
ആലപ്പുഴ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അനുകൂലിച്ചുകൊണ്ടുള്ള ശശി തരൂരിന്റെ പ്രസ്താവയെ തള്ളി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആര് പറഞ്ഞാലും നരേന്ദ്ര മോദിയുടെ ദുഷ് ചെയ്തികൾ മറച്ചുവയ്ക്കാനാകില്ലെന്നും ജനങ്ങൾക്കും സമൂഹത്തിനും പൊതുവെ അസ്വീകാര്യമായ നിലപാടാണ് അദ്ദേഹം പിന്തുടരുന്നതെന്നും ചെന്നിത്തല പറഞ്ഞു.
നരേന്ദ്ര മോദിയുടെ തെറ്റായ നയങ്ങൾക്ക് എതിരായ പോരാട്ടം കോൺഗ്രസ് തുടരുമെന്നും ചെന്നിത്തല വ്യക്തമാക്കി. മോദി അനുകൂല പ്രസ്താവനയില്‍ മാപ്പ് പറയില്ലെന്ന് ശശിരൂര്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. മോദിയുടെ കുറ്റം മാത്രം പറഞ്ഞാല്‍ ജനം വിശ്വാസത്തിലെടുക്കില്ലെന്നും തരൂര്‍ ആവര്‍ത്തിച്ചു. ഇതിന് പിന്നാലെ എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ രംഗത്തെത്തി.
നേതാക്കളുടേത് വ്യക്തിപരമായ അഭിപ്രായമാണെന്നും കോൺഗ്രസിന്റേതല്ലെന്നുമായിരുന്നു വേണുഗോപാൽ പറഞ്ഞത്. നരേന്ദ്ര മോദിക്ക് നല്ല സർട്ടിഫിക്കറ്റ് നൽകൽ അല്ല കോൺഗ്രസിന്റെ പണിയെന്നും സർക്കാരിന്റെ നല്ല കാര്യം പറയരുതെന്ന് പറഞ്ഞിട്ടില്ലെന്നും വേണുഗോപാൽ അറിയിച്ചു. എന്നാൽ നിലവിലെ സാമ്പത്തിക തകർച്ച അടക്കമുള്ളത് കൂടി കാണേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി.
മോദിയെ അനുകൂലിച്ചുകൊണ്ടുള്ള കോൺഗ്രസ് നേതാക്കളുടെ പ്രസ്താവനയുമായി ജയറാം രമേശാണ് ആദ്യം രംഗത്തെത്തിയത്. പിന്തുണയുമായി അഭിഷേക് സിങ്‍വിയും രംഗത്തെത്തിയിരുന്നു. ദാരിദ്ര്യരേഖക്ക് താഴെയുള്ളവര്‍ക്ക് ഗ്യാസ് കണക്ഷന്‍ നല്‍കുന്ന ഉജ്വല യോജന പദ്ധതി മികച്ചതായിരുന്നുവെന്നും ഇരു നേതാക്കളും അഭിപ്രായപ്പെട്ടു. മോദിയുടെ ഭരണം പൂര്‍ണമായി തെറ്റല്ല. ഭരണ നേട്ടങ്ങളെ അംഗീകരിക്കാത്തതും കുറ്റപ്പെടുത്തുന്നതും ആര്‍ക്കും ഗുണം ചെയ്യില്ല. ജനത്തെ ചേര്‍ത്തുനിര്‍ത്തുന്ന ഭാഷയിലാണ് മോദി സംസാരിക്കുന്നത്. മോദി ഭരണത്തില്‍ എല്ലാം തകര്‍ന്നുവെന്ന് പറയുന്നത് ശരിയല്ലെന്നും ജയറാം രമേശ് പറഞ്ഞിരുന്നു.
'പ്രധാനമന്ത്രി നരേന്ദ്രമോദിയെ ദുഷ്ടനായി ചിത്രീകരിക്കുന്നത് തെറ്റാണ്. വ്യക്തിയധിഷ്ടിതമായല്ല പകരം വിഷയാധിഷ്ടിതമായാവണം വിമര്‍ശനങ്ങളെന്നും ആയിരുന്നു അഭിഷേക് സിങ്‍വി ട്വിറ്ററില്‍ കുറിച്ചിരുന്നത്. നേരത്തെ കശ്മീര്‍ വിഷയത്തില്‍ പാര്‍ട്ടി പ്രമേയത്തെ തള്ളി പറഞ്ഞ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ഹരിയാന മുന്‍ മുഖ്യമന്ത്രിയുമായ ഭൂപീന്ദര്‍ സിംഗ് ഹൂഡ രംഗത്ത് വന്നതും, മുത്തലാക്ക് വിഷയ്തില്‍ കേരളത്തിലെയും, വടക്കെ ഇന്ത്യയിലേയും എംപിമാര്‍ വ്യത്യസ്ത നിലപാടുകള്‍ സ്വീകരിച്ചതും കോണ്‍ഗ്രസിനെ വെട്ടിലാക്കിയിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam