ചെന്നൈ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ചെന്നൈയിൽ ട്രെയിൻ ഉപരോധിക്കാൻ ഇടത് സംഘടനകളുടെ ശ്രമം. ഇത് പൊലീസ് തടഞ്ഞതോടെ സംഘ‍ര്‍ഷാവസ്ഥ ഉണ്ടായി. ഡിവൈഎഫ്ഐയുടെയും എസ്എഫ്ഐയുടെയും നേതൃത്വത്തിലാണ് നൂറുകണക്കിനാളുകൾ ഇവിടേക്ക് പ്രതിഷേധവുമായി എത്തിയത്.

ബാരിക്കേഡ‍് തക‍ര്‍ത്ത് സ്ത്രീകളടക്കമുള്ളവ‍ര്‍ റെയിൽവെ സ്റ്റേഷനിലേക്ക് നീങ്ങി. എന്നാൽ ഇവരെ പൊലീസ് തടഞ്ഞു. ഡിസിപിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഉണ്ടായിരുന്നത്. നൂറ് കണക്കിന് പ്രതിഷേധക്കാരാണ് സംഘത്തിലുള്ളത്.

ചെന്നൈയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചതിനാൽ പ്രതിഷേധ മാര്‍ച്ചിൽ വൻ ജനപങ്കാളിത്തമാണ് ഉണ്ടായത്. തമിഴ്‌നാട് കമ്മാന്റോ സംഘം സ്ഥലത്തുണ്ട്. 

ബിജെപി കഴിഞ്ഞ ദിവസം ഇവിടെ വിശദീകരണ പരിപാടി നടത്തിയിരുന്നു. ഇതിൽ പ്രകോപനപരമായ പ്രസ്താവനകളും എച്ച് രാജയടക്കമുള്ള നേതാക്കൾ നടത്തിയിരുന്നു. ഇതാണ് പ്രതിഷേധം ശക്തമാകാൻ കാരണം.

മദ്രാസ് ഐഐടിയിലെ ഗവേഷക വിദ്യാര്‍ത്ഥികൾ, മദ്രാസിലെ കേന്ദ്ര സ‍ര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികൾ, അംബേദ്ക‍ര്‍ ലോ കോളേജിലെ വിദ്യാര്‍ത്ഥികള്‍, ലൊയോള കോളേജിലെ വിദ്യാര്‍ത്ഥികൾ എന്നിവര്‍ പ്രതിഷേധത്തിലുണ്ട്.

പൊലീസ് ബാരിക്കേഡ് വച്ച് തടഞ്ഞതോടെ പ്രതിഷേധക്കാര്‍ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഇവരെ പൊലീസ് അറസ്റ്റ് ചെയ്തേക്കും.