
ബെംഗളൂരു: കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയിയുടെ ആത്മഹത്യയില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. ഡിഐജി വംശി കൃഷ്ണയ്ക്കാണ് അന്വേഷണ ചുമതല നല്‍കിയിരിക്കുന്നത്. ബെംഗളൂരു സൗത്ത് ഡിവിഷൻ ഡിസിപി ലോകേഷും അന്വേഷണ സംഘത്തിലുണ്ട്. ആധായ നികുതി ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് കടുത്ത മാനസിക സമ്മർദ്ദം ഉണ്ടായെന്നാണ് റോയിയുടെ കുടുംബം പറയുന്നത്. എന്നാല്‍ ഉദ്യോഗസ്ഥര്‍ ഈ ആരോപണം നിഷേധിക്കുകയാണ്.
മരണ കാരണം കേന്ദ്ര ഏജൻസികളുടെ വേട്ടയാടൽ എന്നാണ് സിപിഎം വിമർശനം. സംഭവത്തിലെ ദുരൂഹത നീക്കണമെന്ന് കോൺഗ്രസും ആവശ്യപ്പെട്ടു. അതേസമയം സിജെ റോയിയുടെ സംസ്കാരം നാളെ ബെംഗുളൂരുവിൽ നടക്കും.റെയ്ഡുമായി ബന്ധപ്പെട്ട് മനുഷ്യത്വപരമായ സമീപനമല്ല കേന്ദ്ര ഏജന്‍സികള്‍ സ്വീകരിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും ഗൗരവമായ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ റോയിയെ മാനസിക സമ്മര്‍ദത്തിലാക്കുന്ന ഒരു നടപടിയും ഉണ്ടായിട്ടില്ലെന്നാണ് റെയ്ഡിന്‍റെ ഭാഗമായി ഐടി ഉദ്യോഗസ്ഥരുടെ അനൗദ്യോഗിക വിശദീകരണം.
ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ പീഡനത്തില്‍ മനംനൊന്താണ് സി.ജെ.റോയിയുടെ ആത്മഹത്യയെന്ന കുടുംബത്തിന്‍റെ വാദത്തിനു പിന്നാലെയാണ് കേന്ദ്ര ഏജന്‍സികള്‍ക്കെതിരായ സിപിഎം വിമര്‍ശനം. റോയിയുടെ ആത്മഹത്യയ്ക്ക് ശേഷവും റെയ്ഡ് തുടര്‍ന്നുവെന്ന ആരോപണമടക്കം ഉയര്‍ത്തുകയാണ് സിപിഎം സംസ്ഥാന സെക്രട്ടറി. സുപ്രീംകോടതി വിഷയം പരിശോധിക്കണമെന്ന് നിയമന്ത്രി പി.രാജീവും ആവശ്യപ്പെട്ടു. ഉത്തരവാദപ്പെട്ട ഏജന്‍സികള്‍ വിഷയം അന്വേഷിക്കണമെന്ന ആവശ്യമാണ് പ്രതിപക്ഷ നേതാവും ഉന്നയിച്ചത്.
എന്നാല്‍ ആരോപണങ്ങള്‍ പാടെ നിഷേധിക്കുകയാണ് റെയ്ഡിന്‍റെ ഭാഗമായ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍. എല്ലാ നിയമങ്ങളും പാലിച്ചാണ് കോണ്‍ഫിഡന്‍റ് ഗ്രൂപ്പിലെ റെയ്ഡ് നടന്നതെന്ന് ഉദ്യോഗസ്ഥര്‍ അവകാശപ്പെടുന്നു.അന്വേഷണവുമായി ബന്ധപ്പെട്ട് റോയിയുടെ മൊഴിയെടുപ്പ് ഉള്‍പ്പെടെയുളള നടപടികള്‍ സ്വതന്ത്ര സാക്ഷിയുടെ സാന്നിധ്യത്തില്‍ വ്യാഴാഴ്ച തന്നെ പൂര്‍ത്തിയാക്കിയിരുന്നുവെന്നാണ് ഉദ്യോഗസ്ഥരുടെ വാദം. വെളളിയാഴ്ച പരിശോധനകള്‍ തുടരുന്നതിനിടെ ഓഫിസിലെത്തിയ റോയ് സ്വന്തം ഓഫീസ് മുറിയില്‍ കയറി സ്വയം വെടിയുതിര്‍ക്കുകയായിരുന്നെന്നും ഐടി വൃത്തങ്ങള്‍ പറയുന്നു. കേന്ദ്ര സര്‍ക്കാരിനെതിരെ പോലും വിമര്‍ശനമുയരുന്ന വിധം രാഷ്ട്രീയ വിഷയമായി റോയിയുടെ ആത്മഹത്യ മാറിയിട്ടും സംഭവവുമായി ബന്ധപ്പെട്ട് ഔദ്യോഗികമായ പ്രതികരണം ഇനിയും ഐടി വകുപ്പില്‍ നിന്ന് ഉണ്ടായിട്ടില്ലെന്നതും ശ്രദ്ധേയം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam