കോളേജ് വിദ്യാർത്ഥികൾ, ബസ് ജീവനക്കാർ, അതിഥി തൊഴിലാളികൾ- വാക്സീൻ മുൻഗണനയിൽ

Published : Jul 06, 2021, 03:31 PM ISTUpdated : Jul 06, 2021, 05:11 PM IST
കോളേജ് വിദ്യാർത്ഥികൾ, ബസ് ജീവനക്കാർ, അതിഥി തൊഴിലാളികൾ- വാക്സീൻ മുൻഗണനയിൽ

Synopsis

ഇതുമായി ബന്ധപ്പെട്ട ആരോഗ്യവകുപ്പിന്‍റെ ഉത്തരവ് പുറത്തിറങ്ങിയിട്ടുണ്ട്. അതേസമയം, ടിപിആർ കൂടിയ വടക്കൻ ജില്ലകളിലടക്കമുള്ള ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയ ആരോഗ്യമന്ത്രി സ്ഥിതിഗതികൾ വിലയിരുത്തി.

തിരുവനന്തപുരം: സംസ്ഥാനത്ത് കോളേജ് വിദ്യാർത്ഥികൾക്കും സ്വകാര്യ ബസ് ജീവനക്കാർക്കും അതിഥിത്തൊഴിലാളികൾക്കും മാനസിക വെല്ലുവിളി നേരിടുന്നവർക്കും വാക്സിനേഷനിൽ മുൻഗണന ലഭിക്കും. ഇക്കാര്യം വ്യക്തമാക്കി ആരോഗ്യവകുപ്പിന്‍റെ ഉത്തരവ് പുറത്തിറങ്ങി. 18 മുതൽ 23 വരെ പ്രായമുള്ള വിദ്യാർത്ഥികൾക്കും വിദേശത്ത് പോകുന്ന വിദ്യാർത്ഥികൾക്കും വാക്സിനേഷനിൽ മുൻഗണനയുണ്ടാകും. അതേസമയം, ടിപിആർ കൂടിയ വടക്കൻ ജില്ലകളിലടക്കമുള്ള ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയ ആരോഗ്യമന്ത്രി സ്ഥിതിഗതികൾ വിലയിരുത്തി. ലോക്ക്ഡൗൺ ഇളവുകൾ വേണോ, എങ്കിൽ എങ്ങനെ നടപ്പാക്കണമെന്ന കാര്യങ്ങളിൽ തീരുമാനമെടുക്കാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ജില്ലാ കളക്ടർമാരുടെ യോഗം പുരോഗമിക്കുകയാണ്. മൂന്നരയ്ക്കാണ് യോഗം തുടങ്ങിയത്. 

വ്യാപനം കുറയാത്ത പശ്ചാത്തലത്തിൽ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകളുണ്ടാവില്ലെന്നാണ് വിവരം. പ്രാദേശികമായി ഇളവുകൾ തീരുമാനിക്കാനുള്ള ടിപിആർ മാനദണ്ഡം കർശനമാക്കിയേക്കും. 18-ന് മുകളിൽ ടിപിആർ ഉള്ള പ്രദേശങ്ങളിൽ ട്രിപ്പിൾ ലോക്ക്ഡൗൺ എന്നത് 15 ശതമാനം എന്നാക്കിയേക്കും. അതിനിടെ വ്യാപനം കൂടിയ വടക്കൻ ജില്ലകളിൽ ടിപിആർ കുറക്കാൻ അടിയന്തിര നടപടികൾക്ക് ആരോഗ്യമന്ത്രി നിർദേശം നൽകി.  തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, വയനാട്, കാസർഗോഡ്  ജില്ലകളിലെ ഉദ്യോഗസ്ഥരുമായി യോഗം ചേർന്ന ശേഷമാണ് തീരുമാനം. ഇവിടങ്ങളിൽ പരിശോധന കൂട്ടും. ക്വാറന്‍റീൻ, സമ്പർക്ക പട്ടിക കണ്ടെത്തൽ എന്നിവ കർശനമാക്കും. 

അതേസമയം, വിട്ടുപോയ മരണങ്ങൾ ഉൾപ്പെടുത്താനുള്ള ശ്രമങ്ങൾക്ക് പുറമെ കോവിഡ് മുക്തരായി ഉടനെ മരിച്ചവരുടെയും പോസ്റ്റ് കോവിഡ് മരണങ്ങളുടെയും പ്രത്യേകം കണക്കെടുക്കാൻ സർക്കാർ നടപടി തുടങ്ങി. 

വിട്ടുപോയ മരണങ്ങൾ ഉൾപ്പെടുത്താനുള്ള ശ്രമത്തിന് പുറമെ, കോവിഡ് മുക്തരായ ശേഷം ഉടനെയുണ്ടായ മരണങ്ങളുടെയും പോസ്റ്റ് കോവിഡ് മരണങ്ങളുടെയും കണക്കുകൾ കൂടി പ്രത്യേകമെടുക്കാനാണ് സർക്കാർ നിർദേശം. നെഗറ്റീവായതിന് തൊട്ടുപിന്നാലെയുണ്ടായ മരണങ്ങളെ ഇമ്മീഡിയറ്റ് കോവിഡ് കേസായി കണക്കാക്കി കോവിഡ് മരണപ്പട്ടികയിലേക്കുൾപ്പെടുത്താനാകുമോ എന്നാണ് പരിശോധിക്കുന്നത്. നെഗറ്റീവായി 3 മാസത്തിന് ശേഷമുണ്ടായവയെ പോസ്റ്റ് കോവിഡായും കണക്കാക്കാനാണ് നിലവിലെ തീരുമാനം.

നെഗറ്റീവായി എത്ര ദിവസം വരെയുള്ളത് കോവിഡ് കണക്കിൽ ഉൾപ്പെടുത്താമെന്നതിലടക്കം വിശദമായ മാർഗരേഖ തയാറാക്കണം.  കോവിഡ് മുക്തിക്ക് ശേഷമുള്ള മരണങ്ങളെ നോൺ കോവിഡ് മരണമായാണ് കണക്കാക്കുന്നതെന്ന് സർക്കാർ വ്യക്തമാക്കുന്ന നിയമസഭാ രേഖ ഏഷ്യാനെറ്റ് ന്യൂസ് ഇന്നലെ പുറത്തുവിട്ടിരുന്നു. പുതിയ സാഹചര്യത്തിൽ 3 മാസത്തിനകം ഈ മരണങ്ങളുടെ കണക്കെടുക്കാനാണ് പോസ്റ്റ് കോവിഡ് പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്ന നോഡൽ ഓഫീസർമാർക്കുള്ള നിർദേശം.  

PREV
click me!

Recommended Stories

ദിലീപിനെ വെറുതെവിട്ട കേസ് വിധിക്ക് പിന്നാലെ പ്രതികരണവുമായി അഖിൽ മാരാര്‍, 'സത്യം ജയിക്കും, സത്യമേ ജയിക്കൂ..'
തിരുവനന്തപുരത്ത് ഒന്‍പതാം ക്ലാസുകാരിക്കുനേരെ അച്ഛന്‍റെ ക്രൂരമര്‍ദനം; ആത്മഹത്യയ്ക്ക് ശ്രമിച്ച പെണ്‍കുട്ടി ഗുരുതരാവസ്ഥയിൽ