സുജ സൂസന്‍റെ സ്വാഗത പ്രസംഗത്തിന് ഇടക്ക് കയറി ഉദ്ഘാടനം: വേറെ വഴിയില്ലെന്ന് പിണറായി

By Web TeamFirst Published Feb 22, 2020, 10:14 AM IST
Highlights

പതിവിൽ നിന്ന് വ്യത്യസ്തമായി ഒരു മണിക്കൂര്‍ വൈകിയാണ് പിണറായി വിജയൻ ഉദ്ഘാടന ചടങ്ങിനെത്തിയത്. സുജ സൂസൻ ജോര്‍ജ്ജ് പ്രസംഗം തുടങ്ങിയപ്പോഴേക്കും പിണറായി എഴുന്നേറ്റു. ഒപ്പം കടകംപള്ളി സുരേന്ദ്രൻ അടക്കം മന്ത്രിമാരും 

തിരുവനന്തപുരം: സ്വാഗത പ്രാസംഗിക പ്രസംഗം പകുതിയാക്കും മുൻപ് ഇടക്ക് കയറി ഇടപെട്ട് ഉദ്ഘാടനം നടത്തി മടങ്ങി മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരത്ത് അയ്യങ്കാളി ഹാളിൽ നടന്ന പരിപാടിക്കിടെയായിരുന്നു സംഭവം. മലയാള മിഷന്‍റെ ആഭിമുഖ്യത്തിൽ നടക്കുന്ന ത്രിദിന പരിപാടിയായ മലയാൺമ 2020 ന് മുഖ്യമന്ത്രി എത്തുമെന്ന് അറിയിച്ചിരുന്നത് രണ്ട് മണിക്കാണ്. പതിവിന് വിപരീതമായി മുഖ്യമന്ത്രി എത്തിയപ്പോൾ ഒരു മണിക്കൂര്‍ വൈകി. 

മുഖ്യമന്ത്രി എത്തിയതിന് പിന്നാലെ മലയാള മിഷൻ ഡയക്ടര്‍ പ്രൊഫ. സുജ സൂസൻ ജോര്‍ജ്ജ് സ്വാഗത പ്രസംഗം തുടങ്ങി.  മാതൃഭാഷാ ദിനത്തിന്‍റെ ചരിത്രം ചുരുക്കി വിവരിച്ച സുജ സൂസൻ പ്രസംഗം തുടരുന്നതിനിടെ മുഖ്യമന്ത്രി എഴുന്നേറ്റു. മന്ത്രി കടകംപള്ളി സുരേന്ദ്രൻ അടക്കം വേദിയിലുണ്ടായിരുന്നവരും എഴുന്നേൽക്കുന്നതിനിടെ മുഖ്യമന്ത്രി മൈക്കിനടുത്തേക്ക് നടന്നു തുടങ്ങി. വേദിയും സദസ്സും സ്വാഗത പ്രാസംഗികയും ഒരു പോലെ അമ്പരപ്പിലായ നിമിഷത്തിൽ മൈക്ക് ഏറ്റെടുത്ത പിണറായി സ്വാഗതം പിന്നെ പറയാമെന്ന് പ്രഖ്യാപിച്ച് ഉദ്ഘാടന പ്രസംഗത്തിലേക്ക് കടക്കുകയായിരുന്നു. 

മൂന്ന് മണിക്ക് മറ്റൊരു പരിപാടി കൂടി ഉണ്ടെന്നും വേറെ വഴിയില്ലെന്നും വിശദീകരിച്ച പിണറായി വിജയൻ മിനിറ്റുകൾക്ക് അകം പ്രസംഗം അവസാനിപ്പിക്കുകയും ചെയ്തു.

മാതൃഭാഷാ ദിനത്തിൽ മലയാളം മിഷന്റെ ഇന്റർനെറ്റ് റേഡിയോക്ക് ചടങ്ങിൽ മുഖ്യമന്ത്രി  തുടക്കം കുറിച്ചു. ലോകമെങ്ങും മലയാള ഭാഷ വ്യാപിപ്പിക്കുക എന്ന ഉദ്ദേശത്തോടെയാണ് ഇന്റർനെറ്റ് റേഡിയോക്ക് തുടക്കമിട്ടത്. വിദ്യാർത്ഥികക്കും അധ്യാപകർക്കുമുളള മലയാള ഭാഷാ പ്രതിഭാ പുരസ്കാരങ്ങളും സമ്മാനിച്ച ശേഷമാണ് മുഖ്യമന്ത്രി വേദിവിട്ടത് . മൂന്ന് ദിവസത്തെ മലയാളഭാഷാ ക്യാംപിനും മാതൃഭാഷാദിനത്തിൽ തുടക്കമായി.
 

click me!