വീട്ടമ്മയോട് മോശമായി പെരുമാറിയ സിഐക്ക് സസ്പെൻഷൻ

By Web TeamFirst Published May 20, 2020, 9:51 PM IST
Highlights

ഹെൽമറ്റില്ലാതെ വണ്ടിയോടിച്ചതിന് പിടികൂടിയ യുവതിയോട് തന്നെ ക്വാർട്ടേഴ്സിൽ വന്നു കണ്ടാൽ പിഴ ഒഴിവാക്കി തരാമെന്ന് സിഐ ഫോണിലൂടെ പറയുകയായിരുന്നു. 

തിരുവനന്തപുരം: വീട്ടമ്മയോട് മോശമായി പെറുമാറിയ സർക്കിൾ ഇൻസ്പെക്ടറെ സസ്പെൻഡ് ചെയ്തു. അഴിരൂർ സി.എ രാജ്കുമാറിനെയാണ് വർക്കല സ്വദേശിനിയോട് ഫോണിൽ മോശമായ രീതിയിൽ സംസാരിച്ചതിന് സസ്പെൻഡ് ചെയ്തത്. 

ഈ  മാസം എട്ടാം തീയതിയാണ്  വീടിനടുത്തുള്ള ഫ്ലോർ മില്ലിലേക്ക് സ്കൂട്ടറിൽ യാത്ര ചെയ്ത യുവതിയെ ഹെൽമറ്റില്ലാത്തതിനാൽ സി.എ തടഞ്ഞത്. തുടർന്ന് വീട്ടമ്മയുടെ ഫോണ് നമ്പർ വാങ്ങിച്ച സി.ഐ വിളിക്കുമ്പോൾ വന്ന് പിഴ അടച്ചാൽ മതി എന്ന് പറഞ്ഞ് വിട്ടയച്ചു. 

പിന്നീട് യുവതിയെ ഫോണ്‍ വിളിച്ച സി.ഐ രാജ്കുമാർ തന്‍റെ ക്വാർട്ടേഴ്സിലേക്ക് വന്നാൽ ഫൈൻ ഒഴിവാക്കി തരാമെന്നു പറഞ്ഞു. എന്നാൽ യുവതി വഴങ്ങിയില്ല. ഇതോടെ ഇയാൾ യുവതിയെ നിരന്തരം ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തി. ഇതിനെ തുടർന്ന് യുവതി സിഐയുടെ ഫോൺ കോളുകളെല്ലാം റെക്കോർഡ് ചെയ്തു. 

ശബ്ദ രേഖ സഹിതം ദക്ഷിണമേഖല ഐ.ജി ഹർഷിത അത്തല്ലൂരിക്ക് പരാതി നൽകി. അന്വേഷണത്തിൽ യുവതിയുടെ പരാതിയിൽ കഴമ്പുണ്ടെന്ന് തെളിഞ്ഞതോടെയാണ് രാജ് കുമാറിനെ ഐ.ജി സസ്പെന്‍റ് ചെയ്തത്. നേരത്തെ വെഞ്ഞാറമൂട് എസ്.ഐ ആയിരിക്കെ പ്രതിയിൽ നിന്ന് കൈക്കൂലി ആവശ്യപ്പെട്ടതിനും രാജ്കുമാറിന് സസ്പെൻഷൻ ലഭിച്ചിരുന്നു. 

click me!