പരിഹരിക്കുന്നതിൽ താൻ പരാജയപ്പെട്ടു എന്ന് പി കെ ശ്രീമതി ന്യൂസ് അവറിൽ പറഞ്ഞു. അനുപമയുടെ പരാതിയെക്കുറിച്ച് താൻ അറിഞ്ഞത് വൃന്ദ കാരാട്ട് പറഞ്ഞാണ്. വീണ്ടും പരാതി നൽകാൻ അനുപമയോട് താൻ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയോട് താൻ വിവരം ധരിപ്പിച്ചു. കോടതിയെ സമീപിക്കാനും താൻ നിർദ്ദേശം നൽകിയിരുന്നു എന്നും പി കെ ശ്രീമതി പറഞ്ഞു. 

ഇത്തരം വിഷയങ്ങളിൽ സ്ത്രീകൾക്കൊപ്പം നിൽക്കുന്നതാണ് പാർട്ടി നിലപാടെന്ന് മന്ത്രി എം വി. ഗോവിന്ദൻ ഇന്ന് പറഞ്ഞിരുന്നു. വിഷയത്തെക്കുറിച്ച് കൂടുതൽ പരിശോധിച്ച ശേഷം പ്രതികരിക്കാമെന്നും മന്ത്രി വ്യക്തമാക്കി. 

അമ്മയിൽ നിന്നും കുഞ്ഞിനെ മാറ്റിയ സംഭവത്തിൽ  ഒടുവില്‍ അന്വേഷണവുമായി സര്‍ക്കാരും പൊലീസും രം​ഗത്തെത്തുകയായിരുന്നു. വകുപ്പ് തല അന്വേഷണത്തിന് ഉത്തരവിട്ടതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. എഴുതിക്കിട്ടിയ പരാതിയിലേ നടപടി എടുക്കാനാകൂ എന്ന സി ഡബ്ള്യുസി ചെയർപേഴ്സൻറെ വാദം മന്ത്രി തള്ളി. പൊലീസ് ശിശുക്ഷേമ സമിതിയിൽ വിവരങ്ങൾ തേടിയെങ്കിലും ദത്തിൻറെ വിവരങ്ങൾ വെളിപ്പെടുത്താനാകില്ലെന്ന് സമിതി മറുപടി നൽകി. സംഭവത്തിൽ ബാലാവകാശ കമ്മീഷനും കേസെടുത്തു.

കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 22 ന് പ്രസവിച്ച ശേഷം ആശുപത്രിയിൽ നിന്നും മടങ്ങും വഴി തിരുവനന്തപുരം ജഗതിയില്‍ വെച്ച് തന്‍റെ അമ്മയും അച്ഛനും ചേര്‍ന്ന് കു‍ഞ്ഞിനെ ബലമായി  എടുത്തുകൊണ്ടുപോയി എന്നായിരുന്നു മുൻ എസ്എഫ്ഐ നേതാവ് അനുപമയുടെ പരാതി. ഏപ്രില്‍ 19 ന് പേരൂര്‍ക്കട പൊലീസില്‍ ആദ്യ പരാതി നല്‍കി. പിന്നീടങ്ങോട്ട് ഡിജിപി, മുഖ്യമന്ത്രി, ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി, സിപിഎം നേതാക്കള്‍ തുടങ്ങി എല്ലാവര്‍ക്കും പരാതി നല്‍കി. പക്ഷേ കുട്ടി ദത്ത് പോകുന്നവരെ എല്ലാവരും കണ്ണടച്ചു. ഒടുവില്‍ ഏഷ്യാനെറ്റ് ന്യൂസ് ഒക്ടോബര്‍ 14 ന് വാര്‍ത്ത പുറത്ത് കൊണ്ടുവന്നതിന് പിന്നാലെ ആണ് പരാതി കിട്ടി ആറ് മാസത്തിന് ശേഷം പൊലീസ് എഫ്ഐആര്‍ പോലും രജിസ്റ്റര്‍ ചെയ്തത്. ഏഷ്യാനെറ്റ് ന്യൂസ് അവർ ചർച്ചയും തുടർവാർത്തകളും അമ്മയുടെ ദുരവസ്ഥ കൂടുതൽ പുറത്ത് കൊണ്ടുവരികയം വിവാദം ശക്തമാകുകയം ചെയ്തതോടെയാണ് അധികൃതർ കണ്ണ് തുറന്നത്. 

പരാതിഎഴുതിക്കിട്ടാതെ കുഞ്ഞിനെ തിരിച്ചുകൊടുക്കാനുള്ള നടപടി സ്വീകരിക്കാനാകില്ലെന്ന സിഡബ്യൂസി ചെയർപേഴസ് സുനന്ദയുടെ നിലപാട് ആരോഗ്യമന്ത്രി തള്ളി.  തുടക്കം മുതൽ ഒളിച്ചുകളിച്ച പൊലീസും  ഒടുവിൽ അനങ്ങി തുടങ്ങി. പൊലീസ് ശിശുക്ഷേമ സമിതിയുടെ വിശദീകരണം തേടി. സിഡബ്ല്യൂസിയുമായി കാര്യങ്ങള്‍ ചോദിച്ചറിയുകയാണ്. കുട്ടി ദത്ത് പോയതിനാൽ വിവരങ്ങൾ വെളിപ്പെടുത്താനാകില്ലെന്ന മറുപടിയാൻണ് ശിശുക്ഷേമ സമതി നൽകിയത്. അഡോപ്ഷന്‍ ഏജന്‍സി, അനുപമ പ്രസവിച്ച നെയ്യാര്‍ മെഡിസിറ്റി തുടങ്ങിയ ഇടങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. കുട്ടിയുടെ ദത്ത് നടപടി പൂര്‍ത്തിയായി എന്നിരിക്കെ ഇനി സര്‍ക്കാരും പോലീസും എടുക്കുന്ന നടപടിയാണ് ഏറെ ശ്രദ്ധേയമാവുക. കുഞ്ഞിനെ കാണാതായ സംഭവത്തിൽ കേസെടുത്ത ബാലാവകാശ കമ്മീഷൻ ഡിജിപി,  സിറ്റി പൊലീസ് കമ്മീഷണർ, ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ഷിജുഖാൻ, സിഡബ്ളുസി  ചെയർപേഴ്സണ സുനന്ദ എന്നിവർ 30 വകം വിശദീകരണം നൽകണം.

click me!