സംസ്ഥാനത്ത് സിനിമാ തീയറ്ററുകൾ 5 ന് തുറക്കും ; കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ്, അറിയേണ്ടതെല്ലാം

By Web TeamFirst Published Jan 1, 2021, 6:35 PM IST
Highlights

ഒരു വര്‍ഷമായി തീയറ്ററുകൾ അടഞ്ഞു കിടക്കുകയാണ്. ആയിരക്കണക്കിന് ആളുകളുടെ ജീവിതമാണ് പ്രതിസന്ധിയിലായത്.         

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു വര്‍ഷമായി അടച്ചിട്ട സിനിമാ തീയറ്ററുകൾ ജനുവരി അഞ്ച് മുതൽ തുറന്ന് പ്രവര്‍ത്തിക്കും. ആയിരക്കണക്കിന് ആളുകളുടെ ജീവിതമാണ് പ്രതിസന്ധിയിലായത്. ഇത് കണക്കിലെടുത്താണ് തിയറ്ററുകൾ തുറക്കാൻ അനുമതി നൽകുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. 

മുഖ്യമന്ത്രി പറഞ്ഞത് ഇങ്ങനെ: 

കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ കരുതലുകൾ എടുത്ത് നിയന്ത്രണങ്ങൾ കുറയ്ക്കുകയാണ്. ജനങ്ങളുടെ ഉപജീവനമാർഗം, മാനസിക, സാമൂഹ്യക്ഷേമവും സംരക്ഷിക്കാനാണ് ഈ ഇളവ്. സിനിമാശാലകൾ ജനുവരി 5 മുതൽ തുറക്കാം. ഒരു വർഷമായി തിയറ്ററുകൾ അടഞ്ഞുകിടക്കുന്നു. ചലച്ചിത്രരംഗവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ആയിരക്കണക്കിന് പേർ പ്രതിസന്ധിയിലാണ്. ഇതിന്‍റെ ഭാഗമായാണ് നിയന്ത്രണങ്ങളോടെ തിയറ്ററുകൾ തുറക്കുന്നത്. പകുതി ടിക്കറ്റുകളേ വിൽക്കാവൂ. അത്ര പേരെയെ പ്രവേശിപ്പിക്കാവൂ. കൊവിഡ‍് പ്രോട്ടോക്കോൾ കർശനമായി പാലിക്കണം. ഇല്ലെങ്കിൽ കർശനനടപടിയുണ്ടാകും. അഞ്ചാം തീയതി തന്നെ അണുവിമുക്തമാക്കണം.

ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട ഉത്സവങ്ങളും കലാപരിപാടികളും നിയന്ത്രണങ്ങളോടെ ജനുവരി 5 മുതൽ തുടങ്ങും. ആളുകളുടെ എണ്ണം കൃത്യമായി നിയന്ത്രിക്കണം. പൊലീസും സെക്ടറൽ മജിസ്ട്രേറ്റുമാരും അതുറപ്പാക്കും. മതപരമായ ഉത്സവങ്ങൾ സാംസ്കാരികപരിപാടികൾ കലാപരിപാടികൾ എന്നിവയ്ക്ക് ഇൻഡോറിൽ പരമാവധി 100, ഔട്ട്‍ഡോറിൽ പരമാവധി 200 പേരെയും അനുവദിക്കും. 10 മാസത്തിലേറെയായി കലാപരിപാടികൾ നടത്താനാകുന്നില്ല. അത് മൂലം കലാകാരൻമാർ ബുദ്ധിമുട്ടിലാണ്. ആ ആശങ്ക കണക്കിലെടുത്താണ് ഈ തീരുമാനം.

അനുവദിക്കുന്ന പരിപാടികൾ ചട്ടമനുസരിച്ചാണ് നടത്തുന്നത് എന്ന് ഉറപ്പാക്കാൻ പൊലീസിനെയും സെക്ടറൽ മജിസ്ട്രേറ്റുമാരെയും നിയോഗിക്കും. എക്സിബിഷൻ ഹാളുകൾ നിയന്ത്രണങ്ങളോടെ അനുവദിക്കും. സ്പോർട്സ് പരിശീലനങ്ങളും അനുവദിക്കും. എസ്‍സി, എസ്‍ടി വിദ്യാർത്ഥികളുടെ ഹോസ്റ്റലുകൾ നിയന്ത്രണങ്ങളോടെ തുറക്കാൻ അനുവദിക്കും.

 

click me!