
തിരുവനന്തപുരം: കിളിമാനൂരില്‍ അച്ഛനെയും മകനെയും സിനിമസ്റ്റൈലില്‍ തട്ടിക്കൊണ്ട് പോയി ക്രൂരമായി ആക്രമിച്ചു. മകളെ വിവാഹം ചെയ്ത് കൊടുക്കാത്തതിലെ വിരോധം മൂലമാണ് അഞ്ച് അംഗ സംഘം ആക്രമണം നടത്തിയതെന്നാണ് പൊലീസ് നൽകുന്ന വിവരം. ശബ്ദം പുറത്ത് കേൾക്കാൻ കഴിയാത്ത മുറിയില്‍ മാരകായുധങ്ങള്‍ ഉപയോഗിച്ച് ഇരുവരെയും ആക്രമിച്ച സംഘം, സ്ഫോടകവസ്തുക്കള്‍ ശരീരത്തില്‍ വച്ച് കെട്ടി കൊല്ലുമെന്നും ഭീഷണിപ്പെടുത്തി. പ്രതികള്‍ക്കായി പൊലീസ് തെരച്ചില്‍ തുടങ്ങി.
ചെറുന്നിയൂർ സ്വദേശിയായ അനില്‍ കുമാറിനെ ജോലിയുണ്ടെന്ന് പറഞ്ഞ് ആസൂത്രിതമായാണ് പ്രതികള്‍ വീട്ടില്‍ നിന്ന് വിളിച്ചിറക്കി കൊണ്ടുപോയത്. മുൻപ് ഇവിടെ തന്നെ ജോലിക്ക് വിളിച്ചിരുന്നതിനാല്‍ അനില്‍കുമാറിന് സംശയം തോന്നിയിരുന്നില്ല. എന്നാല്‍ നഗൂരിരിലെ ഒഴിഞ്ഞ സ്ഥലത്ത് നിര്‍മാണത്തില്‍ ഇരിക്കുന്ന വീട്ടിലെത്തിച്ച് പ്രതികള്‍ ക്രൂരമായി ആക്രമിക്കുകയായിരുന്നു. ഹെല്‍മെറ്റ് കൊണ്ട് തലക്കടിച്ച് വീഴ്ത്തിയ സംഘം ഇരുമ്പ് വടി കൊണ്ട് മർദ്ദിച്ച് ചങ്ങലകൊണ്ട് അനില്‍കുമാറിനെ തൂണില്‍ ബന്ധിച്ചു. ശബ്ദം പുറത്ത് കേള്‍ക്കാതിരിക്കാൻ ഗ്ലാസ് കൊണ്ട് പ്രത്യേകം നിര്‍മിച്ച മുറിയില്‍ നിരീക്ഷണ ക്യാമറ അടക്കം സജ്ജീകരിച്ച് തടവില്‍ ആക്കിയാണ് ആക്രമിച്ചത്. അലുമിനിയം ഫാബ്രിക്കേഷൻ ജോലി ചെയ്തിരുന്ന പ്രതികള്‍ തന്നെയാണ് മുറി ഇത്തരത്തില്‍ നിര്‍മിച്ചതെന്നാണ് പൊലീസ് നിഗമനം. അനില്‍ കുമാറിനെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി മകൻ അച്ചുവിനെയും വിളിച്ചു വരുത്തി സംഘം സമാനമായ രീതിയില്‍ മർദ്ദിച്ചു. അച്ചുവിൻ്റെ വിരലുകള്‍ പ്ലെയർ ഉപയോഗിച്ച് ഒടിക്കാനും ശ്രമം നടത്തി. മകൻ അച്ചുവിനെ വീട്ടിലെത്തിച്ച് അമ്മയെയും സഹോദരിയേയും തട്ടിക്കൊണ്ട് പോകാനും പ്രതികള്‍ പദ്ധതിയിട്ടിരുന്നു. ഇതിനായി പ്രതികളുടെ അകമ്പടിയോടെ വീട്ടിലേക്ക് പോകുന്നതിനിടെ അച്ചു രക്ഷപ്പെടുകയും വീട്ടില്‍ വിവരം പറയുകയായിരുന്നു. കുടുംബം ചെറുന്നിയൂർ പഞ്ചായത്ത് പ്രസിഡന്‍റ് വഴി ഇക്കാര്യം വർക്കല പൊലീസിനെ വിവരം അറിയിച്ചു.
വർക്കല പൊലീസും നഗരൂർ പൊലീസും ചേർന്നാണ് അനില്‍ കുമാറിനെ മോചിപ്പിച്ചത്. പൊലീസ് എത്തിയപ്പോള്‍ അനില്‍ കുമാർ അവശ നിലയില്‍ ബന്ധിക്കപ്പെട്ട അവസ്ഥയില്‍ ആയിരുന്നു. ഉടൻ തന്നെ ഇയാളെ പൊലീസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അനില്‍ കുമാറിനെ ആക്രമിച്ച രണ്ടുപേരെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഒന്നാം പ്രതിയായ സുധീഷ് കുറച്ച് വർഷം മുൻപ് അനില്‍കുമാറിന്‍റെ മകളെ വിവാഹം ആലോചിച്ചിരുന്നു. എന്നാല്‍ സുധീഷിന്‍റെ പശ്ചാത്തലം ശരിയല്ലാത്തത് കൊണ്ട് കുടുംബം കല്യാണത്തിന് താല്‍പ്പര്യപ്പെട്ടില്ല. ഈ വിരോധമാണ് ആക്രമണത്തിന് കാരമമെന്നാണ് പൊലീസ് പറയുന്നത്.
അനില്‍ കുമാറിനെയും അച്ചുവിനെയും തടവില്‍ പാർപ്പിച്ച വീട്ടിനുള്ളില്‍ നിന്ന് ആയുധങ്ങളും സ്ഫോടക വസ്തുക്കളും പൊലീസ് പിടിച്ചെടുത്തു. കൂടാതെ വീടിന് പിന്നിൽ വലിയ കുഴി കുഴിച്ചിരുന്നതായും പൊലീസ് കണ്ടെത്തി. തിരുവനന്തപുരം സ്വദേശികളായ സുധീഷും ഷംനാദും മറ്റ് മൂന്ന് പേരും ചേർന്നാണ് തട്ടിക്കൊണ്ട് പോകലും മര്‍ദ്ദനവും നടത്തിയതെന്നാണ് എഫ്ഐആർ. ഇവർക്കായി പൊലീസ് തെരച്ചില്‍ വ്യാപിപ്പിച്ചിട്ടുണ്ട്. പരിക്കേറ്റ അനില്‍കുമാറിനെയും മകനെയും ആദ്യം മെഡിക്കല്‍ കോളേജിലും പിന്നീട് വർക്കലയിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam