
തിരുവനന്തപുരം: മൂന്നാം ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എയെ അറസ്റ്റ് ചെയ്തത് മുഖ്യമന്ത്രി പിണറായിയുടെ നിർദേശ പ്രകാരം. പരാതിക്കാരി അയച്ച വൈകാരികമായ ശബ്ദസന്ദേശം മുഖ്യമന്ത്രി കേട്ടതോടെയാണ് ഡി ജി പിക്ക് അടിയന്തര നിർദ്ദേശം നൽകിയത്. രാഹുൽ പുറത്തുനിൽക്കുന്നത് തന്റെ കുടുംബത്തിന് ഭീഷണിയാണെന്നും അറസ്റ്റ് വൈകുന്നതിൽ വലിയ ആശങ്കയുണ്ടെന്നും സന്ദേശത്തിൽ പരാതിക്കാരി വ്യക്തമാക്കിയിരുന്നു. വിദേശത്തുനിന്ന് എത്തിയ ശേഷം 164 മൊഴി രേഖപ്പെടുത്തിയ മതി അറസ്റ്റ് എന്ന പോലീസിന്റെ മുൻ തീരുമാനമാണ് ഇതോടെ മാറിയത്. മുഖ്യമന്ത്രിയുടെ നിർദ്ദേശത്തിന് പിന്നാലെ ഡി ജി പി ഇന്നലെ രാത്രി എട്ടു മണിയോടെയാണ് അറസ്റ്റ് സംബന്ധിച്ച അന്തിമ തീരുമാനം കൈക്കൊണ്ടു. പിന്നെ അതീവ രഹസ്യമായ നീക്കങ്ങളിലൂടെയായിരുന്നു രാഹുലിനെ അർധരാത്രി തന്നെ അറസ്റ്റ് ചെയ്തത്.
അറസ്റ്റ് വിവരം ചോരാതിരിക്കാൻ അതീവ രഹസ്യമായാണ് പൊലീസ് നീക്കങ്ങൾ നടത്തിയത്. എ ഐ ജി പൂങ്കുഴലിയുടെ നേതൃത്വത്തിൽ വിശ്വസ്തരായ ഉദ്യോഗസ്ഥരെ മാത്രം ഉൾപ്പെടുത്തി നടത്തിയ മിന്നൽ ഓപ്പറേഷനായിരുന്നു ഇത്. രാഹുലിനെതിരായ ബലാത്സംഗ കേസുകൾ അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിലെ (എസ് ഐ ടി) ടീമിവെ മറ്റംഗങ്ങളെപ്പോലും ഒഴിവാക്കി എ ഐ ജി നേരിട്ട് കാര്യങ്ങൾ ഏകോപിപ്പിച്ചു. പത്തനംതിട്ടയിൽ നിന്ന് കൊല്ലത്തേക്ക് വാഹനങ്ങൾ ക്രമീകരിക്കാൻ ആദ്യം ആവശ്യപ്പെട്ടെങ്കിലും പിന്നീട് ആ നീക്കം ഉപേക്ഷിച്ചതും രഹസ്യസ്വഭാവം നിലനിർത്താനായിരുന്നു. പോലീസുകാർ ഹോട്ടൽ മുറിയിലെത്തും വരെ താൻ കസ്റ്റഡിയിലാകുമെന്ന വിവരം രാഹുൽ അറിഞ്ഞിരുന്നില്ല എന്നതാണ് നിർണായകമായത്. കഴിഞ്ഞ കേസുകളിലെ പോലെ രാഹുൽ മുങ്ങാനിരിക്കാനായുരുന്നു അതീവ സ്വഭാവത്തിലുള്ള നീക്കം പൊലീസ് നടത്തിയത്.
അതേസമയം മൂന്നാം ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എക്ക് ജയിൽവാസം ലഭിച്ചു. ഇന്നലെ അർധരാത്രി അറസ്റ്റിലായ മാങ്കൂട്ടത്തിലിനെ പത്തനംതിട്ട ജില്ലാ കോടതി മജിസ്ട്രേറ്റ് റിമാൻഡ് ചെയ്തു. രാഹുലിന്‍റെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടാണ് 14 ദിവസത്തേക്ക് കോടതി റിമാൻഡ് ചെയ്തത്. രാഹുലിനെ മാവേലിക്കര പ്രത്യേക ജയിലിലേക്കാകും കൊണ്ടുപോകുക. വിദേശത്ത് താമസിക്കുന്ന മലയാളി യുവതിയുടെ ബലാത്സംഗ പരാതിയിലാണ് രാഹുൽ മാങ്കൂട്ടത്തിൽ ജയിലിലായത്. നേത്തെ രണ്ട് ബലാത്സംഗ കേസുണ്ടായിരുന്ന രാഹുലിനെ മൂന്നാം ബലാത്സംഗ കേസിൽ പൊലീസ് രഹസ്യ നീക്കത്തിലൂടെയാണ് പിടികൂടിയത്. ബലാത്സംഗത്തിനും ശാരീരിക മാനസിക പീഡനത്തിനും പുറമെ ഗർഭഛിദ്രത്തിന് പ്രേരിപ്പൽ അടക്കം ഞെട്ടിക്കുന്നതും സമാന സ്വഭാവത്തിലുള്ളതുമാണ് കുറ്റങ്ങൾ.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam