'അതിദാരിദ്ര്യ മുക്തരായവർ വീണ്ടും ദാരിദ്ര്യത്തിലേക്ക് പോകരുത്, സൂ​ക്ഷ്മതയോടെ പദ്ധതി മുന്നോട്ട് കൊണ്ടുപോകണം': മുഖ്യമന്ത്രി

Published : Jan 01, 2026, 05:16 PM ISTUpdated : Jan 01, 2026, 06:49 PM IST
press meet

Synopsis

പുതുവത്സരാശംസകൾ നേർന്നുകൊണ്ടാണ് 2026 ലെ ആദ്യവാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി സംസാരിച്ചു തുടങ്ങിയത്.

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലെ വാദപ്രതിവാദങ്ങൾ കഴിഞ്ഞുവെന്നും പുതിയ ഭരണസമിതികൾക്ക് പുതിയ ഉത്തരവാദിത്വങ്ങളായി എന്നും മുഖ്യമന്ത്രി പിണറായി വിജയൻ. പുതുവത്സരാശംസകൾ നേർന്നുകൊണ്ടാണ് 2026 ലെ ആദ്യവാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി സംസാരിച്ചു തുടങ്ങിയത്. അതിദാരിദ്ര്യമുക്തരായവർ വീണ്ടും ദാരിദ്ര്യത്തിലേക്ക് പോകരുതെന്ന് പറഞ്ഞ മുഖ്യമന്ത്രി സൂക്ഷ്മതയോടെ അതിദാരിദ്ര്യമുക്ത പദ്ധതി മുന്നോട്ട് കൊണ്ടുപോകണമെന്നും കൂട്ടിച്ചേർത്തു. ആരോഗ്യകരമായ മത്സര ബുദ്ധിയോടെ തദ്ദേശ സ്ഥാപനങ്ങൾ ഇത് ഏറ്റെടുക്കണം. നാടിനെ മാലിന്യമുക്തമാക്കാനുള്ള ചുമതല ഏറ്റെടുക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

ഭരണപക്ഷവും പ്രതിപക്ഷവും എന്ന വേർതിരിവ് തദ്ദേശ സ്ഥാപനങ്ങളിൽ ഇല്ല. എല്ലാവരും ഒന്നിച്ചു പ്രവർത്തിക്കണം. കഴിഞ്ഞ പുതുവർഷം മുണ്ടക്കൈ ദുരന്തത്തിന്റെ നടുക്കത്തിൽ നിന്ന് കരകയറി വന്ന സമയമാണ്. ഈ വർഷം അവരെ ചേർത്തുപിടിച്ച ചരിതാർഥ്യമുണ്ടെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തിൽ വ്യക്തമാക്കി. ടൗൺഷിപ് നിർമാണം ദ്രുതഗതിയിൽ നടക്കുകയാണ്. 207 വീടുകളുടെ വാർപ്പ് പൂർത്തിയായി. കാലവർഷം കനത്തത് കൊണ്ട് ചെറിയ ബുദ്ധിമുട്ടുകൾ ഉണ്ടായി എന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഫെബ്രുവരിയിൽ വീടുകൾ കൈമാറും. 2026 ഭവനം ഇല്ലായ്മയെ മറികടക്കാനുള്ള വർഷമാണ്. ലോകത്ത് അഞ്ചിൽ ഒരാൾക്ക് കിടപ്പാടം ഇല്ലെന്നാണ് കണക്ക്. 4,76,000 അധികം വീടുകൾ ലൈഫ് പദ്ധതിയിൽ പൂർത്തിയാക്കി. അടുത്ത മാസം 5 ലക്ഷം പൂർത്തിയാക്കും. സിറ്റിസൻ റെസ്പോൺസ് പ്രോഗ്രാം ഇന്ന് മുതൽ ആരംഭിക്കും. കേരളത്തെ ഉത്പാദന കേന്ദ്രമായി മാറ്റാൻ മുന്നിട്ടിറങ്ങുന്നു. സർക്കാർ ഭാവിയിൽ നടപ്പാക്കേണ്ട എല്ലാ പദ്ധതികളെ കുറിച്ചും അഭിപ്രായം പറയാനുള്ള അവസരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. 

സിപിഐയുമായി നല്ല ബന്ധമാണുള്ളതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. സിപിഐ ചതിയും വഞ്ചനയും കാണിക്കുന്ന പാർട്ടിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വെള്ളാപ്പള്ളിയുടെ ചതിയൻ ചന്തു പരാമർശം തള്ളിയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. യെലഹങ്ക കുടിയൊഴിപ്പിക്കൽ വിഷയത്തിൽ ന്യൂനപക്ഷങ്ങൾക്കെതിരെ ആക്രമണം വന്നാൽ അതിർത്തി നോക്കിയല്ല പ്രതികരിക്കുകയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. തെരഞ്ഞെടുപ്പിൽ ആര് നയിക്കും എന്ന് ഇതുവരെ ആലോചിച്ചിട്ടില്ല. മുഖ്യമന്ത്രി നയിക്കുമോ എന്ന് ഞാൻ പറയേണ്ടതല്ല. 

