
തിരുവനന്തപുരം/കൊച്ചി: സെൻട്രൽ സിഐ വി എസ് നവാസിനെ കാണാതായ സംഭവത്തില്‍ അന്വേഷണം തുടരുന്നു. അന്വേഷണത്തിനായി എറണാകുളം ഡിസിപിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും സി ഐ നവാസ് ബസിൽ കയറുന്ന ദൃശ്യം കിട്ടിയിട്ടുണ്ടെന്നും ഡിജിപി പറഞ്ഞു.
കാണാതായ സിഐ സംസ്ഥാനത്തിനുള്ളിൽ തന്നെയുണ്ട്. നാലു ജില്ലകൾ കേന്ദ്രീകരിച്ച് അന്വേഷണം തുടരുകയാണെന്നും കൊച്ചി ഡിസിപി പൂങ്കുഴലി വ്യക്തമാക്കി. മേലുദ്യോഗസ്ഥരുടെ സമ്മർദ്ദത്തെ കുറിച്ച് നേരത്തെ പരാതി കിട്ടിയിട്ടില്ലെന്നും സമ്മര്‍ദ്ദം ഉണ്ടായിരുന്നോ എന്ന് പരിശോധിക്കുമെന്നും ഡിജിപി പറഞ്ഞു.
തെക്കൻ ജില്ലകളിലെ ലോഡ്ജുകൾ കേന്ദ്രീകരിച്ചാണ് പ്രധാന അന്വേഷണം. കായംകുളത്തു വച്ച് നവാസിനെ കണ്ടു എന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിൽ അന്വേഷണ സംഘം ഇന്നലെ കായംകുളത്തു വിശദ അന്വേഷണം നടത്തിയിരുന്നു.
പാലാരിവട്ടം എസ് ഐ യുടെ നേതൃത്വത്തിൽ ഉള്ള പ്രത്യേക അന്വേഷണ സംഘത്തിന് ആണ് നിലവിലെ അന്വേഷണ ചുമതല. ഇന്നലെ പുലർച്ചെയാണ് ദുരൂഹ സാഹചര്യത്തിൽ സിഐ നവാസിനെ കാണാതായത്. ഉന്നത ഉദ്യോഗസ്ഥനുമായുള്ള പ്രശ്നത്തെ തുടർന്ന് നവാസ് കടുത്ത മാനസിക സമ്മർദത്തിൽ ആയിരുന്നു എന്നാണ് ഭാര്യ പോലീസിന് നൽകിയ പരാതിയിൽ ഉള്ളത്.
ഡിജിപിയുടെ ഉത്തരവനുസരിച്ച് കൊച്ചി ഡി സി പി പൂങ്കുഴലിയുടെ നേതൃത്വത്തിലാണ് സി ഐ നവാസിന്‍റെ തിരോധാനം അന്വേഷിക്കുന്നത്. സംഭവത്തിൽ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്‍റ് പൃഥിരാജിന്‍റെ നേതൃത്വത്തിൽ ഡിജിപിക്ക് നിവേദനം നൽകിയിരുന്നു. തുടര്‍ന്ന് ഇന്നലെ കൊച്ചി അസി.കമ്മിഷണറും സിഐമായുണ്ടായ തർക്കത്തെ കുറിച്ച് അടിയന്തര റിപ്പോർട്ട് നൽകാൻ കൊച്ചി കമ്മിഷണർക്ക് ഡിജിപി നിർദ്ദേശം നൽകിയിരുന്നു.
ഇന്നലെ ഒരു മേലുദ്യോഗസ്ഥനുമായി നവാസ് വാക്കേറ്റത്തില്‍ ഏര്‍പ്പെടുകയും തുടര്‍ന്ന് സ്റ്റേഷനില്‍ തിരിച്ചെത്തിയ ശേഷം തന്‍റെ ഔദ്യോഗിക ഫോണ്‍ നമ്പറിന്‍റെ സിം കീഴുദ്യോഗസ്ഥന് കൈമാറുകയും ചെയ്തെന്നാണ് പൊലീസ് വൃത്തങ്ങള്‍ പറയുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam