തലസ്ഥാനത്തെ കൊവിഡ് വ്യാപനം നാണക്കേടെന്ന് മുഖ്യമന്ത്രി, സ്വകാര്യ സ്ഥാപനം ജീവനക്കാരെ എത്തിച്ചത് പരിശോധിക്കണം

By Web TeamFirst Published Jul 20, 2020, 10:14 PM IST
Highlights

ലോക്ക് ഡൗൺ നിയന്ത്രണങ്ങൾക്കിടയിലും തലസ്ഥാനത്തുണ്ടായ രോഗവ്യാപനം സംസ്ഥാനത്തിനാകെ നാണക്കേടുണ്ടാക്കുന്ന തരത്തിലുള്ളതാണെന്ന് അവലോകന യോ​ഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു

തിരുവനന്തപുരം: ട്രിപ്പിൾ ലോക്ക് ഡൗണിനിടെ തിരുവനന്തപുരത്ത് കൊവിഡ് വ്യാപിച്ച സംഭവം നാണക്കേടെന്ന് മുഖ്യമന്ത്രി. ജൂലൈ 16-ന് നടന്ന അവലോകനയോ​ഗത്തിലാണ് മുഖ്യമന്ത്രി തിരുവനന്തപുരത്തെ രോ​ഗവ്യാപനത്തിൽ രൂക്ഷമായ വിമ‍ർശനം ഉന്നയിച്ചത്. 

ലോക്ക് ഡൗൺ നിയന്ത്രണങ്ങൾക്കിടയിലും തലസ്ഥാനത്തുണ്ടായ രോഗവ്യാപനം സംസ്ഥാനത്തിനാകെ നാണക്കേടുണ്ടാക്കുന്ന തരത്തിലുള്ളതാണ്. ട്രിപ്പിൾ ലോക്ക് ഡൗണിനിടയിലും ജനതിരക്കേറിയ അട്ടക്കുളങ്ങരയിലെ വസ്ത്രശാല എങ്ങനെ പ്രവ‍ർത്തിച്ചുവെന്ന് മുഖ്യമന്ത്രി അവലോകന യോ​ഗത്തിൽ ചോദിച്ചു. ഇക്കാര്യം പരിശോധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇവിടെ സാധനങ്ങൾ വാങ്ങാനെത്തിയവരെ പരിശോധിച്ചാൽ കാര്യത്തിൻ്റെ ​ഗൗരവം ബോധ്യപ്പെടുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

അട്ടക്കുളങ്ങരയിലെ സ്വകാര്യ ഷോപ്പിം​ഗ് സെന്ററിലെ അറുപതോളം ജീവനക്കാ‍ർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.  ജൂൺ മാസത്തിൽ തന്നെ തമിഴ്നാട്ടിൽ നിന്നും സ്ഥാപനത്തിലേക്ക്  ആളുകളെ എത്തിച്ച കാര്യം ഇൻ്റലിജൻസ്  അറിയിച്ചിട്ടും ഇക്കാര്യത്തിൽ തുട‍ർനടപടികളുണ്ടായില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. വിഷയം പരിശോധിക്കാനും തുട‍ർ നടപടികൾ സ്വീകരിക്കാനും അഭ്യന്തര, തദ്ദേശസ്വയംഭരണ, ആരോ​ഗ്യവകുപ്പുകൾക്ക് മുഖ്യമന്ത്രി നി‍ർദേശം നൽകി.

അതേസമയം കൊവിഡ് പ്രോട്ടോക്കോൾ പാലിക്കാതെ തുറന്നു പ്രവർത്തിച്ച തിരുവനന്തപുരം അട്ടക്കുളങ്ങരയിലെ രാമചന്ദ്ര ടെക്സ്റ്റൈൽസ്, പോത്തീസ് എന്നീ സ്ഥാപനങ്ങൾ നഗരസഭ അടച്ചു പൂട്ടി. രണ്ട് സ്ഥാപനങ്ങളുടേയും ലൈസൻസും റദ്ദാക്കിയിട്ടുണ്ട്. മുന്നറിയിപ്പുകൾ അവഗണിച്ചും ആളുകളെ മുൻകരുതൽ ഇല്ലാതെ പ്രവേശിപ്പിച്ചതിനും തിരുവനന്തപുരത്തെ കൊവിഡിൻ്റെ സാമൂഹിക വ്യാപനത്തിന് ഇരുസ്ഥാപനങ്ങളുടേയും പ്രവർത്തനം കാരണമായെന്നും ചൂണ്ടിക്കാട്ടിയാണ് കോർപ്പറേഷൻ ലൈസൻസ് റദ്ദാക്കിയത്. അട്ടക്കുളങ്ങര രാമചന്ദ്രയിലെ 71 ജീവനക്കാർക്ക് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 


 

click me!