
കൊച്ചി: ചോറ്റാനിക്കരയിൽ പോക്സോ കേസ് ഇരയെ വീടിനുളളില്‍ അവശനിലയില്‍ കണ്ടെത്തിയ സംഭവത്തിൽ പ്രതിയുടെ മൊഴിയിലെ വിവരങ്ങള്‍ പുറത്ത്. സംഭവത്തിൽ പെണ്‍കുട്ടിയുടെ ആണ്‍ സുഹൃത്തിനെതിരെ വധശ്രമത്തിനും ബലാത്സംഗത്തിനുമാണ് പൊലീസ് കേസെടുത്തത്. ഒളിവിലായിരുന്ന തലയോലപ്പറമ്പ് സ്വദേശി അനൂപിനെ പൊലീസ് അറസ്റ്റ് ചെയ്തു. മറ്റൊരാളുമായി അടുപ്പമുണ്ടെന്ന സംശയത്തിലായിരുന്നു ആക്രമണമെന്നാണ് പ്രതിയുടെ മൊഴി. പെണ്‍കുട്ടി അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ തുടരുകയാണ്.
ഞായറാഴ്ച വൈകുന്നേരം ചോറ്റാനിക്കരയിലെ വീട്ടിലെത്തിയ ബന്ധുവാണ് പെൺകുട്ടിയെ പരിക്കേറ്റ് അബോധാവസ്ഥയിൽ കണ്ടത്. കഴുത്തിൽ മുറുകി കിടക്കുന്ന ഷാളിനൊപ്പം ശരീരത്തിലെ മുറിവുകളില്‍ ഉറുമ്പരിക്കുന്നുണ്ടായിരുന്നു. പെണ്‍കുട്ടിയെ ഉടന്‍ തൃപ്പൂണിത്തുറയിലെ ആശുപത്രിയിലേക്കും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി.
അന്വേഷണം തുടങ്ങിയ ചോറ്റാനിക്കര പൊലീസ് ഇന്ന് പുലര്‍ച്ചെയാണ് തലയോലപ്പറമ്പ് സ്വദേശിയായ അനൂപിനെ കസ്റ്റഡിയിലെടുത്തത്. ശനിയാഴ്ച രാത്രി പെണ്‍കുട്ടിയുടെ വീട്ടിലെത്തിയിരുന്നുവെന്നും പെണ്‍കുട്ടിയെ ഉപദ്രവിച്ചിരുന്നുവെന്നും അനൂപ് സമ്മതിച്ചു. പെണ്‍കുട്ടിയെ അനൂപ് അതിക്രൂരമായാണ് മര്‍ദ്ദിച്ചത്. ശ്വാസം മുട്ടിക്കാനും ശ്രമിച്ചു.
മറ്റൊരാളുമായി അടുപ്പമുണ്ടെന്ന സംശയത്തിലായിരുന്നു മര്‍ദനമെന്നും മര്‍ദനം സഹിക്കാതെ പെണ്‍കുട്ടി തന്നെ ഷാള്‍ കഴുത്തില്‍ മുറുക്കി തൂങ്ങുകയായിരുന്നെന്നുമാണ് അനൂപ് പൊലീസിനോട് പറഞ്ഞത്. പെണ്‍കുട്ടി മരിച്ചിട്ടുണ്ടാകും എന്നു കരുതി താന്‍ രക്ഷപ്പെടുകയായിരുന്നെന്നും അനൂപ് മൊഴി നല്‍കിയിട്ടുണ്ട്. പീരുമേട് പൊലീസ് സ്റ്റേഷനില്‍ ലഹരിക്കേസിലും തലയോലപറമ്പ് പൊലീസ് സ്റ്റേഷനില്‍ രണ്ട് അടിപിടിക്കേസുകളിലും പ്രതിയായ അനൂപ് പെണ്‍കുട്ടിയെ ഒരു വര്‍ഷംമുന്‍പ് ഇന്‍സ്റ്റഗ്രാം വഴിയാണ് പരിചയപ്പെടുന്നത്.
ഏതെങ്കിലും പയ്യന്‍മാരുടെ പേര് പറഞ്ഞ് ആണ്‍ സുഹൃത്ത് ഉപദ്രവിക്കുന്നതായും മാനസികമായി പീഡിപ്പിക്കുന്നതായും മകള്‍ പറഞ്ഞിരുന്നുവെന്ന് അമ്മ പറഞ്ഞു. പല തവണ ബന്ധം ഒഴിവാക്കാൻ പറഞ്ഞതാണെന്നും അമ്മ പറഞ്ഞു. അനൂപിന്‍റെ ശല്യത്തെ കുറിച്ച് ഒരു മാസം മുമ്പ് നാട്ടുകാരും പൊലീസിന് പരാതി നല്‍കിയിരുന്നു. തലച്ചോറിന് ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടി വെന്‍റിലേറ്റര്‍ സഹായത്തോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിൽ തുടരുകയാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam