പ്രതിഷേധം ശക്തം, മംഗളൂരുവില്‍ ബിനോയ്‌ വിശ്വം എംപി പൊലീസ് കസ്റ്റഡിയില്‍

By Web TeamFirst Published Dec 21, 2019, 11:54 AM IST
Highlights

കര്‍ഫ്യൂ ലംഘിച്ച് പ്രതിഷേധത്തിന് സിപിഐ ഒരുങ്ങുന്നതിനിടെയാണ് ബിനോയ് വിശ്വം അടക്കമുള്ള  സിപിഐ നേതാക്കളെ കസ്റ്റഡിയിലെടുത്തത്.

മംഗളൂരു: പൗരത്വഭേദഗതിയില്‍ രാജ്യത്ത് പ്രതിഷേധം ശക്തമാകുന്നു. പലയിടത്തും പ്രതിഷേധം അക്രമാസക്തമായി. മംഗളൂരുവിൽ സിപിഐ നേതാവ് ബിനോയ്‌ വിശ്വം എംപിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. കര്‍ഫ്യൂ ലംഘിച്ച് നഗരത്തിൽ പ്രതിഷേധിച്ചതിനാണ് ബിനോയ്‌ വിശ്വത്തെ കസ്റ്റഡിയിൽ എടുത്തത്. എട്ട് സിപിഐ നേതാക്കളും പൊലീസ് സ്റ്റേഷനിൽ കസ്റ്റഡിയിലാണ്. സിപിഐ കര്‍ണാടക സംസ്ഥാന സെക്രട്ടറിയും ബിനോയ് വിശ്വത്തിനൊപ്പം കസ്റ്റഡിയിലാണെന്നാണ് വിവരം.  

പൗരത്വഭേദഗതിക്കെതിരായ പ്രതിഷേധത്തില്‍ മംഗളൂരുവില്‍ കഴിഞ്ഞദിവസം രണ്ട് പേര്‍ മരിച്ചിരുന്നു. തുര്‍ന്ന് കഴിഞ്ഞ ദിവസം മുതല്‍ ഇവിടെ കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്. കര്‍ഫ്യൂ ലംഘിച്ച് വലിയ പ്രതിഷേധത്തിന് സിപിഐ ഒരുങ്ങുന്നതിനിടെയാണ് ബിനോയ് വിശ്വം അടക്കമുള്ള  സിപിഐ നേതാക്കളെ കസ്റ്റഡിയിലെടുത്തത്. അദ്ദേഹത്തെ കസ്റ്റഡിയിലെടുത്ത സമയത്ത് പത്തിലധികം പേര്‍ മാത്രമായിരുന്നു ഒപ്പമുണ്ടായിരുന്നത്. മംഗളൂരു നഗരത്തിലെ പൊലീസ് സ്റ്റേഷനിലേക്ക് ഇവരെ മാറ്റിയിരിക്കുകയാണെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. പത്ത് സിപിഐ പ്രവര്‍ത്തകരാണ് ഒപ്പമുള്ളതെന്നും പൊലീസ് സ്റ്റേഷന് ഉള്ളിലാണ് ഉള്ളതെന്നും ബിനോയ് വിശ്വം ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. കൂടുതല്‍ കാര്യങ്ങള്‍ ഫോണിലൂടെ വ്യക്തമാക്കാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടില്ല. 

ഉത്തര്‍പ്രദേശിൽ മരണം 11 ആയി; ബിഹാര്‍ ബന്ദിൽ വ്യാപക അക്രമം

അതിനിടെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ ചെന്നൈയിൽ ട്രെയിൻ ഉപരോധിക്കാൻ ഇടത് സംഘടനകളുടെ ശ്രമം. ഇത് പൊലീസ് തടഞ്ഞതോടെ സംഘ‍ര്‍ഷാവസ്ഥ ഉണ്ടായി. ഡിവൈഎഫ്ഐയുടെയും എസ്എഫ്ഐയുടെയും നേതൃത്വത്തിലാണ് നൂറുകണക്കിനാളുകൾ ഇവിടേക്ക് പ്രതിഷേധവുമായി എത്തിയത്.ബാരിക്കേഡ‍് തക‍ര്‍ത്ത് സ്ത്രീകളടക്കമുള്ളവ‍ര്‍ റെയിൽവെ സ്റ്റേഷനിലേക്ക് നീങ്ങി. ഡിസിപിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇവരെ തടഞ്ഞു. ചെന്നൈയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. 

ചെന്നൈയിൽ ഇടതുസംഘടനകളുടെ മാര്‍ച്ച്, പൊലീസുമായി കൈയ്യാങ്കളി...

 

click me!