Mofia : എസ്.പിയെ കാണാനെത്തിയ മൊഫിയയുടെ സഹപാഠികളെ കസ്റ്റഡിയിലെടുത്തു: എസ്.പി ഓഫീസിന് മുന്നിൽ സംഘർഷം

By Web TeamFirst Published Nov 25, 2021, 5:48 PM IST
Highlights

ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെ വിദ്യാർത്ഥികൾ എസ്.പി ഓഫീസിലേക്ക് മാർച്ച് നടത്തിയിരുന്നു. 

ആലുവ: ഭർത്തൃവീട്ടിലെ പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത നിയമവിദ്യാർത്ഥി മൊഫിയയുടെ സഹപാഠികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. എറണാകുളം റൂറൽ എസ്.പിയെ നേരിൽ കണ്ട് പരാതി നൽകാനെത്തിയ വിദ്യാർത്ഥികളെയാണ് പൊലീസ് കസ്റ്റഡയിലെടുത്തത്. അൽ ഹസ്സർ കോളേജിൽ മൊഫിയയുടെ സഹപാഠികളായ 17 നിയമവിദ്യാർത്ഥികളെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. എസ്.പിക്ക് പരാതി നൽകാൻ എത്തിയപ്പോൾ ആണ് തങ്ങളെ അറസ്റ്റ് ചെയ്തതെന്നാണ് വിദ്യാർത്ഥികൾ ആരോപിക്കുന്നത്. 

എന്നാൽ  എസ്.പി ഓഫീസിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചതിനലാണ് വിദ്യാർത്ഥികളെ കസ്റ്റഡിയിലെടുത്തതെന്ന് പൊലീസ് അറിയിച്ചു. കസ്റ്റഡിയിലെടുത്ത വിദ്യാർത്ഥികളെ എ.ആർ ക്യാപിലേക്ക് മാറ്റി. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെ വിദ്യാർത്ഥികൾ എസ്.പി ഓഫീസിലേക്ക് മാർച്ച് നടത്തിയിരുന്നു. ഈ മാർച്ച് പൊലീസ് തടഞ്ഞു. പിന്നീട് എസ്.പിയെ നേരിൽ കണ്ട് പരാതി നൽകണം എന്ന വിദ്യാർത്ഥികൾ ആവശ്യപ്പെട്ട സാഹചര്യത്തിൽ 17 പേരെ ഓഫീസിലേക്ക് പ്രവേശിക്കാൻ അനുവദിച്ചു. എന്നാൽ ഇവർ എസ്.പി ഓഫീസിന് മുന്നിൽ കുത്തിയിരുന്നു പ്രതിഷേധിച്ചപ്പോൾ അറസ്റ്റ് ചെയ്തു നീക്കിയെന്നാണ് പൊലീസ് ഭാഷ്യം. മൊഫിയ പർവീണിൻ്റെ മരണത്തിൽ ആരോപണം നേരിടുന്ന മുൻ ആലുവ സി.ഐ സുധീറിനെതിരെ നടപടി ആവശ്യപ്പെട്ടാണ് വി​ദ്യാ‍ർത്ഥികളുടെ പ്രതിഷേധം. 

അതേദിവസം പൊലീസ് സ്റ്റേഷനിൽ വച്ച സി.ഐയെ സാക്ഷിയാക്കി ഭ‍ർത്താവ് സുഹൈൽ മൊഫിയയെ അപമാനിച്ചു സംസാരിച്ചെന്ന് മാതാവ് പ്യാരി ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തി. പൊലീസ് ഉദ്യോ​ഗസ്ഥരുടെ സാന്നിധ്യത്തിൽ സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിൽ സംസാരിച്ചിട്ടു0 സിഐ സുധീർ പ്രതികരിച്ചില്ലെന്നും ഒരു പെണ്ണിനും സഹിക്കാനാവാത്ത രീതിയിൽ സുഹൈൽ സംസാരിച്ചതു കൊണ്ടാണ് മോഫിയ സുഹൈലിനെ അടിച്ചതെന്നും മാതാവ് പറയുന്നു.

ഇതോടെ നീ മനോരോഗിയല്ലേ എന്ന് ചോദിച്ച് കൊണ്ട് സിഐ മൊഫിയക്ക് നേരെ തിരിഞ്ഞു. സി.ഐയുടെ ഏകപക്ഷീയമായ ഈ പെരുമാറ്റമാമ് മൊഫിയയെ മാനിസകമായി തക‍ർത്തത്.  നിയമത്തിന് മുന്നിൽ മനോരോഗിയായ തനിക്ക് നീതി കിട്ടില്ലെന്ന് മകൾ പറഞ്ഞിരുന്നു സി.ഐയുടെ മോശം പെരുമാറ്റവും ഭർത്താവിൽ നിന്നുണ്ടായ ആക്ഷേപത്തിലും മനംനൊന്താണ് മൊഫിയ ജീവനൊടുക്കിയതെന്നും അമ്മ ആരോപിക്കുന്നു. 

മൊഫിയയുടെ പരാതി സി.ഐ കൈകാര്യം ചെയ്തതിൽ വീഴ്ചയെന്ന് റിപ്പോ‍ർട്ട്

ഗാർഹിക പീഡന കേസിലെ   പരാതിക്കാരി  മൊഫിയ ആത്മഹത്യ ചെയ്ത സംഭവത്തിൽ കേസ് എടുക്കുന്നതിൽ സിഐയ്ക്ക് ഗുരുത വീഴ്ചയെന്ന് പോലീസ് റിപ്പോർട്ട്. ഒക്ടോബർ 29 ന് പരാതി കിട്ടിയിട്ടും 25 ദിവസം സിഐ,  സി.എൽ സുധീർ കേസ് എടുത്തില്ലെന്നാണ് വകുപ്പ്തല അന്വേഷണത്തിലെ കണ്ടെത്തൽ. 

ഭർത്താവ്  മുഹമ്മദ് സുഹൈലിൻറെയും മാതാപിതാക്കളുടെ പീഡനത്തിനെതിരെ ഒക്ടോബർ 29-ന് മൊഫിയ പർവീൺ പരാതി നൽകിയിട്ടും പോലീസ് കേസെടുക്കാൻ തയ്യാറായത് പെൺകുട്ടി ആത്മഹത്യ ചെയ്തപ്പോൾ മാത്രമാണെന്നാണ്  ഡിഐജി നീരജ് കുമാർ ഗുപത  നടത്തിയ അന്വേഷണത്തിലെ കണ്ടെത്തൽ . ആലുവ എസ്പിയ്ക്ക് ലഭിച്ച പരാതി  ഒക്ടോബർ 29ന്  തുടർ നടപടികൾക്കായി ആലുവ ഈസ്റ്റ് സിഐ സി.എൽ സുധീറിന് കൈമാറി. സുധീർ കേസിലെ തുടർ നടപടി മറ്റൊരു ഉദ്യോഗസ്ഥനെ ഏൽപ്പിച്ചു. എന്നാൽ കേസ് എടുക്കുന്നതടക്കമുള്ള കാര്യങ്ങളിൽ കാര്യമായ മേൽനോട്ടം ഉണ്ടായില്ലെന്ന് റിപ്പോർ‍ട്ട്  വ്യക്തമാക്കുന്നു. 

ഇക്കാര്യത്തിൽ സിഐ നൽകിയ വിശദീകരണം ഇങ്ങനെയാണ്. സ്റ്റേഷനിലെ ദൈനംദിന ചുമതലകളുടെ ബാഹുല്യം കാരണം അന്വേഷണം മറ്റൊരാളെ എൽപ്പിച്ചു. ഈ ഉദ്യോഗസ്ഥൻ ഇരു വീട്ടുകാരുമായി ബന്ധപ്പെട്ടിരുന്നു. എറ്റവും ഒടുവിൽ നവം 18 ന് സ്റ്റേഷനിൽ ഹാജരാകാൻ ആവശ്യപ്പെട്ടു. എന്നൽ അന്ന് പരീക്ഷയുടെ കാരണ പറഞ്ഞ് മോഫിയ ഹാജരായില്ലെന്നാണ് സിഐ വിശദീകരണ നൽകിയിട്ടുള്ളത്.   ഡിഐജിയുടെ റിപ്പോർട്ട് തുടർ നപടികൾക്കായി ഡിജിപിയ്ക്ക് കൈമാറിയിട്ടുണ്ട്. ആരോപണവിധേയനായ സി.ഐ സുധീറിനെ ഇതിനോടകം സ്റ്റേഷൻ ചുമതലയിൽ നിന്നും മാറ്റിയിട്ടുണ്ട്. 

