Asianet News MalayalamAsianet News Malayalam

ട്രെയിൻ തട്ടി ഡ്രൈവറുടെ മരണം;കണ്ടക്ടറെ മ‌ർദിക്കുന്ന ദൃശ്യം പുറത്ത്, വടകര-തലശ്ശേരി റൂട്ടിൽ ബസ് സര്‍വീസ് നിർത്തി

ബസ് ഡ്രൈവറായ ജീജിത്തിന്‍റെ മരണത്തിന് ഉത്തരവാദികള്‍ക്കെതിരെ നടപടിവേണമെന്നാവശ്യപ്പെട്ടാണ് ജീവനക്കാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. ഇതിനിടെഅപകടശേഷം ബസിലെ കണ്ടക്ടറെ ഓടിച്ചിട്ട് പിടികൂടുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു.

driver killed by train accident; Protest by Private bus employees, bus service suspended on the Vadakara-Thalassery route
Author
First Published Nov 12, 2023, 11:53 AM IST

കണ്ണൂര്‍: കാല്‍നടയാത്രക്കാരനെ ബസ് ഇടിച്ചശേഷം ആള്‍ക്കൂട്ട ആക്രമണം ഭയന്ന് ബസില്‍നിന്ന് ഇറങ്ങിയോടിയ ഡ്രൈവര്‍ ട്രെയിന്‍ തട്ടി മരിച്ച സംഭവത്തില്‍ പ്രതിഷേധവുമായി ജീവനക്കാര്‍. സംഭവത്തില്‍ ഉത്തരവാദികള്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് വടകര-തലശ്ശേരി റൂട്ടില്‍ സ്വകാര്യ ബസുകല്‍ സര്‍വീസ് നിര്‍ത്തിവെച്ചു. ബസ് ഡ്രൈവറായ ജീജിത്തിന്‍റെ മരണത്തിന് ഉത്തരവാദികള്‍ക്കെതിരെ നടപടിവേണമെന്നാണ് ബസ് ജീവനക്കാരുടെ ആവശ്യം.

റൂട്ടില്‍ ദീര്‍ഘദൂര ബസുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. അതേസമയം, ജീജിത്തിന്‍റെ മരണത്തില്‍ ന്യൂ മാഹി പൊലീസ് കേസെടുത്തു. അസ്വഭാവിക മരണത്തിനാണ് കേസെടുത്തത്. മറ്റു പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും പരാതി ലഭിച്ചാല്‍ അന്വേഷിക്കുമെന്നും പൊലീസ് പറഞ്ഞു. ജീജിത്തിന്‍റെ മരണത്തില്‍ പ്രതിഷേധിച്ച് ഇന്ന് രാവിലെ മുതലാണ് വടകര- തലശ്ശേരി റൂട്ടില്‍ സ്വകാര്യ ബസ് സര്‍വീസ് നിര്‍ത്തിവെച്ചത്.

ഇതിനിടെ, സംഭവത്തിന്‍റെ കൂടുതല്‍ സിസിടിവി ദൃശ്യങ്ങളും ഇന്ന് രാവിലെയോടെ പുറത്തുവന്നു. അപകടം നടന്നശേഷം ബസിലെ കണ്ടക്ടറെ ചിലര്‍ ഓടിച്ചിട്ട്  പിടിക്കുന്നതിന്‍റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഓടിക്കുന്നതിനിടയില്‍ കണ്ടക്ടറെ മര്‍ദ്ദിക്കുന്നതും ദൃശ്യത്തില്‍ കാണാം. സ്ഥലത്തുണ്ടായിരുന്ന സ്വകാര്യ ബസിലുള്ള ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് ലഭിച്ചത്. സംഭവം നടന്നശേഷം ആക്രമണം ഭയന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച കണ്ടക്ടറെ ചിലര്‍ പിന്നാലെ ഓടിച്ചിട്ട് പിടികൂടുകയായിരുന്നു. ബസിലെ ക്ലീനറെയും ഇത്തരത്തില്‍ ചിലര്‍ പിടിച്ചുവെച്ചിരുന്നു. സ്ഥലത്തുണ്ടായിരുന്ന പൊലീസ് പട്രോളിങ് സംഘമാണ് കണ്ടക്ടറെയും ക്ലീനറെയും ആള്‍ക്കൂട്ട ആക്രമണത്തില്‍നിന്ന് രക്ഷിച്ചത്. ഈ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പുറത്തുവന്നതോടെയാണ് ജീജിത്തിന്‍റെ മരണത്തില്‍ ഉത്തരവാദികള്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് ബസ് ജീവനക്കാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. എന്നാല്‍, സംഭവം നടന്നയുടനെ തന്നെ ഡ്രൈവര്‍ ജീജിത്ത് ബസില്‍ിന്ന് ഇറങ്ങിയോടുകയായിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. ജീജിത്ത് ഓടിയ റെയില്‍വെ ട്രാക്കിലെത്തി പൊലീസ് പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. 

ഇന്നലെ വൈകിട്ട് ആറരയോടെ കണ്ണൂര്‍ തലശ്ശേരി പെട്ടിപ്പാലത്താണ് ദാരുണമായ സംഭവം. ബസ് ഡ്രൈവര്‍ മനേക്കര സ്വദേശി ജീജിത്ത് ആണ് ട്രെയിന്‍ തട്ടി മരിച്ചത്. വടകര-തലശ്ശേരി റൂട്ടിലോടുന്ന ഭഗവതി എന്ന സ്വകാര്യ ബസ് കാല്‍നടയാത്രക്കാരനായ മുനീറിനെ ഇടിക്കുകയായിരുന്നു. സംഭവം നടന്നയുടനെ ആള്‍ക്കൂട്ട ആക്രമണം ഭയന്ന് ഡ്രൈവര്‍ ബസില്‍നിന്ന് ഇറങ്ങിയോടുകയായിരുന്നു. അപകടത്തെതുടര്‍ന്ന് കാല്‍നട യാത്രക്കാരന്‍ ബസിന്‍റെ അടിയിലേക്കാണ് വീണത്. ഇത് കണ്ട് ഭയന്നാണ് ഡ്രൈവര്‍ ബസില്‍നിന്നും വേഗമിറങ്ങി സ്ഥലത്തുനിന്നും മാറാന്‍ ശ്രമിച്ചത്. റോഡും റെയില്‍വെ ട്രാക്കും സമാന്തരമായി കിടക്കുന്ന സ്ഥലത്താണ് അപകടമുണ്ടായത്. ട്രാക്കിലേക്ക് ഓടിയ ജീജിത്തിനെ ഈ സമയം കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന മെമു ട്രെയിന്‍ ഇടിക്കുകയായിരുന്നു. ജീജിത്ത് സംഭവസ്ഥലത്തുതന്നെ മരിച്ചു. ബസിടിച്ച് പരിക്കേറ്റ കാൽനടയാത്രക്കാരൻ മുനീർ ആശുപത്രിയിലാണ്. 

 

കണ്ണൂരില്‍ സ്വകാര്യ ബസ് കാല്‍നട യാത്രക്കാരനെ ഇടിച്ചു, ഇറങ്ങിയോടിയ ഡ്രൈവര്‍ ട്രെയിന്‍ തട്ടി മരിച്ചു

Follow Us:
Download App:
  • android
  • ios