ശ്രീനാദേവി മനപ്പൂർവ്വം കളങ്കപ്പെടുത്താൻ ശ്രമിക്കുന്നു, സിപിഐ വിട്ട ജില്ലാ പഞ്ചായത്തംഗത്തിനെതിരെ വക്കീൽ നോട്ടീസയച്ച് ചിറ്റയം ഗോപകുമാർ

Published : Dec 03, 2025, 09:18 PM IST
Chittayam Gopakumar

Synopsis

സിപിഐ പ്രതിനിധിയായി ജില്ലാ പഞ്ചായത്ത് അംഗമായി തെരഞ്ഞെടുക്കപ്പെട്ട ശ്രീനാദേവി ഇപ്പോൾ യുഡിഎഫ് സ്ഥാനാർത്ഥിയായി പള്ലിക്കല്‍ ജില്ലാ പഞ്ചായത്ത് ഡിവിഷനില്‍ മത്സരിക്കുകയാണ്.

പത്തനംതിട്ട: വ്യാജവും രാഷ്ട്രീയ പ്രേരിതവും സത്യ വിരുദ്ധവുമായ പ്രസ്താവനകൾ സാമൂഹിക മാധ്യമങ്ങളിലും വാർത്താ മാധ്യമങ്ങളിലൂടെയും തുടർച്ചയായി നടത്തി അപമാനിക്കാൻ ശ്രമിച്ച ജില്ലാ പഞ്ചായത്തംഗം ശ്രീനാദേവി കു‍ഞ്ഞമ്മക്കെതിരെ സിപിഐ ജില്ലാ സെക്രട്ടറിയും ഡെപ്യൂട്ടി സ്പീക്കറുമായ ചിറ്റയം ഗോപകുമാർ വക്കീല്‍ നോട്ടീസ് അയച്ചു. സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയെന്ന ശ്രീനാദേവി കു‍ഞ്ഞമ്മയുടെ ആരോപണം അടിസ്ഥാനരഹിതമെന്ന് മാത്രമല്ല, വോട്ടർമാരുടെയും പൊതുജനങ്ങളുടെയും മുമ്പില്‍ കളങ്കപ്പെടുത്താൻ മനഃപൂർവ്വം ഉദ്ദേശിച്ചുള്ളതാണെന്ന് നോട്ടീസില്‍ പറയുന്നു.

സിപിഐ പ്രതിനിധിയായി ജില്ലാ പഞ്ചായത്ത് അംഗമായി തെരഞ്ഞെടുക്കപ്പെട്ട ശ്രീനാദേവി ഇപ്പോൾ യുഡിഎഫ് സ്ഥാനാർത്ഥിയായി പള്ളിക്കല്‍ ജില്ലാ പഞ്ചായത്ത് ഡിവിഷനില്‍ മത്സരിക്കുകയാണ്. അതിന്റെ ഭാഗമായി സിപിഐയേയും അതിന്റെ നേതാക്കളെയും ബോധപൂര്‍വ്വം അപമാനിക്കുന്ന പ്രസ്താവനകൾ രാഷ്ട്രീയ പ്രേരിതമായി നടത്തുകയാണ്. വസ്തുതകൾ വിശദീകരിക്കാനായി ചിറ്റയം ഗോപകുമാര്‍ നടത്തിയ പത്രസമ്മേളനത്തില്‍ ശ്രീനാദേവി ആരോപിച്ചതുപോലെയുള്ള ആപകീർത്തികരമായതോ വ്യക്തിപരമായതോ ആയ പരാമർശങ്ങൾ ഇല്ലാതിരുന്നുവെന്ന് നോട്ടീസിൽ പറയുന്നു. സ്ത്രീവിരുദ്ധ പ്രസ്താവനകൾ നടത്തി, സ്ത്രീവിരുദ്ധ പഴഞ്ചൊല്ല് ഉപയോഗിച്ചു, വഷളൻ ചിരിയായിരുന്നു തുടങ്ങിയവയായിരുന്നു ആരോപണങ്ങള്‍.

'രോഗി ഇച്ഛിച്ചതും പാല് വൈദ്യൻ കൽപ്പിച്ചതും പാല്' എന്ന ഒരു പഴഞ്ചൊല്ല് പ്രയോഗിച്ചിരുന്നു. പാർട്ടി വിടാനും പുതിയ രാഷ്ട്രീയ കൂട്ടുകെട്ട് സ്വീകരിക്കാനും തീരുമാനിച്ചതിനാൽ ശ്രീനാദേവിയുടെ പുതിയ നീക്കത്തിൽ പാർട്ടിക്ക് അൽഭുതമില്ല എന്ന് വിശദീകരിക്കാനാണ് പഴഞ്ചൊല്ല് പ്രയോഗിച്ചത്. ഒരു സാധാരണ പഴഞ്ചൊല്ലിനെ സ്ത്രീവിരുദ്ധമായി തെറ്റായി ചിത്രീകരിച്ച് ധാർമ്മിക, സാമൂഹിക, രാഷ്ട്രീയ നിലയെ മനഃപൂർവ്വം ഇകഴ്താത്താനാണ് ശ്രമം ഉണ്ടായത്. ഇത് ക്രിമിനൽ കുറ്റകരവും ശിക്ഷാർഹവുമാണ്- ചിറ്റയം ഗോപകുമാർ വക്കീൽ നോട്ടീസിൽ പറയുന്നു.

അപകീർത്തിപ്പെടുത്തൽ, മാനസിക വേദന, അപമാനം, പ്രശസ്തി നഷ്ടം എന്നിവക്ക് നഷ്ടപരിഹാരം ആവശ്യപ്പെട്ടുകൊണ്ടാണ് നോട്ടീസ്. നോട്ടീസ് ലഭിച്ച് 48 മണിക്കൂറിനുള്ളിൽ നിരുപാധികം പൊതുക്ഷമാപണം നടത്തുക, പത്രസമ്മേളനത്തിൽ ശ്രീനാദേവി നടത്തിയ തെറ്റായ പ്രസ്താവനകൾ പിൻവലിക്കുക, സ്ത്രീവിരുദ്ധ ആരോപണങ്ങളും "വഷളൻ ചിരി" പരാമർശവും പിൻവലിക്കുക, എല്ലാ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ നിന്നും വാർത്താ ഔട്ട്ലെറ്റുകളിൽ നിന്നും പത്രക്കുറിപ്പുകളിൽ അപകീർത്തികരമായ ഉള്ളടക്കം നീക്കം ചെയ്യുക എന്നീ ആവശ്യങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. ഇല്ലെങ്കില്‍ ഭാരത് ന്യായ് സംഹിത 2023 ലെ സെക്ഷൻ 356 പ്രകാരം ക്രിമിനൽ പ്രോസിക്യൂഷൻ നടപടികള്‍ സ്വീകരിക്കുമെന്നും നോട്ടീസിലുണ്ട്. ഹൈക്കോടതി അഭിഭാഷകൻ അമൃത് എം ജെ മുഖേനെയാണ് വക്കിൽ നോട്ടീസ് അയച്ചിരിക്കുന്നത്.

PREV
Read more Articles on
click me!

Recommended Stories

മലപ്പുറം മച്ചിങ്ങലിൽ വൻ തീപിടിത്തം; കാർ സ്പെയർ പാർട്‌സ് ഗോഡൗൺ കത്തിനശിച്ചു; തൊഴിലാളികൾ ഓടിരക്ഷപ്പെട്ടു
'കിച്ചണ്‍ ബിൻ പദ്ധതിയിൽ വൻ അഴിമതി'; നടന്നത് കോടികളുടെ അഴിമതിയെന്ന് ബിജെപി ആരോപണം