
ഐഷ സുല്‍ത്താനയ്ക്കും ഫാദര്‍ സ്റ്റാന്‍ സ്വാമിക്ക് സംഭവിച്ചത് പോലെ സംഭവിച്ചേക്കാമെന്ന ആശങ്ക പങ്കുവച്ച് സിഐടിയു. കഴിഞ്ഞ ദിവസം ഐഷ സുല്‍ത്താനയുടെ ഫ്ലാറ്റില്‍ ലക്ഷദ്വീപ് പൊലീസ് പരിശോധന നടത്തി സഹോദരന്‍റെ ലാപ്ടോപ്പ് കസ്റ്റഡിയില്‍ എടുത്തുകൊണ്ട് പോയതിന് പിന്നാലെയാണ് സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീമിന്‍റെ പ്രതികരണം.
നേരത്തെ ഐഷാ സുൽത്താനക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി പൊലീസ് കേസെടുത്തിരുന്നു. ഈ കേസില്‍ ഹൈക്കോടതി മുൻകൂർ ജാമ്യം നൽകിയതിനാൽ ഐഷയെ അറസ്റ്റ് ചെയ്ത് തടവിലാക്കാൻ സാധിച്ചില്ല. കവരത്തി പൊലീസ് രണ്ട് ദിവസം ചോദ്യം ചെയ്തിട്ടും കേസ് ചുമത്താനുള്ള ഒരു തെളിവും ലഭിച്ചില്ല. ഇതില്‍ ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന്റെ പകപോക്കൽ നടപടിയാണ് ഫ്ളാറ്റിലെ റെയ്ഡെന്നാണ് എളമരം കരീം ഫേസ്ബുക്ക് കുറിപ്പിലൂടെ പറയുന്നത്.
ഫ്ലാറ്റില്‍ നിന്നും പൊലീസ് ഐഷയുടെ സഹോദരന്റെ ലാപ്ടോപ് കസ്റ്റഡിയിലെടുത്തു കൊണ്ടുപോയി. ഇതില്‍ ഐഷയ്ക്കെതിരായ ആരോപണം തെളിയിക്കാന്‍ പാകത്തില്‍ രേഖകള്‍ കയറ്റാന്‍ പൊലീസ് ശ്രമിക്കുമെന്ന് കുടുംബം സംശയിക്കുന്നതായും എളമരം കരീം പറയുന്നു. ഏറെ വിവാദമായ കേസുകളില്‍ അന്വേഷണ ഏജന്‍സികള്‍ ഇത്തരത്തില്‍ തെളിവുകള്‍ കൃത്രിമമായി ചമച്ചുവെന്ന ആരോപണവും എളമരം കരീം മുന്നോട്ട് വയ്ക്കുന്നു.
ഭീമാ കൊറെഗാവ് കേസിലെ പ്രതികൾക്കെതിരായി എൻഐഎ തെളിവുണ്ടാക്കിയത് ഈ വിധമാണെന്ന കാര്യം പുറത്ത് വന്നതാണെന്നും സിഐടിയുവിന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലെ കുറിപ്പില്‍ പറയുന്നു. അടുത്തിടെ ജയിലില്‍ മരിച്ച ഫാ. സ്റ്റാൻ സ്വാമിക്ക് മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് എൻഐഎ തെളിവുണ്ടാക്കിയത് അദ്ദേഹത്തിന്റെ പക്കൽ നിന്നും കസ്റ്റഡിയിലെടുത്ത ലാപ്ടോപ്പിൽ കൃത്രിമം കാണിച്ചാണെന്നും എളമരം കരീം ആരോപിക്കുന്നു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam