'അനുനയനീക്കം', മാണി സി കാപ്പനെയും ശശീന്ദ്രനെയും കണ്ട് മുഖ്യമന്ത്രി

By Web TeamFirst Published Jan 11, 2021, 11:10 AM IST
Highlights

പാലായടക്കം ഒരു സീറ്റും വിട്ട് നൽകില്ലെന്നതടക്കമുള്ള പ്രഖ്യാപനങ്ങൾ എൻസിപി ആവർത്തിക്കുന്നതിനിടെയുള്ള ഈ കൂടിക്കാഴ്ച  ഏറെ പ്രധാന്യമർഹിക്കുന്നതായാണ് വിലയിരുത്തപ്പെടുന്നത്. 

തിരുവനന്തപുരം: പാലാ സീറ്റുമായി ബന്ധപ്പെട്ടുയർന്ന തർക്കം മുന്നണി മാറ്റത്തിലേക്ക് അടക്കം എത്തി നിൽക്കുന്ന സാഹചര്യത്തിൽ എൻസിപി നേതാക്കളുമായി മുഖ്യമന്ത്രി പിണറായി വിജയൻ ചർച്ച നടത്തി. മന്ത്രി എ കെ ശശീന്ദ്രൻ, പാലാ എംഎൽഎ മാണി സി കാപ്പൻ എന്നിവരുമായാണ് മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിയത്. ഇരുവരേയും വെവ്വേറെ പ്രത്യേകമാണ് മുഖ്യമന്ത്രി കണ്ടത്. പാലായടക്കം ഒരു സീറ്റും വിട്ട് നൽകില്ലെന്നതടക്കമുള്ള പ്രഖ്യാപനങ്ങൾ എൻസിപി ആവർത്തിക്കുന്നതിനിടെയുള്ള ഈ കൂടിക്കാഴ്ച  ഏറെ പ്രധാന്യമർഹിക്കുന്നതായാണ് വിലയിരുത്തപ്പെടുന്നത്. അനുനയനീക്കത്തിലേക്ക് സിപിഎം കടക്കുന്നതിന്റെ സൂചനയാണ് മുഖ്യമന്ത്രി നടത്തിയ ചർച്ച. 

തദ്ദേശതെരഞ്ഞെടുപ്പിൽ മുന്നണിയിൽ വേണ്ടത്ര പരിഗണന കിട്ടാതിരുന്നതിലെയടക്കം പ്രതിഷേധം മാധ്യമങ്ങൾക്ക് മുന്നിലടക്കം വിശദീകരിച്ച എൻസിപി പക്ഷേ യുഡിഎഫുമായി ചർച്ച നടത്തിയിട്ടില്ലെന്നും ഇടതിൽ ഉറച്ച് നിൽക്കുമെന്നും ആവർത്തിക്കുന്നുണ്ട്. പക്ഷേ അണിയറയിൽ ചർച്ചകൾ നടന്നയായാണ് വിവരം. 

നിലവിലെ സാഹചര്യത്തിൽ കേരളാ കോൺഗ്രസ് ജോസ് വിഭാഗത്തിന് പാലാ വിട്ടു നൽകേണ്ടി വന്നാൽ ഒരു പക്ഷേ എൻസിപി ഇടതു മുന്നണി വിടാനുള്ള സാധ്യതയും നിലനിൽക്കുന്നു. എന്നാൽ അതേ സമയം ഈ നീക്കത്തോട് എകെ ശശീന്ദ്രന് വിയോജിപ്പുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രി ശശീന്ദ്രനേയും കാപ്പനേയും പ്രത്യേകം കണ്ടത്. 

click me!