
പത്തനംതിട്ട: ആർഎസ്എസ് ശാഖ നിരോധിച്ചുള്ള സർക്കുലറിൽ പ്രതികരണവുമായി തിരുവിതാംകൂര്‍ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. അനന്തഗോപൻ. കോടതി നിർദ്ദേശാനുസരണമാണ് ബോർഡ് നടപടി സ്വീകരിച്ചതെന്ന് കെ. അനന്തഗോപൻ പറഞ്ഞു. ക്ഷേത്ര പരിസരങ്ങൾ ശാന്തമായിരിക്കണം. അവിടെ കായിക പരിശീലനമോ ആയുധ പരിശീലനമോ പാടില്ലെന്നും കെ. അനന്തഗോപൻ പറഞ്ഞു.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ ക്ഷേത്രങ്ങളിൽ ആര്‍എസ്എസിന്‍റെയും തീവ്രആശയങ്ങള്‍ പ്രചരിപ്പിക്കുന്ന സംഘടനകളുടെയും പ്രവര്‍ത്തനങ്ങളും ആയുധ പരിശീലനവും നിരോധിച്ചിരുന്നു. ഇത് സംബന്ധിച്ച് നേരത്തെ കോടതി ഉത്തരവ് നിലവിലുണ്ടായിരുന്നു. എന്നാല്‍ ഉത്തരവ് പാലിക്കപ്പെടാതിരുന്നതോടെയാണ് തിരുവിതാംകൂര്‍ ദേവസ്വം ബോർഡ് പുതിയ സര്‍ക്കുലര്‍ ഇറക്കിയത്. ബോർഡിനെതിരെ നാമജപഘോഷം എന്ന പേരിലോ മറ്റേതെങ്കിലോ പേരിലോ ക്ഷേത്രഭൂമിയിൽ ഉപദേശകസമിതികള്‍ ഉള്‍പ്പടെയുള്ളവർ പ്രതിഷേധയോഗം സംഘടിപ്പിക്കുന്നതും നിരോധിച്ചതായി ദേവസ്വം കമ്മീഷണർ പുറത്തിറക്കിയ സർക്കുലറിൽ വ്യക്തമാക്കുന്നു.
ഹൈക്കോടതി വിധി പാലിക്കാതെ ആര്‍എസ്എസ് ഉള്‍പ്പെടെയുള്ള തീവ്ര ആശയങ്ങള്‍ പ്രകടിപ്പിക്കുന്ന സംഘടനകള്‍ ക്ഷേത്രഭൂമിയില്‍ അതിക്രമിച്ച് കയറുന്നുണ്ട്. ആയുധ പരിശീലനം ഉള്‍പ്പെടെ ക്ഷേത്ര ഭൂമിയില്‍ നടത്തുന്നുവെന്നുമാണ് ദേവസ്വം കമ്മീഷണറുടെ കണ്ടെത്തല്‍. ഇതേ തുടര്‍ന്നാണ് കര്‍ശന നിലപാടുമായി പുതിയ സര്‍ക്കുലര്‍ പുറത്തിറക്കിയത്. നടപടി എടുക്കേണ്ട ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച ഉണ്ടാകരുതെന്നും ദേവസ്വം ബോര്‍ഡ് സര്‍ക്കുലറില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇതോടൊപ്പം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രഭൂമിയിലെ അനധികൃതമായ എല്ലാ കൂട്ടായ്മകളും നിരോധിച്ചു. സര്‍ക്കുലര്‍ അനുശാസിക്കുന്ന കാര്യങ്ങളില്‍ വീഴ്ച സംഭവിച്ചാല്‍ ഉദ്യോഗസ്ഥര്‍ നോട്ടീസ് നല്‍കി നടപടിയെടുക്കണം. ക്ഷേത്രവുമായി നേരിട്ട് ബന്ധമില്ലാത്ത ബോര്‍ഡുകള്‍ നീക്കം ചെയ്യണം. ആര്‍എസ്എസ് ശാഖകള്‍ കണ്ടെത്താന്‍ വിജിലന്‍സ് മിന്നല്‍ പരിശോധന നടത്തുമെന്നും സർക്കുലറിൽ പറയുന്നുണ്ട്.
https://www.youtube.com/watch?v=Ko18SgceYX8
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam