ചിറയിൻകീഴിലെ ചന്ദ്രന്റെ മരണം: മർദ്ദനമേറ്റതിന് തെളിവില്ലെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്

Published : Jun 12, 2022, 04:18 PM IST
ചിറയിൻകീഴിലെ ചന്ദ്രന്റെ മരണം: മർദ്ദനമേറ്റതിന് തെളിവില്ലെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്

Synopsis

ചന്ദ്രന്റെ മരണവുമായി ബന്ധപ്പെട്ട് അസ്വാഭാവിക മരണത്തിന് കേസുണ്ട്. ആര്‍ഡിഒയുടെ നേതൃത്വത്തിലാണ് ഇൻക്വസ്റ്റും പോസ്റ്റുമോര്‍ട്ടവും നടത്തിയത്

തിരുവനന്തപുരം: ചിറയിൻകീഴിൽ മോഷണക്കുറ്റം ആരോപിച്ച് നാട്ടുകാര്‍ മര്‍ദ്ദിച്ചയാൾ ദിവസങ്ങൾക്ക് ശേഷം മരിച്ച സംഭവത്തിൽ പോസ്റ്റ്‌മോർട്ടത്തിൽ മർദ്ദനമേറ്റതിന് തെളിവ് കണ്ടെത്താനായില്ല. കഴിഞ്ഞ മാസം 28 നാണ് സംഭവം. പെരുങ്കുഴിയിലെ വീട്ടിൽ നിന്ന് പാത്രങ്ങൾ മോഷ്ടിച്ചെന്ന് ആരോപിച്ച് ചന്ദ്രനെ നാട്ടുകാര്‍ മര്‍ദ്ദിക്കുകയും കയ്യും കാലും കെട്ടി പൊലീസിനെ ഏൽപ്പിക്കുകയും ചെയ്തിരുന്നു. സ്റ്റേഷനിലെത്തുമ്പോൾ ചന്ദ്രൻ അവശനായിരുന്നു. 

ചിറയിൻകീഴ് സര്‍ക്കാര്‍ ആശുപത്രിയിൽ വൈദ്യ പരിശോധന നടത്തി. പരാതിയില്ലെന്ന് എഴുതി നൽകിയതിനാൽ തൊണ്ടിമുതൽ ഉടമസ്ഥന് തിരിച്ച് നൽകി, ചന്ദ്രനെ ബന്ധുക്കൾക്കൊപ്പം വിട്ടു. അതിന് ശേഷം പത്ത് ദിവസം കഴിഞ്ഞാണ് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ട് മെഡിക്കൽ കോളേജിൽ ചികിത്സ തേടുന്നത്. ഇന്ന് രാവിലെയാണ് ചന്ദ്രൻ മരിച്ചത്.

പൊലീസ് സ്റ്റഷനിൽ നിന്ന് ഇറങ്ങുമ്പോൾ അടിവയറ്റില്‍ വേദന ഉണ്ടായിരുന്നതായി ചന്ദ്രൻ പറഞ്ഞിരുന്നു. മോഷണക്കുറ്റത്തിന് നാട്ടുകാര്‍ പിടികൂടി പൊലീസിലേൽപ്പിച്ചപ്പോൾ തന്നെ നേരത്തെ ശസ്ത്രക്രിയ കഴിഞ്ഞ ആളാണെന്ന് ചന്ദ്രൻ അറിയിച്ചിരുന്നു. വിശദമായ വൈദ്യ പരിശോധന നടത്തിയിരുന്നെന്നും മോഷണ കുറ്റത്തിന് ചന്ദ്രനെതിരെയോ ആൾക്കൂട്ടം മര്‍ദ്ദിച്ചെന്ന് ചന്ദ്രനോ പരാതി ഉണ്ടായിരുന്നില്ലെന്ന് ചിറയിൻകീഴ് പൊലീസ് പറഞ്ഞു. 

ചന്ദ്രന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് വിധേയമാക്കിയ ഡോക്ടർമാരാണ് ശരീരത്തിൽ മർദ്ദനമേറ്റ പാടുണ്ടായിരുന്നില്ലെന്ന് പറഞ്ഞത്. ഈ മാസം 9 ന് മെഡിക്കൽ കോളജിൽ അൾസറിന് ചന്ദ്രന്റെ ശരീരത്തിൽ ശസ്ത്രക്രിയ നടത്തിയിരുന്നു. 10 വർഷം മുമ്പും ശസ്ത്രക്രിയ നടത്തിയിരുന്നു. കഴിഞ്ഞ മാസം 30 ന് വേങ്ങോട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ വയറു വേദനക്ക് ചന്ദ്രൻ ചികിത്സ തേടിയിരുന്നു. ചന്ദ്രന്റെ മരണവുമായി ബന്ധപ്പെട്ട് അസ്വാഭാവിക മരണത്തിന് കേസുണ്ട്. ആര്‍ഡിഒയുടെ നേതൃത്വത്തിലാണ് ഇൻക്വസ്റ്റും പോസ്റ്റുമോര്‍ട്ടവും. മരണകാരണം വ്യക്തമായ ശേഷം തുടര്‍ നടപടിയെന്നാണ് പൊലീസ് നിലപാട്.

PREV
Read more Articles on
click me!

Recommended Stories

തൃശൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ളത് 2055 പ്രശ്നബാധിത ബൂത്തുകൾ, കൂടുതലും കണ്ണൂരിൽ; വിധിയെഴുതാനൊരുങ്ങി വടക്കൻ കേരളം, നാളെ വോട്ടെടുപ്പ്
ജനാധിപത്യ പ്രക്രിയയുടെ അടിത്തട്ട്, കേരളത്തിന്റെ നിർണായക രാഷ്ട്രീയ അങ്കം; തദ്ദേശ തെരഞ്ഞെടുപ്പിന്റെ ചരിത്രം അറിയാം