'പ്രതിപക്ഷത്ത് കുഞ്ഞാലിക്കുട്ടി ഉണ്ടാകുന്നത് നല്ലതല്ലേ', രാജിയെക്കുറിച്ച് മുഖ്യമന്ത്രി

Published : Jan 01, 2021, 07:00 PM IST
'പ്രതിപക്ഷത്ത് കുഞ്ഞാലിക്കുട്ടി ഉണ്ടാകുന്നത് നല്ലതല്ലേ', രാജിയെക്കുറിച്ച് മുഖ്യമന്ത്രി

Synopsis

''നിയമസഭയിലുണ്ടായിരുന്ന കുഞ്ഞാലിക്കുട്ടി എന്തോ പ്രത്യേക സാഹചര്യം വച്ച് ലോക്സഭയിലേക്ക് പോകണമെന്ന് തീരുമാനിച്ചു. ഇപ്പോഴത് അവസാനിപ്പിച്ച് അദ്ദേഹം തിരികെ വരുന്നു''

തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാതെരഞ്ഞെടുപ്പിൽ പ്രതിപക്ഷത്ത് കുഞ്ഞാലിക്കുട്ടിയെപ്പോലൊരാൾ ഉണ്ടാകുന്നത് നല്ലതല്ലേയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭയിലുണ്ടായിരുന്ന കുഞ്ഞാലിക്കുട്ടി ലോക്സഭാതെരഞ്ഞെടുപ്പ് വന്നപ്പോൾ എന്തോ പ്രത്യേകസാഹചര്യം കണക്കിലെടുത്ത്, ആ ലക്ഷ്യം വച്ച് ലോക്സഭയിലേക്ക് പോകണമെന്ന് തീരുമാനിച്ചു. അത് ഇപ്പോൾ അവസാനിപ്പിച്ച് അദ്ദേഹം തിരികെ വരുന്നു. 

''കുഞ്ഞാലിക്കുട്ടിയെപ്പോലൊരാൾ പ്രതിപക്ഷത്ത് കേരള നിയമസഭയിൽ ഉണ്ടാകുന്നത് നല്ലതാണെന്നാണ് എന്‍റെ അഭിപ്രായം. അതിലെനിക്ക് അഭിപ്രായവ്യത്യാസമില്ല'', എന്ന് ചിരിച്ചുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു. 

വരാനിരിക്കുന്ന നിയമസഭാതെരഞ്ഞെടുപ്പിൽ തിരുവനന്തപുരം കേന്ദ്രീകരിച്ച് പ്രവർത്തിക്കാൻ കുഞ്ഞാലിക്കുട്ടി എംപി സ്ഥാനം രാജിവച്ച് തിരികെ വരുന്നതിനെതിരെയാണ് മുഖ്യമന്ത്രിയുടെ രൂക്ഷപരിഹാസം. 'പ്രതിപക്ഷത്ത് കുഞ്ഞാലിക്കുട്ടിയുണ്ടാകുന്നത് നല്ലതാണല്ലോ' എന്ന പരാമർശത്തിലൂടെ, അടുത്ത തെരഞ്ഞെടുപ്പിലും യുഡിഎഫ് പ്രതിപക്ഷത്ത് തന്നെ തുടരുമെന്ന് വാക്കുകൾക്കിടയിലൂടെ മുഖ്യമന്ത്രി പറയുന്നു. 

ലീഗാണ് യുഡിഎഫിന് നേതൃത്വം നൽകുന്നതെന്നും, കോൺഗ്രസ് രണ്ടാംകിടയായി തരംതാഴ്ന്നു കഴിഞ്ഞെന്നുമുള്ള തരത്തിൽ മുഖ്യമന്ത്രി പ്രതികരിച്ചതിനെതിരെ കോൺഗ്രസ് നേതൃത്വം രൂക്ഷവിമർശനവുമായി രംഗത്തെത്തിയതാണ്. വെൽഫെയർ പാർട്ടിയുമായി സഖ്യമുണ്ടാക്കിയ മുസ്ലിം ലീഗടക്കമുള്ള യുഡിഎഫിനെതിരെ മുസ്ലിം സമുദായത്തിന്‍റെ അട്ടിപ്പേറവകാശം ലീഗിനല്ല എന്ന പരാമർശം പിണറായി നടത്തിയതും, ലീഗിനെ പ്രകോപിപ്പിച്ചു. കേരളത്തിന്‍റെ മൊത്തം അട്ടിപ്പേറവകാശം മുഖ്യമന്ത്രിക്കുമില്ല എന്നാണ് ലീഗ് സംസ്ഥാനസെക്രട്ടറി കെപിഎ മജീദ് ഇതിനോട് പ്രതികരിച്ചത്.

PREV
click me!

Recommended Stories

Malayalam News Live:ശബരിമലയിൽ ഇന്നലെ ദർശനം നടത്തിയത് 110979 ഭക്തർ
Local Body Elections LIVE : തദ്ദേശ തെരഞ്ഞെടുപ്പ്; ഏഴു ജില്ലകള്‍ ഇന്ന് പോളിംഗ് ബൂത്തിലേക്ക്