
കൽപ്പറ്റ: ചൂരൽമല, മുണ്ടക്കൈ ഉരുൾപ്പൊട്ടൽ ദുരന്ത ബാധിതർക്കായി കോൺഗ്രസ് നിർമ്മിച്ചു നൽകുന്ന വീടുകളുടെ നിർമ്മാണം തുടങ്ങി. തറക്കല്ലിടൽ ചടങ്ങ് നടത്തി 142 ദിവസത്തിന് ശേഷമാണ് മേപ്പാടി കുന്നംപറ്റയിൽ നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങുന്നത്. ഫെബ്രുവരി 26വായിരുന്നു രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയുമടക്കമുള്ള നേതാക്കൾ പങ്കെടുത്ത തറക്കല്ലിടൽ ചടങ്ങ്. എന്നാൽ, ആ കല്ല് ഇപ്പോൾ കാണാൻ പോലുമില്ല. കടുത്ത വിമർശനങ്ങൾക്കും പരിഹാസങ്ങൾക്കുമിപ്പുറം ആഘോഷങ്ങളും ആരവങ്ങളുമില്ലാതെയാണ് കോൺഗ്രസ് വീടുകളുടെ നിർമ്മാണം തുടങ്ങിയത്. കോൺഗ്രസ് നൂറുവീടുകൾ നിർമ്മിച്ചു നൽകുമെന്നായിരുന്നു പ്രഖ്യാപനമെങ്കിലും ആദ്യഘട്ടത്തിൽ 18 വീടുകളാണ് നിർമ്മിച്ചു നൽകുക. എന്നാൽ, ഗുണഭോക്താക്കൾ ആരൊക്കെ എന്ന കാര്യത്തിൽ ഇതുവരെ വ്യക്തത ആയിട്ടില്ല.
നിർമാണ പ്രവർത്തനങ്ങൾ വൈകിയതിന് മുൻ സർക്കാറിനെയാണ് കോൺഗ്രസ് പഴിക്കുന്നത്. നിർമാണം നന്നായി വൈകിയെങ്കിലും വീടെവിടെ ഫണ്ടെവിടെ കോൺഗ്രസേ എന്ന ചോദ്യത്തിൽ നിന്ന് തത്കാലം കോൺഗ്രസിന് രക്ഷനേടാം. കോൺഗ്രസ് വീട് നിർമാണത്തിനായി പണം പിരിച്ചിരുന്നു. എന്നാൽ, മാസങ്ങൾ കഴിഞ്ഞിട്ടും നിർമാണം തുടങ്ങാതായതോടെ ചോദ്യമുയർന്നു. ഒടുവിൽ കോൺഗ്രസ് സ്ഥലം വാങ്ങി തറക്കല്ലിട്ടു. എങ്കിലും നിർമാണം തുടങ്ങിയില്ല. തെരഞ്ഞെടുപ്പ് കാലത്ത് വീട് നിർമാണത്തിന് പിരിച്ചെടുത്ത പണം കോൺഗ്രസ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചെന്ന് സിപിഎം ആരോപിച്ചിരുന്നു. ഫണ്ട് കളക്ഷനായി തുടങ്ങിയ മൊബൈൽ ആപ്പും പ്രവർത്തന രഹിതമായിരുന്നു. അഞ്ച് കോടിയിലേറെ രൂപമാത്രമാണ് പിരിച്ച് കിട്ടിയതെന്ന് കോൺഗ്രസ് നേതാക്കൾ വെളിപ്പെടുത്തിയിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam