
കോഴിക്കോട് : വടകര അഴിയൂരിൽ 9 വയസുകാരിയെ വാഹനം ഇടിച്ച് കോമാവസ്ഥവയിലാക്കിയ കേസിലെ പ്രതി ഷജീലിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ കോഴിക്കോട് സെഷൻസ് കോടതി ഇന്ന് വിധി പറയും. അപകടം ഉണ്ടാക്കിയിട്ടും നിർത്താതെ വാഹനമോടിച്ചു, അപകട വിവരം മറച്ചുവെച്ച് ഇൻഷുറൻസ് കമ്പനിയിൽ നിന്ന് പണം തട്ടി തുടങ്ങിയ കാര്യങ്ങളാണ് ജാമ്യത്തെ എതിർത്തു കൊണ്ടു പൊലീസ് കോടതിയിൽ ഉന്നയിച്ചത്. വിദേശത്തുള്ള ഷെജിലിനെ നാട്ടിലെത്തിക്കാനുള്ള ശ്രമം പൊലീസ് തുടരുകയാണ്. കഴിഞ്ഞ ഫെബ്രുവരി 17നാണ് ചോറോട് വച്ച് ഷജീൽ ഓടിച്ച കാർ ഇടിച്ച് 62 വയസുകാരി മരിക്കുകയും കൊച്ചുമകൾ ദൃഷാന അബോധാവസ്ഥയിൽ ആകുകയും ചെയ്തത്.
വടകര ചോറോട് വച്ച് റോഡ് മുറിച്ചു കടക്കുന്നതിനിടെയായിരുന്നു കണ്ണൂര്‍ മേലേ ചൊവ്വ സ്വദേശിയായ ദൃഷാനയെയും മുത്തശിയെയും തലശേരി ഭാഗത്തേക്ക് അമിതവേഗത്തില്‍ പോവുകയായിരുന്ന കാര്‍ ഇടിച്ചു തെറിപ്പിച്ചത്. ഇടിയുടെ ആഘാതത്തിൽ മുത്തശ്ശി ബേബി സംഭവ സ്ഥലത്ത് വച്ചു മരിച്ചു, ഗുരുതരമായി പരിക്കെറ്റ് ദൃഷാന ഇന്നും അബോധാവസ്ഥയിൽ തുടരുകയാണ്. കുടുംബത്തിന്‍റെ ദുരവസ്ഥ ഏഷ്യാനെറ്റ് ന്യൂസ് വാർത്ത ആക്കിയതോടെയാണ് മുടന്തി നീങ്ങുകയായിരുന്ന അന്വേഷണത്തിന് ജീവന്‍ വച്ചത്. പത്ത് മാസത്തിന് ശേഷം പ്രത്യേക അന്വേഷണ സംഘം പ്രതിയെ തിരിച്ചറിഞ്ഞു. നഷ്ട പരിഹാരത്തിനായി പ്രതി ഇൻഷുറൻസ് കമ്പനിയെ സമീപിച്ചതാണ് അന്വേഷണത്തിൽ നിർണായകമായത്. ഇതിനിടെയാണ് വിദേശത്തുള്ള പ്രതി മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിച്ചത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam