
മലപ്പുറം : മലപ്പുറത്ത് ഡ്രൈവിങ് സ്കൂൾ മാഫിയ സംഘ പ്രവർത്തിക്കുന്നുവെന്ന ഗതാഗത മന്ത്രി കെബി ഗണേഷ് കുമാറിന്റെ പരാമർശത്തിനെതിരെ സിഐടിയു. ഗതാഗത മന്ത്രി നടത്തിയത് വംശീയ പരാമർശമാണെന്നും മലപ്പുറം എന്ന പേര് കേൾക്കുമ്പോൾ തന്നെ പലർക്കുമുണ്ടാകുന്ന വൈഷമ്യം മന്ത്രിക്കുമുണ്ടെന്നും സിഐടിയു മലപ്പുറം ജില്ലാ സെക്രട്ടറി അബ്ദുൽ ഗഫൂർ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.
തൊപ്പിയും തലേക്കെട്ടുമുള്ളവരോട് ചിലർ പ്രകടിപ്പിക്കുന്ന ഒരു വൈഷമ്യം ഉണ്ട്. മന്ത്രിക്കും അതുണ്ടാകും. ഡ്രൈവിങ് ടെസ്റ്റ് പരിഷ്ക്കരണത്തിനെതിരെ സംസ്ഥാനത്ത് ഉടനീളം പ്രതിഷേധമുണ്ട്. അതിൽ മലപ്പുറത്തെ മാത്രം എന്തിനാണ് അധിക്ഷേപിക്കുന്നത്? മന്ത്രിയുടെ പ്രസ്താവനക്കെതിരെ ശക്തമായി പ്രതിഷേധിക്കും. സിഐടിയുവാണ് പ്രതിഷേധിക്കുന്നത്. അല്ലാതെ മാഫിയ സംഘമല്ല. മന്ത്രിക്ക് വേറെ ഉദ്ദേശങ്ങൾ ഉണ്ടാകുമെന്നും ഡ്രൈവിങ് സ്കൂൾ വർക്കേഴ്സ് യൂണിയൻ (സി ഐ ടി യു )ജില്ലാ സെക്രട്ടറി അബ്ദുൽ ഗഫൂർ ആരോപിച്ചു.
സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണം ഇന്ന് മുതൽ നടത്തുമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ എവിടെയും ഇന്ന് ടെസ്റ്റുകൾ നടന്നിട്ടില്ല. എല്ലായിടത്തും ഡ്രൈവിങ് ടെസ്റ്റിനെതിരെ സിഐടിയു പ്രതിഷേധം നടത്തുകയാണ്. ഇതിനിടെയാണ് ഡ്രൈവിങ് സ്കൂളുകാര്‍ക്കെതിരെ മന്ത്രി കെബി ഗണേഷ് കുമാര്‍ ആരോപണമുയർത്തിയത്. ഡ്രൈവിങ് സ്കൂള്‍ മാഫിയ സംഘങ്ങളാണ് പ്രതിഷേധങ്ങള്‍ക്ക് പിന്നിലെന്നായിരുന്നു കെബി ഗണേഷ് കുമാര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് നടത്തിയ പ്രതികരണം.
''മലപ്പുറത്ത് ഡ്രൈവിങ് സ്കൂള്‍ മാഫിയ സംഘമുണ്ട്. അവരാണ് പ്രതിഷേധത്തിന് പിന്നില്‍ പ്രവർത്തിക്കുന്നത്. ഇവർക്ക് കൂട്ടായി ഉദ്യോഗസ്ഥരും ഉണ്ട്. നേരത്തെ ഈ ഉദ്യോഗസ്ഥര്‍ വൻ തോതിൽ പണം വെട്ടിച്ചു. അഴിമതി കാണിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കർശന നടപടി തുടരും. മലപ്പുറം ആര്‍ടി ഓഫീസിൽ നടന്നത് 3 കോടിയുടെ വെട്ടിപ്പാണ്''. ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുത്തു. വ്യാജ റസീറ്റ് ഉണ്ടാക്കി നികുതി വെട്ടിച്ചെന്നും മന്ത്രി ഗണേഷ് കുമാര്‍ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam