മുസ്ലീംലീഗ് ഭരിക്കുന്ന പഞ്ചായത്ത് മൈതാനത്ത് ആർഎസ്എസ് പഥസഞ്ചലനം,അവിശുദ്ധ കൂട്ടുകെട്ടിന് തെളിവെന്ന് സിപിഎം
നിരോധിത സംഘടനയല്ലാത്ത ആർഎസ്എസിന് ഗ്രൗണ്ട് വിട്ടുനൽകിയതിൽ തെറ്റെന്തെന്നാണ് പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ ചോദ്യം

കണ്ണൂര്‍: കണ്ണൂർ മാടായി പഞ്ചായത്ത് മൈതാനത്ത് ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി നൽകിയതിൽ വിവാദം. മുസ്ലീം ലീഗ് ഭരിക്കുന്ന പഞ്ചായത്ത് ആർഎസ്എസ് പരിപാടിക്ക് അനുമതി കൊടുത്തത് അവിശുദ്ധ കൂട്ടുകെട്ടിന് തെളിവെന്നാണ് സിപിഎം ആരോപണം. നിരോധിത സംഘടനയല്ലാത്ത ആർഎസ്എസിന് ഗ്രൗണ്ട് വിട്ടുനൽകിയതിൽ തെറ്റെന്തെന്നാണ് പ്രസിഡന്‍റിന്‍റെ ചോദ്യം.
മാടായിയിലെ പഞ്ചായത്ത് ഗ്രൗണ്ടിലായിരുന്നു ആർഎസ്എസിന്‍റെ പഥസഞ്ചലനം. പഞ്ചായത്ത് സെക്രട്ടറിക്ക് ആർഎസ്എസ് നൽകിയ അപേക്ഷ അംഗീകരിച്ച് അനുമതി നൽകി. ലീഗ് ഭരിക്കുന്ന പഞ്ചായത്തിനെതിരെ സിപിഎം പ്രതിഷേധവുമായെത്തി.മറ്റെല്ലായിടത്തും അനുമതി നൽകിയില്ലെന്നും മാടായിയിൽ മാത്രം പഞ്ചായത്ത് ഗ്രൗണ്ട് വിട്ടുകൊടുത്തെന്നും ആക്ഷേപം. പഞ്ചായത്തിലേക്ക് ഡിവൈഎഫ്ഐ മാർച്ചും ബഹളവും. ലീഗ് അംഗം സമദിന് മർദനമേറ്റെന്ന് പരാതിയും ഉയര്‍ന്നു.പയ്യന്നൂരിൽ സിപിഎം ഭരിക്കുന്ന നഗരസഭയിൽ സർക്കാർ സ്കൂൾ ഗ്രൗണ്ട് പഥസഞ്ചലനത്തിന് വിട്ടുകൊടുത്തു. മാടായിയിൽ മാത്രം പ്രശ്നം കാണുന്നതിൽ ലക്ഷ്യം വേറെയെന്നാണ് പ്രസിഡന്‍റിന്‍റെ മറുപടി.
പ്രദേശത്തെ ലീഗിലെ ഒരു വിഭാഗം പഞ്ചായത്തിന്‍റെ തീരുമാനത്തിൽ അതൃപ്തി പരസ്യമാക്കിയിരുന്നു.ഇതിനു പിന്നാലെയാണ് സിപിഎം വിഷയം ഏറ്റെടുത്തത്.