
കൊച്ചി: വൈപ്പിനിൽ വനിതാ ഗ്യാസ് ഏജൻസി ഉടമയെ സിഐടിയു നേതാവ് ഭീഷണിപ്പെടുത്തിയതുമായി ബന്ധപ്പെട്ട് നിലവിൽ ക്രമസമാധാന പ്രശ്നങ്ങളില്ലെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ലേബർ കമ്മീഷണറെ ചർച്ചയ്ക്കായി നിയോഗിച്ചിട്ടുണ്ട്. തൊഴിലാളികളെയും ഗ്യാസ് ഏജൻസി ഉടമയെയും ഉൾപ്പെടുത്തി ചർച്ചകൾ നടത്തുമെന്നും തർക്കം ഉടൻ പരിഹരിക്കുമെന്നും സർക്കാർ വ്യക്തമാക്കി. പൊലീസ് സംരക്ഷണം തേടി ഗ്യാസ് ഏജൻസി ഉടമ നൽകിയ ഹർജിയിലാണ് സർക്കാർ നിലപാട് അറിയിച്ചത്. ഇതേതുടർന്ന് ഹർജി മറ്റന്നാൾ പരിഗണിക്കാൻ കോടതി മാറ്റി.
നേരത്തെ, സിഐടിയു തൊഴിലാളികളുടെ കൊലവിളിയിൽ ജില്ലാ വ്യവസായ കേന്ദ്രം സംസ്ഥാന സർക്കാരിന് റിപ്പോർട്ട് നൽകിയിരുന്നു. സിഐടിയു നേതാവ് അനിൽ കുമാർ സ്ഥാപന ഉടമയെ ഭീഷണിപ്പെടുത്തിയെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഉടമ വഴങ്ങാതെ വന്നതോടെയാണ് ഇവർ ഗോഡൗണിന് മുന്നിൽ സംഘർഷമുണ്ടാക്കിയത്. സ്ഥാപന ഉടമയുടെ ഭർത്താവിനെ സിഐടിയു തൊഴിലാളികൾ കയ്യേറ്റം ചെയ്തെന്നും വ്യവസായ മന്ത്രിയുടെ ഓഫീസിന് നൽകിയ റിപ്പോർട്ടിലുണ്ട്.
അഞ്ച് താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തണം എന്നാവശ്യപ്പെട്ടുളള പ്രതിഷേധത്തിനിടയിലാണ് സിഐടിയു നേതാക്കൾ വനിതാ സംരംഭകയ്ക്ക് നേരെ കൊലവിളി നടത്തിയത്. ഇതിൽ സിഐടിയു നേതാവ് അനിൽ കുമാറടക്കം ഏഴ് പേർക്ക് എതിരെ പൊലീസ് കേസെടുത്തിരുന്നു. ഭർത്താവിനെ മർദ്ദിച്ചെന്നും ഗ്യാസ് ഏജൻസി ഉടമ ഉമ സുധീർ പരാതിയിലുണ്ട്. സംഭവത്തിൽ പട്ടികജാതി-പട്ടിക വർഗ കമ്മീഷനും പൊലീസിനോട് റിപ്പോർട്ട് തേടിയിട്ടുണ്ട്.