Asianet News MalayalamAsianet News Malayalam

​ഗിനിയിൽ കപ്പലിൽനിന്ന് അറസ്റ്റിലായ മലയാളി ഓഫീസറെ തിരിച്ചെത്തിച്ചു, വിജിത്ത് ഉൾപ്പെടെ 15 പേ‍ർ കരയിൽ തടവിൽ

കപ്പലിൽ ഉണ്ടായിരുന്ന വിജിത്ത് ഉൾപ്പെടെയുള്ള 15 ഇന്ത്യക്കാർ കരയിൽ തടവിലാണ്. ഗിനി നേവിയാണ് ഇവരെ കരയിൽ തടവിലാക്കിയത്.

arrested heroic idun ship malayalee chief officer returned to ship
Author
First Published Nov 8, 2022, 8:56 AM IST

ദില്ലി : സമുദ്രാതിർത്തി ലംഘിച്ചതിന് തടവിലാക്കപ്പെട്ട ഹീറോയിക് ഇഡുൻ കപ്പലിൽ നിന്ന് അറസ്റ്റിലായ മലയാളി ചീഫ് ഓഫീസറെ തിരിച്ച് കപ്പലിൽ എത്തിച്ചു. ഇന്നലെ എക്വറ്റോറിയൽ ഗിനി നേവി അറസ്റ്റ് ചെയ്ത സനു ജോസിനെയാണ് തിരികെ എത്തിച്ചത്. കപ്പലിൽ ഉണ്ടായിരുന്ന വിജിത്ത് ഉൾപ്പെടെയുള്ള 15 ഇന്ത്യക്കാർ കരയിൽ തടവിലാണ്. ഗിനി നേവിയാണ് ഇവരെ കരയിൽ തടവിലാക്കിയത്. തങ്ങൾ സുരക്ഷിതരല്ലെന്നാണ് ബന്ദികളാക്കപ്പെട്ടവർ പറയുന്നത്. നേവി ജയിലിലേക്കാണ് മാറ്റിയതെന്ന് വിജിത്ത് ഏഷ്യാനെറ്റ് ന്യൂസിന്നോട് പറഞ്ഞു. 

ഹോട്ടലിലേക്ക് എന്ന് തെറ്റിദ്ധരിപ്പിച്ചാണ് ജയിലിലേക്ക് മാറ്റിയതെന്ന് വിജിത്ത് പറഞ്ഞു. എന്ത് സംഭവിക്കുമെന്ന് ആശങ്കയുണ്ടെന്നും ആയുധധാരികളായ പട്ടാളമാണ് പുറത്തുള്ളതെന്നും വിജിത്ത് പറഞ്ഞു.  താത്കാലിക ആശ്വാസം എന്ന് മാത്രമാണ് ഈ നീക്കത്തെ പറയാൻ കഴിയുക. കപ്പലിന് 24 നോട്ടിക്കൽ മൈൽ അകലെ നൈജീരിയൻ നേവി നില ഉറപ്പിച്ചിരിക്കുകയാണ്. ആശങ്കയുള്ള സാഹചര്യമാണ് ഉള്ളത്. നിരന്തരം ശ്രമിക്കുകയാണ് എന്ന് മാത്രമാണ് എംബസിയിൽ നിന്ന് ലഭിക്കുന്ന വിവരം. പക്ഷേ മോചനത്തിനുള്ള നീക്കങ്ങൾ ഇതുവരെ ഉണ്ടായിട്ടില്ല. 

സനുവിനെ നൈജീരിയക്ക് കൈമാറിയേക്കുമെന്നായിരുന്നു ആദ്യം ലഭിച്ച വിവരം. എന്നാൽ ഇപ്പോൾ അദ്ദേഹത്തെ തിരിച്ച് കപ്പലിൽ എത്തിച്ചിരിക്കുകയാണ്. പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ ഗിനിയിൽ നാവികസേന കസ്റ്റഡിയിലെടുത്ത കപ്പലിൽ മൂന്ന് മലയാളികൾ ഉൾപ്പെടെ 26 പേരാണുള്ളത്. ഇവരിൽ പതിനാറ് പേർ ഇന്ത്യക്കാരാണ്. 

കപ്പൽ നൈജീരിയക്ക് കൈമാറുമെന്ന് എക്വറ്റോറിയൽ ഗിനി സർക്കാർ അറിയിച്ചിരുന്നു. എക്വറ്റോറിയൽ ഗിനി വൈസ് പ്രസിഡന്റാണ് കപ്പൽ കൈമാറുമെന്ന് അറിയിച്ച് ട്വീറ്റ് ചെയ്തത്. നൈജീരിയൻ സമുദ്രാതിർത്തിയിൽ നിന്ന് രക്ഷപ്പെട്ട് എത്തിയതിനാലാണ് ഇവരെ കൈമാറുന്നതെന്നാണ് എക്വേറ്റോറിയൽ ഗിനി സർക്കാരിന്റെ വാദം. സമുദ്രാതിർത്തി ലംഘിച്ചതിന് കപ്പൽ കമ്പനിയിൽ നിന്ന്  ഇരുപത് ലക്ഷം ഡോളർ പിഴ ഈടാക്കിയതിന് ശേഷമാണ് ഗിനിയുടെ നീക്കം. കപ്പലിന്റെ നിയന്ത്രണവും രാജ്യത്തെ സൈന്യം ഏറ്റെടുത്തിട്ടുണ്ട്. 

എന്നാൽ ജീവനക്കാർ തടവിലായ ഓഗസ്റ്റ് മുതൽ മോചനത്തിനായി നിരന്തരം ഗിനിയും നൈജീരിയയുമായി ബന്ധപ്പെടുന്നുണ്ടെന്ന് ഗിനിയിലെ ഇന്ത്യൻ എംബസി വ്യക്തമാക്കി. ജീവനക്കാരുമായും എംബസി സംസാരിക്കുന്നുണ്ട്. സാധ്യമായ എല്ലാ മാർഗങ്ങളും ഉപയോഗിച്ച് രക്ഷപ്പെടുത്താൻ ശ്രമിക്കുമെന്നും ഗിനിയിലെ ഇന്ത്യൻ എംബസി ട്വീറ്റ് ചെയ്തു. എഎ റഹീം എംപി വിദേശകാരമന്ത്രാലയത്തിന് നൽകിയ കത്തിന് മറുപടിയായാണ് എംബസിയുടെ പ്രതികരണം.  ഇന്ത്യക്കാരുടെ മോചനം ആവശ്യപ്പെട്ട്  കെ സി വേണുഗോപാൽ, വി ശിവദാസൻ, എഎ റഹീം എന്നിവരാണ് വിദേശകാര്യമന്ത്രാലയത്തിന് കത്ത് നൽകിയത്.

Read More : 'മൂന്ന് മലയാളികൾ ഉൾപ്പെടെ 16 ഇന്ത്യക്കാരുള്ള കപ്പൽ നൈജീരിയക്ക് കൈമാറും': എക്വറ്റോറിയൽ ഗിനി സർക്കാർ

Latest Videos
Follow Us:
Download App:
  • android
  • ios