
തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസിന്റെ ഈ വർഷത്തെ സ്ത്രീശക്തി പുരസ്കാരം നാളെ ആരോഗ്യമന്ത്രി കെകെ ശൈലജയ്ക്ക് സമ്മാനിക്കും. മുഖ്യമന്ത്രി പിണറായി വിജയനാണ് പുരസ്കാരം സമ്മാനിക്കുക.
രാഷട്രീയ കേരളത്തിലെ ശക്തമായ സ്ത്രീസാന്നിധ്യമാണ് കെകെ ശൈലജ ടീച്ചര്‍. മന്ത്രിയെന്ന നിലയിലും നേതാവെന്ന നിലയിലും സ്ത്രീസമൂഹത്തിന് വേണ്ടി എന്നും ഉയർന്നു കേട്ട ശബ്ദമായിരുന്നു അവരുടേത്. പിണറായി സർക്കാരിലെ ആരോഗ്യവകുപ്പിന്റെ സാരഥിയ്ക്ക് എടുത്തുകാട്ടാൻ നേട്ടങ്ങൾ അനേകമുണ്ട്. നിപ എന്ന മഹാമാരിയെ തുരത്താൻ കേരളത്തിന്റെ ആരോഗ്യമേഖല ഒറ്റക്കെട്ടായി നിന്നപ്പോൾ അവരുടെ മുന്നണിപ്പോരാളിയായത് കെ കെ ശൈലജയായിരുന്നു.
ഈ മികവ് പരിഗണിച്ചാണ് ഏഷ്യാനെറ്റ് ന്യൂസിന്റെ എട്ടാമത് സ്ത്രീശക്തി പുരസ്കാരം ആരോഗ്യമന്ത്രി കെ കെ ശൈലജയ്ക്ക് സമ്മാനിക്കുന്നത് . ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റോറിയൽ ടീമാണ് ജേതാവിനെ തീരുമാനിച്ചത്. ഒരു ലക്ഷം രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.
നാളെ രാവിലെ 11 മണിക്ക് തിരുവനന്തപുരം ടാഗോർ ഹാളിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രിയിൽ നിന്നും കെ കെ ശൈലജ പുരസ്കാരം ഏറ്റുവാങ്ങും. സംവിധായകൻ ആഷിക് അബു, നടി റിമാ കല്ലിങ്കൽ എന്നിവര്‍ ആശംസയർപ്പിക്കും. സമൂഹത്തിലെ വിവിധ മേഖലകളിലെ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam