'എൻഡോസൾഫാൻ ദുരിതബാധിതർക്കൊപ്പം സെൽഫി' ; വിമര്‍ശനത്തിന് പിന്നാലെ കളക്ടര്‍ നിര്‍ദ്ദേശം പിന്‍വലിച്ചു

By Web TeamFirst Published Oct 30, 2019, 6:55 AM IST
Highlights

അങ്കണവാടി അധ്യാപകരും സൂപ്പർവൈസർമാരും അതാത് പ്രദേശങ്ങളിലുള്ള എൻഡോസൾഫാൻ ഇരകളുടെ വീട് സന്ദർശിച്ച് ദുരിതബാധിതർക്കൊപ്പം സെൽഫി എടുത്തയക്കണമെന്നായിരുന്നു നിർദേശം. 

കാസര്‍കോട്: എൻഡോസൾഫാൻ ദുരിതബാധിതർക്കൊപ്പം ഉദ്യോഗസ്ഥ‌ർ സെൽഫി എടുത്തയക്കണമെന്ന നിർദ്ദേശം പിൻവലിച്ച് കാസർകോട് ജില്ലാ കളക്ടർ. ഇരകളിൽ നിന്നും സാമൂഹ്യ പ്രവർത്തകരിൽ നിന്നും വിമർശനവും പ്രതിഷേധവും ഉയർന്നതിനെതുടർന്നാണ് നടപടി. അങ്കണവാടി അധ്യാപകരും സൂപ്പർവൈസർമാരും അതാത് പ്രദേശങ്ങളിലുള്ള എൻഡോസൾഫാൻ ഇരകളുടെ വീട് സന്ദർശിച്ച് ദുരിതബാധിതർക്കൊപ്പം സെൽഫി എടുത്തയക്കണമെന്നായിരുന്നു നിർദേശം.

എൻഡോസൾഫാൻ സെല്ല് കൺവീനർ കൂടെയായ ജില്ലാ കളക്ടർ കഴിഞ്ഞ ആഴ്ചയാണ് നിർദേശം നൽകിയത്. 
നേരത്തെ പട്ടികയിൽ ഉണ്ടാവുകയും പിന്നീട് മരിച്ചവരുടെ പേരിലും അനർഹരുടെ പേരിലും ആനുകൂല്യങ്ങൾ കൈപറ്റുന്നുണ്ടോ എന്നറിയുകയായിരുന്നു സെൽഫിയിലൂടെ ലക്ഷ്യം വച്ചത്. ഇത് ദുരിതബാധിതരോട് കാണിക്കുന്ന അനാദരവെന്ന് കാണിച്ച് സാമൂഹ്യ പ്രവർത്തകരുടെ നേതൃത്വത്തിൽ പ്രതിഷേധം ശക്തമായി.

മുടങ്ങിക്കിടക്കുന്ന പെൻഷൻ അടക്കമുള്ള ആനുകൂല്യങ്ങൾ വിതരണം ചെയ്യുന്നതിന് ഇടപടലുകൾ നടത്താത്തവരാണ് സെൽഫിയു മായെത്തുന്നതെന്ന വിമശനവും ഉയര്‍ന്നു. പ്രതിഷേധം വ്യാപകമായതോടെയാണ് ജില്ലാ കളക്ടർ സെൽഫി നിർദ്ദേശം പിൻവലിച്ചത്. സൂപ്പർ വൈസർമാരടക്കമുള്ളവർ ദുരിത ബാധിതരുടെ വീടുകളിൽ സന്ദർശനം നടത്തുന്നുണ്ടെന്നും ആനുകൂല്യങ്ങൾ ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനുമാണ് സെൽഫി നിർദേശം നൽകിയതെന്നാണ് ജില്ലാ ഭരണകൂടം പറയുന്നത്. 
 

click me!