മകളുടെ മരണശേഷം കാണാതായ പോത്തൻകോട്ടെ വീട്ടമ്മയെ പത്ത് വർഷത്തിന് ശേഷം കണ്ടെത്തി

Published : Nov 25, 2021, 04:59 PM IST
മകളുടെ മരണശേഷം കാണാതായ പോത്തൻകോട്ടെ വീട്ടമ്മയെ പത്ത് വർഷത്തിന് ശേഷം കണ്ടെത്തി

Synopsis

മകൾ അനു നന്ദന ട്രെയിനിൽ നിന്ന് വീണ് മരിച്ചതിന് ശേഷമാണ് ശാന്തയ്ക്ക് മാനസികപ്രശ്നങ്ങളുണ്ടായത്. ഈ മരണത്തിന് ശേഷം വീട്ടിൽ ഒറ്റയ്ക്കായിരുന്നു ശാന്ത

തിരുവനന്തപുരം: പോത്തൻകോട് നിന്നും പത്തു വർഷം മുൻപ് കാണാതായ വീട്ടമ്മയെ ഒടുവിൽ കണ്ടെത്തി. കൊടിക്കുന്നിൽ സ്വദേശിയായ ശാന്തയെ ആസിയ മിഷൻ എന്ന സംഘടനയാണ് ഒഡീഷയിലെ തെരുവിൽ നിന്ന്  കണ്ടെത്തി കേരളത്തിൽ തിരിച്ചെത്തിച്ചത്. 2011ൽ അയിരൂപ്പാറയിലെ വീട്ടിൽ നിന്നാണ് ശാന്തയെ കാണാതായത്.

മകൾ അനു നന്ദന ട്രെയിനിൽ നിന്ന് വീണ് മരിച്ചതിന് ശേഷമാണ് ശാന്തയ്ക്ക് മാനസികപ്രശ്നങ്ങളുണ്ടായത്. ഈ മരണത്തിന് ശേഷം വീട്ടിൽ ഒറ്റയ്ക്കായിരുന്നു ശാന്ത.  പെട്ടെന്നൊരു ദിവസം ശാന്തയെ കാണാതായതിന് പിന്നാലെ പോത്തൻകോട് പൊലീസ് കേസെടുത്ത് അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല.  ശാന്തയെ കണ്ടെത്താനായില്ലെന്ന് കാട്ടി പൊലീസ് 2012 ൽ റിപ്പോർട്ട് നൽകുകയും ചെയ്തു. പിന്നീട് തുടർനീക്കങ്ങളൊന്നും ഉണ്ടായതുമില്ല.

ഒടുവിൽ  മാനസികാസ്വാസ്ഥ്യങ്ങളുള്ള നിലയിൽ 2020 ഏപ്രിൽ 20നാണ് ശാന്തയെ ഒഡീഷയിൽ കണ്ടെത്തിയത്. ആസിയ മിഷൻ എന്ന സന്നദ്ധ സംഘടന ശാന്തയെ വെസ്റ്റ് മുംബൈയിലെ  ശ്രദ്ധ ഫൗണ്ടേഷൻ എന്ന സന്നദ്ധ സംഘടനയുടെ പരിചരണത്തിലാക്കി. പിന്നീട് ഇവരുടെ വിലാസം തിരിച്ചറിയാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. ഇതിനൊടുവിലാണ് പോത്തൻകോട് നിന്നാണ് ശാന്തയെ കാണാതായതെന്ന് കണ്ടെത്തിയത്. തുടർന്ന് സന്നദ്ധ സംഘടന ഇടപെട്ടാണ് ശാന്തയെ പോത്തൻകോട് പൊലീസ് സ്റ്റേഷനിലെത്തിച്ചത്. കോടതിയിൽ ഹാജരാക്കിയതിന് ശേഷം ശാന്തയെ സഹോദരനൊപ്പം വിട്ടയച്ചു. 

PREV
Read more Articles on
click me!

Recommended Stories

ദേശീയപാത ഇടിഞ്ഞുതാഴ്ന്ന സംഭവം: കേന്ദ്രമന്ത്രിക്ക് കത്തയച്ച് മന്ത്രി പി എ മുഹമ്മദ്‌ റിയാസ്
സെപ്റ്റിക് ടാങ്കിൽ വീണ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം കണ്ണൂരിൽ