മൊഫിയ കേസിൽ പ്രക്ഷോഭം ശക്തമാക്കി കോൺ​ഗ്രസ് 

ഉത്ര കേസിലും ആരോപണം നേരിട്ട സുധീറിനെതിരെ കടുത്ത നടപടി ആവശ്യപ്പെട്ട് കോൺ​ഗ്രസ് ശക്തമായ പ്രതിഷേധം തുടരുകയാണ്. മരണത്തിൽ സർക്കിൾ ഇൻസ്പെക്ടറെ സസ്പെൻഡ് ചെയ്യണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് നടത്തിയ മാർച്ച് സംഘർഷത്തിൽ കലാശിച്ചു. പ്രവർത്തകർക്കുനേരെ പൊലീസ് ജലപീരങ്കിയും കണ്ണീർ വാതകവും പ്രയോഗിച്ചു. ഇതിനിടെ ഉദ്യോഗസ്ഥനെതിരെ നടപടിയാവശ്യപ്പെട്ട് ബെന്നി ബഹനാൻ എം പി അടക്കമുളളവരുടെ പൊലീസ് സ്റ്റേഷന് മുന്നിലെ സമരം തുടരുകയാണ്.

ഗാ‍ർഹിക പീ‍ഡനത്തെത്തുടർന്ന് ആത്മഹത്യചെയ്ത മോഫിയയുടെ മരണത്തിൽ സർക്കിൾ ഇൻസ്പെക്ടർ സുധീറിനെ സ്ഥലം മാറ്റിയാൽപ്പോര സസ്പെൻഡ‍് ചെയ്യണമെന്നാവശ്യപ്പെട്ടാണ് അറുനൂറോളം പേരാണ് ഇന്ന് എസ്.പി ഓഫീസിലേക്ക് മാർച്ച് നടത്തിയത്. എസ് പി ഓഫീസിന് സമീപം പ്രകടനം ബാരിക്കേഡ് ഉപയോഗിച്ച് പൊലീസ് തടഞ്ഞു. ഇതോടെ ബാരിക്കേഡിന് മുകളിലേക്ക് ചാടിക്കയറിയ പ്രവർത്തകരെ ജലപീരങ്കിയുപയോഗിച്ച്  പൊലീസ് നേരിട്ടു. ഇതിനിടെ പൊലീസിനുനേർക്ക് കല്ലേറും മുട്ടയേറുമുണ്ടായി. 

പൊലീസ് ജലപിരങ്കിയും പിന്നീട് കണ്ണീ‍ർവാതകഷെല്ലുകളും പ്രയോ​ഗിച്ചതോടെ പ്രവ‍ർത്തക‍ർ ചിതറിയോടി. കുഴഞ്ഞ വീണവരെ പ്രവർത്തകർ ആശുപത്രിയിലേക്ക് മാറ്റി. പുകയൊന്നടങ്ങിയതോടെ പ്രവർത്തകർ വീണ്ടും സംഘടിപ്പിച്ചു. ഒടുവിൽ സമരം തൽക്കാലത്തേക്ക് അവസാനിപ്പിക്കുകയാണെന്ന് ഡിസിസി പ്രസിഡൻറ് മുഹമ്മദ് ഷിയാസ് അറിയിച്ചു.  എന്നാൽ ചാലക്കുടി എം.പി ബെന്നി ബഹനാൻ അടക്കമുളളവർ ആലുവ ഈസ്റ്റ് സ്റ്റേഷൻ മുറ്റത്ത് പ്രതിഷേധം തുടർന്നു. ഉദ്യോഗസ്ഥനെ വെളളപശി രക്ഷക്കാനാണ് ശ്രമമെന്നാണ് ഇവരുടെ പരാതി.


 

click me!