
തിരുവനന്തപുരം: കഴിഞ്ഞ ജനുവരി മാസത്തിൽ അമേരിക്കയിലെ മയോക്ലിനിക്കിൽ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ ചികിത്സക്ക് പണം അനുവദിച്ചുള്ള ഉത്തരവ് പുതുക്കി ഇറക്കി. 29.82 ലക്ഷം രൂപയാണ് അനുവദിച്ചത്. തുകയനുവദിച്ച് ഈ മാസം13 ന് പൊതുഭരണ വകുപ്പ് ഇറക്കിയ ഉത്തരവിൽ പിശകുണ്ടായതിനെ തുടർന്ന് റദ്ദാക്കിയിരുന്നു.
ജനുവരി 11 മുതൽ 26 വരെ അമേരിക്കയിലെ മയോ ക്ലിനിക്കിൽ ചികിത്സയ്ക്കായി പോയതിന്റെ തുക മുഖ്യമന്ത്രിക്ക് അനുവദിക്കുന്നതിലെ നടപടിക്രമങ്ങളിലാണ് പാളിച്ചയുണ്ടായത്. മാർച്ച് 30 ന് മുഖ്യമന്ത്രി നേരിട്ട് നൽകിയ അപേക്ഷയിൽ ഈ മാസം 13ന് തുകയനുവദിച്ച് ഉത്തരവിറങ്ങിയിരുന്നു.
തുടർപരിശോധനയിൽ ക്രമപ്രകാരമല്ലാതെയോ, അധികമായോ തുക നൽകിയതായി കണ്ടാൽ തിരിച്ചടയ്ക്കേണ്ടി വരുമെന്ന് പണമനുവദിച്ച ഉത്തരവിൽ എഴുതി. ഇത് സ്വാഭാവികമാണ്. എന്നാൽ പിന്നാലെയാണ് ഇന്നലെ തുകയനുവദിച്ച ഉത്തരവ് റദ്ദാക്കി പൊതുഭരണ വകുപ്പ് പുതിയ ഉത്തരവിറക്കിയത്. മുൻ ഉത്തരവിൽ വസ്തുതാപരമായ പിഴവുണ്ടെന്നാണ് വിശദീകരണം.
മുഖ്യമന്ത്രി വീണ്ടും ചികിത്സക്കായി അമേരിക്കയിലേക്ക്
ചികിത്സാ ആവശ്യങ്ങൾക്കായി മുഖ്യമന്ത്രി പിണറായി വിജയൻ വീണ്ടും അമേരിക്കയിലേക്ക് പോകും. ഈ മാസം 23 മുതലാണ് മയോ ക്ലീനിക്കിലെ ചികിത്സയ്ക്ക് വേണ്ടി മുഖ്യമന്ത്രി പോകുന്നത്. എത്ര ദിവസം ചികിത്സ, ആരൊക്കെ അനുഗമിക്കും എന്നതിൽ വിശദമായ സര്‍ക്കാര്‍ ഉത്തരവ് ഉടൻ ഇറങ്ങും. ജനുവരിയിൽ മയോക്ലിനിക്കിൽ മൂന്നാഴ്ച മുഖ്യമന്ത്രി ചികിത്സ തേടിയിരുന്നു. അന്ന് തന്നെ തുടർ ചികിത്സ വേണ്ടിവരുമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചിരുന്നു. സിപിഎം പാർട്ടി കോൺഗ്രസ് തീർന്ന ശേഷം ചികിത്സയെന്ന് തീരുമാനിച്ചതോടെയാണ് വൈകിയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam