
തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ക്ലർക്കിനെ സസ്പെൻ്റ് ചെയ്തു. തിരുവനന്തപുരം റവന്യൂ ഡിവിഷൻ ഓഫീസ് ക്ലർക്ക് ആർ.പി സന്തോഷ് കുമാറിനെയാണ് സർവീസിൽ നിന്ന് അന്വേഷണ വിധേയമായി സസ്പെൻ്റ് ചെയ്തത്. ഐഎഎസ് ഉദ്യോഗസ്ഥയുടെ ഗുരുതര സ്വഭാവമുള്ള പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. രാത്രി വൈകി നിരവധി തവണ ശല്യം ചെയ്തപ്പോൾ ഉദ്യോഗസ്ഥ സന്തോഷിന് താക്കീത് നൽകിയിരുന്നു. ഇതിന് പിന്നാലെ ഇയാൾ വാട്‌സ്ആപ്പിൽ സന്ദേശം അയച്ചു. ലൈംഗിക പീഡന പരിധിയിൽ വരുന്നതാണ് പരാതിയെന്ന് വകുപ്പുതല അന്വേഷണത്തിലും കണ്ടെത്തിയതോടെയാണ് സന്തോഷിനെ സസ്പെൻ്റ് ചെയ്തത്. ഉദ്യോഗസ്ഥ ചൊവ്വാഴ്ചയാണ് റവന്യൂ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് പരാതി നൽകിയത്.
മെയ് ആറിന് രാത്രി 11 മണിക്കും മെയ് ഏഴിന് രാവിലെ എട്ട് മണിക്കും ഇടയിൽ നിരവധി തവണയാണ് സന്തോഷ് ഐഎഎസ് ഉദ്യോഗസ്ഥയെ ഫോണിൽ വിളിച്ചത്. ശല്യം സഹിക്കാൻ കഴിയാതെ വന്നതോടെ ഉദ്യോഗസ്ഥ ഇനി വിളിക്കരുതെന്ന് സന്തോഷിനെ താക്കീത് ചെയ്തിരുന്നു. എന്നാൽ അതിന് ശേഷവും സന്തോഷ് തുടർച്ചയായി വിളിച്ചു. ഔദ്യോഗിക പദവിക്ക് നിരക്കാത്ത തരത്തിൽ വാട്സ്ആപ്പിൽ ഇയാൾ സന്ദേശങ്ങളും അയച്ചു.
തുടർന്ന് യുവ ഐഎഎസ് ഓഫീസറായ പരാതിക്കാരി രേഖാമൂലം പരാതി നൽകുകയായിരുന്നു. പ്രഥമദൃഷ്ട്യാ പരാതിയിൽ കഴമ്പുണ്ടെന്ന് വകുപ്പുതലത്തിൽ നടത്തിയ പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിരുന്നു. സസ്പെൻഷൻ എത്ര കാലത്തേക്കെന്ന് ഉത്തരവിൽ വ്യക്തമാക്കിയിട്ടില്ല. അതേസമയം ഉപജീവനബത്ത സന്തോഷ് കുമാറിന് സസ്പെൻഷൻ കാലയളവിൽ ലഭിക്കും. 2019 കേരള കേഡർ ഐഎഎസ് ഓഫീസറാണ് പരാതിക്കാരി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam