വിദ്യാർത്ഥിയുടെ കർണ്ണപടം അടിച്ച് പൊട്ടിച്ച സംഭവം; ഹെഡ്‍മാസ്റ്റർക്കെതിരെ നടപടിയുണ്ടായേക്കും, ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടർ റിപ്പോർട്ട് സമർപ്പിച്ചു

Published : Aug 18, 2025, 08:21 PM IST
ear drum broken

Synopsis

അന്വേഷണത്തിന്‍റെ ഭാഗമായി വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ വി മധുസൂദനൻ ഇന്ന് കുണ്ടംകുഴി സ്കൂളിലെത്തി ഹെഡ്മാസ്റ്റർ എം അശോകന്റെയും പരിക്കേറ്റ വിദ്യാർത്ഥിയുടെയും മൊഴി രേഖപ്പെടുത്തിയിരുന്നു.

കാസർകോട്: കാസർകോട് കുണ്ടംകുഴി ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ഹെഡ്മാസ്റ്റർ പത്താം ക്ലാസ് വിദ്യാർത്ഥിയുടെ കർണ്ണപടം അടിച്ച് പൊട്ടിയ സംഭവത്തില്‍ ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടർ റിപ്പോർട്ട് സമർപ്പിച്ചു. പൊതു വിദ്യാഭ്യാസ ഡയറക്ടർക്കാണ് റിപ്പോർട്ട് സമർപ്പിച്ചത്. അന്വേഷണത്തിന്‍റെ ഭാഗമായി വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ വി മധുസൂദനൻ ഇന്ന് കുണ്ടംകുഴി സ്കൂളിലെത്തി ഹെഡ്മാസ്റ്റർ എം അശോകന്റെയും പരിക്കേറ്റ വിദ്യാർത്ഥിയുടെയും മൊഴി രേഖപ്പെടുത്തിയിരുന്നു. റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തില്‍ ഹെഡ്മാസ്റ്റർ എം അശോകനെതിരെ നടപടിയുണ്ടായേക്കും. അതിനിടെ, സംഭവത്തിൽ ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു.

കഴിഞ്ഞ തിങ്കളാഴ്ചയാണ് കുണ്ടംകുഴി ജിഎച്ച്എസ്എസിലെ അസംബ്ലിക്കിടെ പത്താം ക്ലാസുകാരനെ ഹെഡ്മാസ്റ്റർ അടിച്ച് കർണ്ണപടം പൊട്ടിച്ചത്. സംഭവത്തിൽ മാധ്യമ വാർത്തകൾ വന്നതോടെ ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറോടും ജുവനൈൽ പൊലീസ് നോഡൽ ഓഫീസറോടും അടിയന്തിര റിപ്പോർട്ട് നൽകാൻ നിർദേശിച്ചിട്ടുമുണ്ട്. നാളെ കുട്ടിയുടെ വീട്ടിൽ കമ്മീഷൻ സന്ദർശനം നടത്തും. കുട്ടിയെ അസംബ്ലിയിൽ വച്ച് അടിക്കുന്നത് കണ്ട അനിയത്തിക്ക് മാനസിക വിഷമം മൂലം ഛർദിയും തലകറക്കവുമുണ്ടായെന്ന് കുട്ടിയുടെ അമ്മ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സംഭവത്തിൽ വിശദമായ പരിശോധന ഉണ്ടാകുമെന്നും വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ അന്വേഷിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി.

അതേസമയം, അടിച്ചത് ലക്ഷ്യം തെറ്റിയതാണെന്ന് ഹെഡ്മാസ്റ്റർ വിശദീകരിച്ചെന്ന് പിടിഎ പ്രസിഡൻ്റ് പറഞ്ഞു. ഒരു ലക്ഷം രൂപ വാഗ്ദാനം ചെയ്തെന്ന ആരോപണം തെറ്റാണെന്നും ഇദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതിനിടെ, ഹെഡ്മാസ്‌റ്ററെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ രാഷ്ട്രീയ പാർട്ടികൾ സ്കൂളിലേക്ക് മാർച്ച് നടത്തി. യൂത്ത് കോൺഗ്രസ് മാർച്ചിൽ നേരിയ സംഘർഷമുണ്ടായി.

PREV
Read more Articles on
click me!

Recommended Stories

ജൂനിയർ അഭിഭാഷകയെ മര്‍ദ്ദിച്ച കേസ്: കുറ്റപത്രം സമർപ്പിച്ച് പൊലീസ്, അടുത്ത മാസം വായിച്ച് കേള്‍പ്പിക്കും
'പൾസർ സുനിക്കും ദിലീപിനും പരസ്പരം അറിയാം, വിവരം വിചാരണക്കോടതിയെ അറിയിച്ചിട്ടുണ്ട്'; പ്രതികരിച്ച് സുനിയുടെ അഭിഭാഷകൻ