മന്ത്രിസഭ പുനഃസംഘടന: കൃത്യമായ തീയതി അറിയിക്കണമെന്ന് കേരളാ കോൺഗ്രസ് ബി; കടുപ്പിച്ച് മുഖ്യമന്ത്രിയുടെ മറുപടി

Published : Nov 10, 2023, 05:05 PM ISTUpdated : Nov 10, 2023, 05:11 PM IST
മന്ത്രിസഭ പുനഃസംഘടന: കൃത്യമായ തീയതി അറിയിക്കണമെന്ന് കേരളാ കോൺഗ്രസ് ബി; കടുപ്പിച്ച് മുഖ്യമന്ത്രിയുടെ മറുപടി

Synopsis

നവകേരള സദസ്സിന് ശേഷം അത് നടന്നോളുമെന്ന് മുഖ്യമന്ത്രി ഘടകകക്ഷി നേതാവിന് മറുപടി നൽകി

തിരുവനന്തപുരം: മന്ത്രിസഭാ പുനഃസംഘടന നവകേരള സദസിന് ശേഷം മാത്രമേ നടക്കൂവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എൽഡിഎഫ് യോഗത്തിലാണ് മുഖ്യമന്ത്രി നയം വ്യക്തമാക്കിയത്. മന്ത്രിസഭാ പുനഃസംഘടനയുടെ കൃത്യമായ തീയ്യതി അറിയിക്കണമെന്ന് കേരളാ കോൺഗ്രസ് ബി യോഗത്തിൽ ആവശ്യപ്പെട്ടപ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. നവകേരള സദസ്സിന് ശേഷം അത് നടന്നോളുമെന്ന് മുഖ്യമന്ത്രി ഘടകകക്ഷി നേതാവിന് നൽകിയ മറുപടിയിൽ വ്യക്തമാക്കി.

അതേസമയം എൽഡിഎഫ് യോഗത്തിൽ സപ്ലൈകോ സാധനങ്ങളുടെ വില വർധിപ്പിക്കാൻ തീരുമാനിച്ചു. ഇതിന് ഭക്ഷ്യമന്ത്രിയെ യോഗം ചുമതലപ്പെടുത്തി. സപ്ലൈകോ വഴി വിതരണം ചെയ്യുന്ന 13 സാധനങ്ങളുടെ വിലയാണ് വർധിപ്പിക്കുക. ഏഴ് വർഷത്തിന് ശേഷമാണ് വില വർധന നടപ്പാക്കുന്നത്. സപ്ലൈകോയുടെ ആവശ്യപ്രകാരമാണ് എൽഡിഎഫ് യോഗത്തിൽ ഭക്ഷ്യമന്ത്രി ഇക്കാര്യം ഉന്നയിച്ചത്.

മന്ത്രിസഭാ പുനഃസംഘടന നവകേരള സദസ്സിന് ശേഷം മാത്രമായിരിക്കുമെന്ന് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ ഇന്ന് സൂചന നൽകിയിരുന്നു.  മുഖ്യമന്ത്രിയും മന്ത്രിമാരും മണ്ഡലപര്യടനം നടത്താനിരിക്കെ ഉടൻ സംസ്ഥാന മന്ത്രിസഭാ അഴിച്ചുപണിക്ക് സാധ്യതയുണ്ടാകില്ലെന്ന് എല്ലാവർക്കും അറിയാമല്ലോ എന്നായിരുന്നു ഇപി ജയരാജൻ ഇക്കാര്യത്തിലെ പ്രതികരണം. പുനഃസംഘടന നേരത്തെ വേണമെന്നായിരുന്നു കെബി ഗണേഷ് കുമാർ എംഎൽഎയുടെ കേരള കോൺഗ്രസ് ബിയുടെ ആവശ്യം.

2021 തെരഞ്ഞെടുപ്പിന് ശേഷം എൽഡിഎഫ് ധാരണ അനുസരിച്ച് ഒറ്റ എംഎൽഎ മാത്രമുള്ള നാല് പാര്‍ട്ടികൾ രണ്ടര വര്‍ഷം വീതം മന്ത്രിസ്ഥാനം പങ്കിടണം. ഇതനുസരിച്ച് കാലവധി തികയുന്നത് ഈ വരുന്ന നവംബര്‍ 20 നാണ്. നവംബര്‍ പതിനെട്ടിന് മുഖ്യമന്ത്രിയും മന്ത്രിമാരും മണ്ഡലങ്ങൾ തോറും പര്യടനത്തിനിറങ്ങും. ഇടതടവില്ലാതെ ഡിസംബര്‍ 24 വരെ നീളുന്ന തരത്തിലാണ് ജനസദസ്സിന്റെ ഷെഡ്യൂൾ.  ഗതാഗത മന്ത്രി ആന്‍റണി രാജുവും തുറമുഖ മന്ത്രി അഹമ്മദ് ദേവര്‍കോവിലുമാണ് മന്ത്രിസ്ഥാനത്ത് നിന്ന് മാറേണ്ടത്.

എന്നാൽ നവകേരള സദസിന്റെ പര്യടനത്തിൽ ആന്റണി രാജുവിനെയും അഹമ്മദ് ദേവർകോവിലിനെയും ഉൾപ്പെടുത്തിയിട്ടുണ്ട്. പുനഃസംഘടന ജനസദസ്സ് സമാപിച്ച ശേഷം നടക്കാനായിരുന്നു ധാരണ.  മന്ത്രിമാറ്റം അതിന് മുൻപ് വേണമെന്ന ആവശ്യം കേരളാ കോൺഗ്രസ് ബിയാണ് മുന്നോട്ട് വച്ചത്. ഇക്കാര്യം ആവശ്യപ്പെട്ട്  കേരളാ കോൺഗ്രസ് ബി വൈസ് ചെയര്‍മാൻ വേണുഗോപാലൻ നായര്‍ എൽഡിഎഫിന് കത്ത് നൽകിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഇന്ന് ഇടതുമുന്നണി യോഗം വിളിച്ചത്. മുഖ്യമന്ത്രി തന്റെ അന്തിമതീരുമാനം യോഗത്തിൽ വ്യക്തമാക്കിയതോടെ മന്ത്രിസഭാ പുനഃസംഘടന തെരഞ്ഞെടുപ്പിന് ശേഷമേ നടക്കൂവെന്ന് ഉറപ്പായി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വിമതൻ 636 വോട്ട് നേടി, അപരന് കിട്ടിയത് 44; സിപിഎം സ്ഥാനാർത്ഥി 58 വോട്ടിന് തോറ്റു
'ഇടതിൻ്റെ പരാജയ കാരണം വർഗീയത'; നിയമസഭാ തെരഞ്ഞെടുപ്പിൽ തിളക്കമാർന്ന ജയം ഉണ്ടായില്ലെങ്കിൽ രാഷ്ട്രീയ വനവാസം തന്നെയെന്ന വിഡി സതീശൻ