ശബരിമല സ്വർണക്കൊള്ള അന്വേഷണത്തിൽ, ആക്ഷേപം ഉന്നയിക്കുന്നത് അത് ശീലമാക്കിയവരാണെന്നാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. അന്വേഷണം നടക്കുന്നത് ഹൈക്കോടതി നിരീക്ഷണത്തിലാണ്. എസ്ഐറ്റി നല്ല നിലയിൽ ചുമതല നിർവഹിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. അന്വേഷണത്തിൽ പരാതികൾ ഇതുവരെയില്ല. മുഖ്യമന്ത്രിയോ ഓഫീസോ ഒരു ഇടപെടലും നടത്തുന്നില്ല. ഹൈക്കോടതി മേൽനോട്ടത്തിൽ അന്വേഷണം വേണമെന്നത് ഞങ്ങൾ മുന്നോട്ടുവെച്ച നിർദേശമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 

ചില കാര്യങ്ങൾ വരുമ്പോൾ മറ്റ് മറുപടി പറയാൻ ഇല്ലാതെ വരുമ്പോൾ 'എന്നാൽ പിന്നെ ഇരിക്കട്ടെ ' എന്ന രീതിയിൽ ഉള്ള പ്രതികരണമാണ്. അടൂർ പ്രകാശിന്റെ പേര് വരുന്നത് എങ്ങനെയാണ്? പോറ്റിയെ കേറ്റിയെ എന്ന് പറഞ്ഞില്ലേ? ആ പോറ്റി ആദ്യം കേറിയത് അവിടെയാണ്. സോണിയയുമായുള്ള കൂടിക്കാഴ്ചയിൽ തനിക്ക് പങ്കില്ല എന്ന് അടൂർ പ്രകാശ് പറയുന്നു. പോറ്റി വിളിച്ചാൽ പോകേണ്ട ആളാണോ അദ്ദേഹം?  പോറ്റി ആദ്യം കയറിയത് സോണിയ ഗാന്ധിയുടെ വീട്ടിലാണ്. മഹാതട്ടിപ്പുകാര്‍ക്ക് സോണിയയുടെ അടുത്ത് എങ്ങനെ എത്താൻ കഴിഞ്ഞെന്നും മുഖ്യമന്ത്രി ചോദിച്ചു. ഒന്നും പറയാൻ ഇല്ലാത്തപ്പോൾ കൊഞ്ഞനം കുത്തുകയാണോ? കട്ട ആളും കട്ട മുതൽ വാങ്ങിയ ആളും എങ്ങനെ ഒരുമിച്ച് അവിടെയെത്തി? കടകം പള്ളിയെ എസ്ഐടി ചോദ്യം ചെയ്തത് വ്യക്തതയ്ക്ക് വേണ്ടി ആയിരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

കാര്‍ യാത്രാ വിവാദത്തിൽ വെള്ളാപ്പള്ളിയെ കാറിൽ കയറ്റിയതിൽ തെറ്റില്ലെന്നും ബിനോയ് വിശ്വമല്ല പിണറായി വിജയൻ എന്നുമാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. നേമത്തെ ബിജെപി ജയത്തിന് കാരണം കോൺഗ്രസ് ആണെന്നും മുഖ്യമന്ത്രി പറഞ്ഞു. കോലീബി സഖ്യമെന്നാണ് കോണ്‍ഗ്രസിനെതിരെ മുഖ്യമന്ത്രിയുടെ പ്രതികരണം. വലിയ ഭൂരിപക്ഷത്തിൽ ജയിക്കുമെന്ന കണക്ക് തെറ്റി. നീക്കങ്ങൾ അവിടെ അവസാനിച്ചില്ല. വിവിധ ഘട്ടങ്ങളിൽ നീക്കുപോക്ക് ഉണ്ടാക്കി. തൃശ്ശൂരിൽ യുഡിഎഫിന്റെ 86,000 വോട്ട് കുറഞ്ഞു. ഇത് ലോക്സഭയിൽ ബി ജെ പി യിലേയ്ക്ക് പോയി. തിരുവനന്തപുരം കോർപറേഷനിലെ ബിജെപി ജയത്തിൽ കറുത്ത കൈ ആരുടേതെന്ന് പരിശോധിച്ചാൽ മനസിലാകും. യുഡിഎഫും ബിജെപിയും പരസ്പരം സഹായിച്ചു. ഗുരുവിനെയും മന്നത്തെയും ഉദ്ധരിച്ച്, മതനിരപേക്ഷ കേരളം മാറുകയാണോ എന്നും മുഖ്യമന്ത്രി ചോദിച്ചു. എങ്ങോട്ട് എന്ന് നമ്മൾ ആലോചിക്കണം. എല്ലാവരും ഗൗരവത്തോടെ കാണണം. വർഗീയതക്കെതിരെ ഉറച്ച നിലപാട് വേണം. നാലു വോട്ടിനായി രാഷ്ട്രീയ ചെറ്റത്തരം കാണിക്കാൻ എൽഡിഎഫ് ഇല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാര്‍ത്താസമ്മേളനത്തിൽ പറഞ്ഞു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

2025 ൽ കൈക്കൂലി കേസിൽ പിടിയിലായത് 76 പേർ, വിജിലൻസ് രജിസ്റ്റർ ചെയ്തത് 201 അഴിമതിക്കേസുകൾ
'ബിനോയ് വിശ്വം അല്ലല്ലോ പിണറായി വിജയൻ', സിപിഐയുടെ വിമർശനം തള്ളി മുഖ്യമന്ത്രി; 'വെള്ളാപ്പള്ളിയെ കാറിൽ കയറ്റിയതിൽ തെറ്റില്ല'