
മാരാരിക്കുളം: ആലപ്പുഴയിലെ മാരാരിക്കുളം ബീച്ചിൽ ശക്തമായ കടലൊഴുക്കിൽ മുങ്ങിത്താണ് മരണത്തിന്റെ വക്കിലെത്തിയ യുവതിക്ക് കോസ്റ്റൽ പൊലീസും കോസ്റ്റൽ വാർഡന്മാരും രക്ഷകരായി. ബംഗാൾ സ്വദേശിയും ബെംഗളൂരുവിൽ ഐടി പ്രൊഫെഷണലുമായ യുവതി ബീച്ചിൽ തീരത്തുനിന്ന് 20 മീറ്റർ ഉള്ളിലായി കടലിൽ കുളിക്കവേ മുങ്ങി മുങ്ങിത്താഴുകയായിരുന്നു.
ഈ സമയം ബീച്ചിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന കോസ്റ്റൽ പൊലീസും വാർഡന്മാരും ചേർന്ന് സാഹസികമായാണ് യുവതിയെ രക്ഷപ്പെടുത്തിയത്. ശക്തമായ തിരയിൽ വെള്ളത്തിൽ നിയന്ത്രണം നഷ്ടമായി വീണ യുവതി, ബോധരഹിതയായി കമിഴ്ന്നു കിടക്കുകയായിരുന്നു. പൊലീസും വാർഡൻമാരും ചേർന്ന് ഇവരെ കരയ്‌ക്കെത്തിച്ചു. ബോധ രഹിതയായി കിടക്കുകയായിരുന്നു ഇവർ. തുടർന്ന് കൃത്രിമ ശ്വാസോച്ഛ്വാസം നൽകി. രക്ഷാപ്രവർത്തനം നടത്തിയവർക്ക് ആശ്വാസമായി ഒടുവിൽ യുവതി ശ്വാസമെടുത്തു. ബോധം തിരിച്ചുകിട്ടിയതോടെ ആംബുലൻസിൽ വണ്ടാനം മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ എത്തിക്കുകയായിരുന്നു.
ഇത് തന്റെ രണ്ടാം ജന്മമാണെന്നു പറഞ്ഞ യുവതി രക്ഷകരായ കോസ്റ്റൽ പോലീസിനും വാർഡന്മാർക്കും നന്ദി അറിയിച്ചു. എനിക്ക് ലഭിച്ച ഈ രണ്ടാം ജന്മത്തിന് ഞാൻ ഏറെ നന്ദിയുള്ളവളാണ്. കൃത്യസമയത്തുള്ള രക്ഷാപ്രവർത്തനത്തിന് എങ്ങനെ നന്ദി പറഞ്ഞാലും മതിയാകില്ല. പൊലീസിനും വാർഡൻമാർക്കും പറഞ്ഞാൽ തീരാത്ത നന്ദിയുണ്ടെന്നും യുവതി പ്രതികരിച്ചു.
കോസ്റ്റൽ പൊലീസിന്റയും വാർഡന്മാരുടെയും സമയോചിതമായ ഇടപെടലിലൂടെ രക്ഷിക്കാൻ കഴിഞ്ഞത് വിലപ്പെട്ട ഒരു ജീവനാണ്. ജി എസ് ഐ ആൽബർട്ട് , സി പി ഒ വിപിൻ വിജയ്, കോസ്റ്റൽ വാർഡൻമാരായ സൈറസ് , ജെറോം, മാർഷൽ, ജോസഫ് എന്നിവർ ചേർന്നാണ് യുവതിയെ രക്ഷിച്ചത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam