ദേവനന്ദയുടെ മരണത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി; ശക്തമായ അന്വേഷണം നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി

By Web TeamFirst Published Feb 28, 2020, 11:14 AM IST
Highlights

ദേവനന്ദയുടെ മരണത്തില്‍ വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥും പ്രതിപക്ഷ നേതാവും അനുശോചനം രേഖപ്പെടുത്തി. മരണ കാരണം കണ്ടെത്താന്‍ സര്‍ക്കാര്‍ ശക്തമായ അന്വേഷണം നടത്തുമെന്ന് സി രവീന്ദ്രനാഥ് പറഞ്ഞു.

കൊല്ലം: കൊല്ലം പള്ളിമൺ ഇളവൂരിൽ നിന്ന് കാണാതായ ഏഴ് വയസുകാരി ദേവനന്ദയുടെ മരണത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ദേവനന്ദയുടെ വിയോഗത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നുവെന്നും കുടുംബത്തിന്‍റെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു. ദേവനന്ദയുടെ മരണത്തില്‍ വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥും പ്രതിപക്ഷ നേതാവും അനുശോചനം രേഖപ്പെടുത്തി. മരണ കാരണം കണ്ടെത്താന്‍ സര്‍ക്കാര്‍ ശക്തമായ അന്വേഷണം നടത്തുമെന്ന് സി രവീന്ദ്രനാഥ് പറഞ്ഞു.

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം

കൊല്ലം ഇളവൂരില്‍ ഇന്നലെ കാണാതായ ഏഴുവയസ്സുകാരി ദേവനന്ദയെ തിരിച്ചു കിട്ടുവാനുള്ള പരിശ്രമത്തിലായിരുന്നു കേരളം. ഇന്നു രാവിലെ 7.30 ഓടെ വീടിന് സമീപത്തെ ഇത്തിക്കരയാറ്റില്‍ പോലീസിലെ മുങ്ങല്‍ വിദഗ്ദ്ധര്‍ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയ വാര്‍ത്ത‍ ഞെട്ടലോടെയാണ് എല്ലാവരും അറിഞ്ഞത്. ദേവനന്ദയുടെ വിയോഗത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു.കുടുംബത്തിന്‍റെയും ഉറ്റവരുടെയും ദുഃഖത്തില്‍ പങ്കുചേരുന്നു.

ദേവനന്ദയുടെ ഓർമകൾക്ക് മുന്നിൽ ആദരാഞ്ജലികൾ അര്‍പ്പിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഫേസ്ബുക്കില്‍ കുറിച്ചു. നാട്ടുകാർ ഉന്നയിക്കുന്ന മരണത്തിലെ ദുരൂഹത പൊലീസ് അന്വേഷിച്ച് ഒഴിവാക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

കുട്ടിയുടെ വീടിനോട് ചേര്‍ന്നുള്ള ഇത്തിക്കരയാറ്റില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. വീട്ടിൽ കളിക്കുന്നതിനിടെ ഇന്നലെ രാവിലെയാണ് കുട്ടിയെ കാണാതായത്. മുങ്ങൽ വിദഗ്ധരാണ് ദേവനന്ദയുടെ മൃതദേഹം ആറ്റിൽ കണ്ടെത്തിയത്. കമഴ്ന്ന് കിടക്കുന്ന രീതിയിലായിരുന്നു ആറ്റില്‍ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്‌. കുട്ടിയെ കാണാതായ സമയത്ത് ധരിച്ചിരുന്ന വസ്ത്രങ്ങളാണ് പുഴയില്‍ നിന്ന് ലഭിച്ച മൃതദേഹത്തിലുള്ളത്. കുട്ടി കഴുത്തില്‍ ഇട്ടിരുന്നതെന്ന് കരുതുന്ന ഷോളും ആറ്റില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. മൃതദേഹം കണ്ടെത്തിതിന് ശേഷം മുങ്ങല്‍ വിദഗ്ധര്‍ നടത്തിയ തിരച്ചിലിലാണ് ഷോള്‍ കണ്ടുകിട്ടിയത്. മൃതദേഹം കിടന്നിരുന്ന അതേ സ്ഥലത്തുനിന്നാണ് ഷോള്‍ കിട്ടിയത്. 

Also Read: ആ ഷോള്‍ മകളുടേത്, തിരിച്ചറിഞ്ഞ് അമ്മ; ദേവനന്ദയുടെ ഇന്‍ക്വസ്റ്റ് പൂര്‍ത്തിയായി

മൃതദേഹത്തില്‍ മുറിവുകളോ ചതവുകളോ ഇല്ലെന്നാണ് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ബലപ്രയോഗത്തിന്‍റെ ലക്ഷണങ്ങള്‍ മൃതദേഹത്തില്‍ ഇല്ലെന്ന് തന്നെയാണ് പ്രാഥമിക പരിശോധനയില്‍ വ്യക്തമാകുന്നത്. എന്നാല്‍ പോസ്റ്റുമോർട്ടം റിപ്പോർട്ടിന് ശേഷമേ ഇക്കാര്യത്തില്‍ വ്യക്തത വരുത്താനാകു. വസ്ത്രങ്ങളെല്ലാം മൃതദേഹത്തില്‍ ഉണ്ടായിരുന്നുവെന്നും ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടിലുണ്ട്. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലാണ് പോസ്റ്റുമോര്‍ട്ടം നടത്തുക. 

Also Read:  'ബലപ്രയോഗത്തിന്‍റെ ലക്ഷണങ്ങളില്ല'; ദേവനന്ദയുടെ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് പുറത്ത്

പള്ളിമൺ ഇളവൂർ സ്വദേശികളായ പ്രദീപ് - ധന്യ ദമ്പതികളുടെ മകളാണ് കാണാതായ ദേവനന്ദ. ഇന്നലെ രാവിലെ 9.30 നും 10.30 നും ഇടയിലാണ് കുട്ടിയെ കാണാതായത്. 

Also Read: പൊന്നുവിനായി പറന്നെത്തി അച്ഛന്‍: പക്ഷേ കാത്തിരുന്നത് കരള്‍ പിളര്‍ക്കും കാഴ്‍ച

click me!