
തിരുവനന്തപുരം : ഇക്കഡോറിയൽ ഗിനിയിൽ കുരുങ്ങിയ കപ്പൽ ജീവനക്കാരെ മോചിപ്പിക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി കത്തയച്ചു. കപ്പൽ ജീവനക്കാരുടെ ജീവൻ അപകടത്തിലാണെന്നും അടിയന്തിര നടപടി സ്വീകരിക്കണമെന്നും മുഖ്യമന്ത്രി കത്തിൽ ആവശ്യപ്പെട്ടു. സുരക്ഷിതമല്ലാതെ, തടവിൽ തുടരുന്നത് കപ്പൽ ജീവനക്കാരുടെ മാനസ്സിക - ശാരീരിക നിലയെ ബാധിക്കുമെന്ന് മുഖ്യമന്ത്രി കത്തിൽ പറഞ്ഞു.
ഗിനിയിൽ കുടുങ്ങി കിടക്കുന്ന സനു ജോസിന് വെള്ളവും ഭക്ഷണവും ലഭിക്കുന്നില്ലെന്ന് അദ്ദേഹത്തിന്റെ കുടുംബം വ്യക്തമാക്കി. മകനെ ഫോണിൽ ബന്ധപ്പെടാൻ കഴിയുന്നുണ്ട്. റൂമിൽ അടച്ചിട്ടിരിക്കുകയാണെന്നാണ് പറഞ്ഞതെന്നും സനു ജോസിൻ്റെ അമ്മ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കേന്ദ്ര സംസ്ഥാന സർക്കാരുകൾ മോചിപ്പിക്കാനുള്ള ശ്രമം വേഗത്തിലാക്കണമെന്നും അവർ ആവശ്യപ്പെട്ടു. അതേസമയം എക്വറ്റോറിയൽ ഗിനിയിൽ തടവിലായവരെ വിമാനത്തിൽ നൈജീരയ്ക്ക് കൊണ്ടു പോകാൻ ശ്രമം നടക്കുകയാണെന്നാണ് ഒടുവിൽ ലഭിക്കുന്ന വിവരം. തടവിൽ കഴിയുന്നവരോട് പാസ്പോർട്ട് നൽകാൻ ഗിനി സൈന്യം ആവശ്യപ്പെട്ടിരിക്കുകയാണ്.
ഇന്ത്യക്കാരായ കപ്പൽ ജീവനക്കാർ ആഫ്രിക്കൻ രാജ്യത്ത് തടവിലായിട്ട് അടുത്ത ആഴ്ച മൂന്ന് മാസം പൂർത്തിയാകും. ഇടപെടുന്നുണ്ടെന്ന് വിദേശകാരമന്ത്രാലയവും ഗിനിയിലെ ഇന്ത്യൻ എംബസിയും ആവർത്തിക്കുമ്പോഴും കപ്പൽ ജീവനക്കാരുടെ സാഹചര്യം അനുദിനം മോശമാവുകയാണ്. ഇന്ത്യക്കാരുള്ള കപ്പലിന് ഇരുപത്തിനാല് മൈൽ അകലെ നൈജീരിയൻ സൈനിക കപ്പൽ രണ്ട് ദിവസമായി നിലയുറപ്പിച്ചിട്ടുണ്ട്.
സമുദ്രാതിർത്തി ലംഘനം, ക്രൂഡ് ഓയിൽ മോഷണം അടക്കമളുള്ല ആരോപണങ്ങൾ നൈജീരിയ കപ്പലിനെതിരെ ഉയർത്തുന്നുണ്ട്. പിഴ ഈടാക്കിയെങ്കിലും എക്വറ്റോറിയൽ ഗിനി ജീവനക്കാരെ വിടാതെ നൈജീരിയക്ക് കൈമാറുമെന്ന് വ്യക്തമാക്കുകയും ചെയ്തു. ഇവർ തടവിലായ ഓഗസ്റ്റ് മുതൽ ഗിനിയും നൈജീരിയയുമായി ബന്ധപ്പെടുന്നുണ്ടെന്നാണ് ഇന്ത്യൻ എംബസിയുടെ പ്രതികരണം. വിദേശകാര്യമന്ത്രാലയവും ജീവനക്കാരെ മോചിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാൽ സമയം വൈകും തോറും കാര്യങ്ങൾ കൂടുതൽ വഷളാവുകയാണെന്നാണ് തടവിലുള്ള ജീവനക്കാർ പറയുന്നത്.
Read More : ഗിനിയിൽ കപ്പലിൽനിന്ന് അറസ്റ്റിലായ മലയാളി ഓഫീസറെ തിരിച്ചെത്തിച്ചു, വിജിത്ത് ഉൾപ്പെടെ 15 പേർ കരയിൽ തടവിൽ
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam