മാധ്യമ സ്വാതന്ത്ര്യം; മരുഭൂമിയിലെ പച്ചത്തുരുത്താണ് കേരളമെന്ന് പിണറായി വിജയൻ

By Web TeamFirst Published Mar 4, 2020, 12:36 PM IST
Highlights

മാധ്യമ സ്വാതന്ത്ര്യത്തെ കുറിച്ച് നിയമ നിര്‍മ്മാണം നടത്തേണ്ടത് കേന്ദ്ര സര്‍ക്കാരാണെന്ന് മുഖ്യമന്ത്രി, ആവശ്യമെങ്കിൽ നിയമ നിര്‍മ്മാണം ആവശ്യപ്പെട്ട് നിയസഭാ പ്രമേയം പാസാക്കി കേന്ദ്രത്തോട് അഭ്യര്‍ത്ഥിക്കുന്നതിനെ കുറിച്ച് ആലോചിക്കാം

തിരുവനന്തപുരം: മാധ്യമ സ്വാതന്ത്ര്യത്തിന്‍റെ കാര്യത്തിൽ കേരളം മാതൃകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ . രാജ്യത്തിന്‍റെ വിവിധ മേഖലകളിൽ മാധ്യമ സ്വാതന്ത്ര്യത്തിനെതിരെ  വെല്ലുവിളികൾ ഉയരാറുണ്ട്. പക്ഷെ കേരളത്തിലെ സ്ഥിതി വ്യത്യസ്ഥമാണ്. മാധ്യമ സ്വാതന്ത്ര്യത്തിന്‍റെ കാര്യത്തിൽ മരുഭൂമിയിലെ പച്ച തുരുത്താണ് കേരളമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലത്ത് മറുപടി നൽകി.

മുഖ്യമന്ത്രി പറഞ്ഞതിൽ നിന്ന്: 

മാധ്യമസ്ഥാപനങ്ങളോടും മാധ്യമപ്രവര്‍ത്തകരോടും നല്ല രീതിയിലാണ് സംസ്ഥാന സര്‍ക്കാര്‍ ഇടപെടുന്നത്. മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ വര്‍ഗ്ഗീയ ശക്തികള്‍ അക്രമങ്ങള്‍ അഴിച്ചുവിട്ടപ്പോള്‍ സര്‍ക്കാര്‍ മാധ്യമപ്രവര്‍ത്തകരോടൊപ്പം നില്‍ക്കുകയും അക്രമികള്‍ക്കെതിരെ ശക്തമായ നിയമനടപടികള്‍ കൈക്കൊള്ളുകയുമാണ് ചെയ്തിട്ടുള്ളത്. ഏതുതരം ആക്രമണത്തിന്‍റെ കാര്യത്തിലും മാധ്യമങ്ങളുടെ പക്ഷത്താണ് കേരള സര്‍ക്കാര്‍ നിലക്കൊണ്ടിട്ടുള്ളത്. മാധ്യമപ്രവര്‍ത്തകരുടെ പെന്‍ഷന്‍ ഉള്‍പ്പെടെ യുള്ള കാര്യങ്ങളില്‍ സര്‍ക്കാര്‍ അവര്‍ക്കനുകൂലമായാണ് നിലകൊണ്ടിട്ടുള്ളത്. ഈ സര്‍ക്കാര്‍ പെന്‍ഷന്‍ 2000 രൂപ കണ്ട് വര്‍ധിപ്പിച്ചു. മാധ്യമപ്രവര്‍ത്തകനായിരുന്ന കെ.എം. ബഷീറിന്‍റെ  ഭാര്യയ്ക്ക് ജോലികൊടുക്കുന്ന പ്രക്രിയ അന്തിമഘട്ടത്തിലാണ്. ആ കുടുംബത്തിന് 6 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്.

