
മലപ്പുറം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിലെ തോൽവിയിൽ വീണ്ടും ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതികരണവുമായി എം സ്വരാജ്. തന്‍റെ തോൽവി സകല നിറത്തിലുള്ള വര്‍ഗീയ ഭീകരവാദികളും ആഘോഷിക്കുകയാണെന്ന് എം സ്വരാജ് ഫേസ്ബുക്കിൽ കുറിച്ചു.
എൽഡിഎഫിന്‍റെ പരാജയവും യുഡിഎഫിന്‍റെ വിജയവും തങ്ങൾക്കു കൂടി ആഘോഷിക്കാനുള്ളതാണെന്ന് സംഘപരിവാരവും ഇസ്ലാമിക സംഘപരിവാരവും ഒരുമിച്ച് തെളിയിക്കുകയാണെന്നും സ്വരാജ് കുറിച്ചു. ഒരു കമ്യൂണിസ്റ്റ് എന്ന നിലയിൽ തെരഞ്ഞെടുപ്പിൽ പരാജയപ്പെടുമ്പോഴും ആഹ്ലാദിക്കാൻ ഇതിൽപരം എന്തു വേണമെന്നും സ്വരാജ് ചോദിക്കുന്നു. പരാജയത്തിനിടയിലും ചില ആഹ്ലാദങ്ങള്‍ എന്ന തലക്കെട്ടോടെയാണ് സ്വരാജിന്‍റെ പുതിയ ഫേസ്ബുക്ക് പോസ്റ്റ്.
ഒരേ സമയം സംഘപരിവാരും ജമാഅത്തെ ഇസ്ലാമിയും കൈകോര്‍ത്ത് നിന്ന് ആക്രമിക്കുന്നുവെങ്കിൽ സകല നിറത്തിലുള്ള വര്‍ഗീയ ഭീകരവാദികള്‍ ഒരുമിച്ച് ആക്രമിക്കുന്നുവെങ്കിൽ അതിനേക്കാള്‍ വലിയ ആഹ്ലാദവും അഭിമാനവും വേറെയില്ലെന്നും എം സ്വരാജ് കുറിച്ചു.
എം സ്വരാജിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ രൂപം:
പരാജയത്തിനിടയിലും ചില ആഹ്ലാദങ്ങൾ.....
തിരഞ്ഞെടുപ്പിലെ എൽഡിഎഫിന്റെ പരാജയത്തിനുശേഷം ശ്രദ്ധയിൽപ്പെട്ട പ്രതികരണങ്ങളിൽ ചിലത് ഏറെ ആഹ്ലാദിപ്പിക്കുന്നതാണ്.
എൽഡിഎഫിന്‍റെ പരാജയത്തിൽ ഏറ്റവും കൂടുതൽ ആഘോഷിക്കുന്നത് സംഘപരിവാരമാണ്. വർഗീയവിഷ വിതരണക്കാരി മുതൽ RSS ന്റെ കൂലിപ്പണി നിരീക്ഷകർ വരെ സകല വർഗീയവാദികളും ഇക്കൂട്ടത്തിലുണ്ട്.
ആര്‍എസ്എസിന്‍റെ സ്വന്തം സ്ഥാനാർത്ഥി താമര അടയാളത്തിൽ മത്സരിച്ച് കെട്ടിവെച്ച കാശ് നഷ്ടപ്പെട്ടിട്ടും സംഘപരിവാരം ആഘോഷിച്ചു തകർക്കുകയാണ്.
ഇക്കാര്യത്തിൽ സംഘപരിവാരത്തിനൊപ്പം ജമാഅത്തെ ഇസ്ലാമിയുമുണ്ട് . സംഘപരിവാര നിലവാരത്തിൽ ആക്ഷേപവും പരിഹാസവും നുണയും ചേർത്ത് എൽഡിഎഫ് പരാജയം അവരും ആഘോഷിക്കുന്നു. എൽഡിഎഫിന്‍റെ പരാജയവും യുഡിഎഫിന്‍റെ വിജയം തങ്ങൾക്കു കൂടി ആഘോഷിക്കാനുള്ളതാണെന്ന് സംഘപരിവാരവും ഇസ്ലാമിക സംഘപരിവാരവും ഒരുമിച്ച് തെളിയിക്കുന്നു.
ഒരു കമ്യൂണിസ്റ്റ് എന്ന നിലയിൽ തിരഞ്ഞെടുപ്പിൽ പരാജയപ്പെടുമ്പോഴും ആഹ്ലാദിക്കാൻ ഇതിൽപരം എന്തു വേണം.ഒരേ സമയം ഹിന്ദുത്വ താലിബാനും ഇസ്ലാമിക സംഘപരിവാരവും കൈകോർത്തു നിന്ന് അക്രമിക്കുന്നുവെങ്കിൽ, സകല നിറത്തിലുമുള്ള വർഗ്ഗീയ ഭീകരവാദികൾ ഒരുമിച്ച് അക്രമിക്കുന്നുവെങ്കിൽ അതിനേക്കാൾ വലിയ ആഹ്ലാദവും അഭിമാനവും വേറെയില്ല.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam