മദ്യപിച്ച് റോഡിൽ നിന്നതിന് ഇനി നിങ്ങളെ പൊലീസ് പിടിക്കില്ല!

Published : Apr 05, 2019, 12:50 PM IST
മദ്യപിച്ച് റോഡിൽ നിന്നതിന് ഇനി നിങ്ങളെ പൊലീസ് പിടിക്കില്ല!

Synopsis

മദ്യപിച്ച് വാഹനമോടിച്ചാലോ, പ്രശ്നങ്ങളുണ്ടാക്കിയാലോ മാത്രം നടപടി സ്വീകരിച്ചാൽ മതിയെന്നാണ് സിറ്റി പൊലീസ് കമ്മീഷണറുടെ നിർദ്ദേശം. മനുഷ്യാവകാശ കമ്മീഷന്‍റെ ഉത്തരവിന്‍റെ അടിസ്ഥാനത്തിലാണ് നിർദ്ദേശം.

തിരുവനന്തപുരം: മദ്യപിച്ചുവെന്ന കാരണത്താൽ ആരെയും അറസ്റ്റ് ചെയ്ത് സറ്റേഷനിൽ കൊണ്ടുപോകരുതെന്ന് സിറ്റി പൊലീസ് കമ്മീഷണറുടെ സർക്കുലർ. മദ്യപിച്ച് വാഹനമോടിച്ചാലോ, പ്രശ്നങ്ങളുണ്ടാക്കിയാലോ മാത്രം നടപടി സ്വീകരിച്ചാൽ മതിയെന്നാണ് നിർദ്ദേശം. മനുഷ്യാവകാശ കമ്മീഷന്‍റെ ഉത്തരവിന്‍റെ അടിസ്ഥാനത്തിലാണ് നിർദ്ദേശം.

മദ്യപരെ തോന്നുംപോലെ അറസ്റ്റ് ചെയ്യുന്ന നടപടി പൊലീസ് ഒഴിവാക്കണമെന്നായിരുന്നു മനുഷ്യാവകാശ കമ്മീഷൻ കഴിഞ്ഞ ദിവസം നിർദേശിച്ചത്. അകാരണമായി മദ്യപരെ അറസ്റ്റ് ചെയ്യുകയും കേസെടുക്കുകയും ചെയ്യരുതെന്ന് സംസ്ഥാന പൊലീസ് മേധാവിക്ക് മനുഷ്യാവകശ കമ്മീഷൻ  കർശന നിർദേശം നൽകിയിരുന്നു. തിരുവനന്തപുരം കല്ലിയൂർ സ്വദേശി സുരേഷ് ബാബുവിന്‍റെ പരാതിയുടെ അടിസ്ഥാനത്തായിരുന്നു കമ്മീഷന്‍റെ നടപടി. 

കൺസ്യൂമർഫെഡും, ബിവറേജസ് കോർപ്പറേഷനും വിറ്റഴിക്കുന്ന മദ്യം വാങ്ങിക്കഴിക്കുന്നവരെ പൊലീസ് അകാരണമായി അറസ്റ്റ് ചെയ്യുന്നുവെന്നായിരുന്നു സുരേഷ് ബാബുവിന്‍റെ പരാതി. തിരുവനന്തപുരം ഫോർട്ട് സബ്‌ഡിവിഷന് കീഴിൽ വരുന്ന നേമം പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരെയാണ് പ്രധാനമായും പരാതിയിൽ കുറ്റപ്പെടുത്തിയത്. എന്നാൽ തങ്ങൾ മദ്യപിച്ച് പൊതുസ്ഥലങ്ങളിലിരുന്ന് പ്രശ്നം ഉണ്ടാക്കുന്നവർക്ക് എതിരെയും പൊതുസ്ഥലങ്ങളിൽ മദ്യപിക്കുന്നവർക്ക് എതിരെയും മാത്രമാണ് നടപടിയെടുക്കുന്നതെന്നാണ് പൊലീസ് പറയുന്നത്. മതിയായ ജാമ്യവ്യവസ്ഥയിൽ ഇവരെ വിട്ടയക്കാറുണ്ടെന്നും ആർക്കെതിരെയും വ്യക്തിവൈരാഗ്യം മൂലം നടപടിയെടുത്തിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി.

എന്നാൽ പരാതിക്ക് ഇട നൽകാത്തവിധം നിയമപരമായി മാത്രമേ പൊലീസ് നടപടി സ്വീകരിക്കാവൂ എന്നും ആരെയും അനാവശ്യമായി ബുദ്ധിമുട്ടിക്കരുതെന്നും പൊലീസ് മേധാവി ഉറപ്പാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ നിർദ്ദേശിച്ചു.  ഇത് പ്രകാരം തിരുവനന്തപുരം സിറ്റി പൊലീസ് ഡെപ്യൂട്ടി കമ്മിഷണർ എല്ലാ അസിസ്റ്റന്‍റ് കമ്മിഷണർമാർക്കും അയച്ച കത്തിൽ, മദ്യപിച്ചുവെന്ന ഒറ്റക്കാരണത്താൽ ആരെയും അറസ്റ്റ് ചെയ്യരുതെന്ന് ആവശ്യപ്പെടിട്ടുണ്ട്.
 

PREV
click me!

Recommended Stories

രാഹുൽ മാങ്കൂട്ടത്തിലിന് ബലാത്സംഗ കേസിൽ മുൻകൂർ ജാമ്യം കിട്ടിയതിന് പിന്നാലെ സർക്കാരിന്റെ നിർണായക നീക്കം, റദ്ദാക്കാൻ ഇന്ന് ഹൈക്കോടതിയെ സമീപിക്കും
കെഎസ്ആർടിസി ബസ് കയറി 24കാരിക്ക് ദാരുണാന്ത്യം, അപകടം ഒന്നാം വിവാഹ വാർഷികം ആഘോഷിക്കാനെത്തിയപ്പോൾ