മാധ്യമസ്വാതന്ത്ര്യം അഭിപ്രായസ്വാതന്ത്ര്യത്തിനുള്ള മൗലികാവകാശത്തില്‍ നിന്ന് നാം അനുമാനിച്ചെടുക്കുന്ന ഒന്നാണ്. അതിനാല്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കും മാധ്യമസ്ഥാപനങ്ങള്‍ക്കും എതിരെ ദേശീയ തലത്തില്‍ വര്‍ധിച്ചുവരുന്ന അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ മറ്റ് പല രാജ്യങ്ങളും ചെയ്തിട്ടുള്ളതുപോലെ മാധ്യമ സ്വാതന്ത്ര്യം ഭരണഘടനാപരമായി ഉറപ്പുവരുത്താനുമാണ് ശ്രദ്ധിക്കേണ്ടത്. അതിനുവേണ്ടി നമുക്ക് കൂട്ടായി ശ്രമിക്കാം. മാധ്യമപ്രവര്‍ത്തകര്‍ക്കും മാധ്യമസ്ഥാപനങ്ങള്‍ക്കും എതിരായുള്ള അക്രമങ്ങള്‍ തടയാന്‍ നിലവിലുള്ള നിയമങ്ങള്‍ കേരളത്തില്‍ വളരെ ഫലപ്രദമായി ഉപയോഗിക്കുന്നുണ്ട്. അത് വിജയം കാണുന്നുണ്ട്. മാധ്യമസ്വാതന്ത്ര്യത്തിന്‍റെ കാര്യത്തില്‍ മരുഭൂമിയിലെ പച്ചത്തുരുത്താണ് കേരളം.

മാധ്യമസ്വാതന്ത്ര്യത്തിന് ഭരണഘടനാപരമായ പരിരക്ഷ ഭേദഗതിയിലൂടെ ഉറപ്പുവരുത്തുക എന്നതാണ് പ്രധാനം. അത് ചെയ്യേണ്ടതാകട്ടെ കേന്ദ്രമാണ്. സംസ്ഥാനത്തിന്‍റെ പരിധിയില്‍ വരുന്ന കാര്യമല്ല. ഭേദഗതിയുടെ  അഭാവത്തില്‍ ഇന്ത്യയ്ക്കാകെ ബാധകമാകുന്ന ഏകീകൃതനിയമം ഉണ്ടാകാം. അക്കാര്യം കേന്ദ്രസര്‍ക്കാരിന്‍റെ ശ്രദ്ധയില്‍പ്പെടുത്താവുന്നതുമാണ്.  


അത്തരത്തിലുള്ള ഒരു നിയമം നടപ്പിലാക്കണമെന്ന് കേന്ദ്രത്തോട് അഭ്യര്‍ത്ഥിച്ചുകൊണ്ട് കേരള സംസ്ഥാന നിയമസഭയ്ക്ക് ഒരു പ്രമേയം പാസാക്കാവുന്നതാണ്. ഏതു സാഹചര്യത്തിലായാലും മാധ്യമസംബന്ധമായി നിയമമുണ്ടാകുന്നത് മാധ്യമസ്വാതന്ത്ര്യത്തെ പരിരക്ഷിക്കുന്നവിധത്തില്‍ തന്നെ ആകുന്നു എന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. വെളുക്കാന്‍ തേച്ചത് പാണ്ടായി എന്ന അവസ്ഥ ഉണ്ടാവില്ല എന്ന് ഉറപ്പുണ്ടെങ്കിലേ ഈ ഘട്ടത്തില്‍ അത്തരമൊരു ആവശ്യം കേന്ദ്രത്തിന്‍റെ മുന്നില്‍ ഉന്നയിക്കേണ്ടതുള്ളൂ.  ഇക്കാര്യം കൂടി ആലോചിച്ചുവേണം ഇന്നത്തെ സവിശേഷ ഘട്ടത്തില്‍ മാധ്യമപ്രവര്‍ത്തനം സംബന്ധിച്ച നിയമനിര്‍മാണം കേന്ദ്രത്തോട് ആവശ്യപ്പെടുന്നത്. മാധ്യമസ്വാതന്ത്ര്യത്തെ അതിന്‍റെ ശുദ്ധിയില്‍ നിലനിര്‍ത്താന്‍ രാഷ്ട്രീയ പാര്‍ട്ടികളും ശ്രദ്ധിക്കേണ്ടതുണ്ട്. പെയ്ഡ് ന്യൂസ് പോലുള്ള കാര്യങ്ങളില്‍ നിന്നും ഒഴിഞ്ഞുനില്‍ക്കേണ്ടതുണ്ട്.

click me!