
കണ്ണൂർ: കണ്ണൂർ പയ്യാമ്പലം പൊതുശ്മശാനത്തിൽ ചിതയൊരുക്കിയ കുഴി മാറി കർമംചെയ്തതിനെ തുടർന്ന് ബന്ധുക്കൾ ശ്മശാനം ജീവനക്കാരനെ മർദിച്ചതായി പരാതി. മർദ്ദനമേറ്റ രഞ്ജന്റെ പരാതിയിൽ കണ്ണൂർ ടൌൺ പോലീസ് കേസെടുത്തു. ചിതയുടെ നമ്പർ മാറി നൽകിയത് പ്രശ്നത്തിന് കാരണമായെന്നാണ് ആരോപണം.
പയ്യാമ്പലം പൊതു ശ്മശാനത്തിൽ ശനിയാഴ്ചയാണ് ചാല സ്വദേശിയുടെ മൃതദേഹം സംസ്കരിച്ചത്. അസ്ഥി ശേഖരിക്കുന്നതിനുള്ള ചടങ്ങുകൾക്കായി മൂന്ന് ദിവസത്തിന് ശേഷം ബന്ധുക്കളെത്തിയപ്പോളാണ് ചിതയൊരുക്കിയ സ്ഥലത്തു മറ്റാരോ കർമം നടത്തിയത് ശ്രദ്ധയിൽ പെടുന്നത്. അന്വേഷിച്ചപ്പോൾ ചിതയൊരുക്കുന്ന കളത്തിന്റെ നമ്പർ പരസ്പരം മാറിയതാണെന്നു വ്യക്തമായി. വെള്ളിയാഴ്ച മരിച്ച കൂടാളി സ്വദേശിയുടെ ബന്ധുക്കളാണ് ചാല സ്വദേശിയുടെ ചിതയൊരുക്കിയ സ്ഥലത്ത് നിന്നും കർമം നടത്തി അസ്ഥി ശേഖരിച്ചത്.
ഇതറിഞ്ഞ ചാല സ്വദേശിയായ പരേതന്റെ ബന്ധുക്കൾ ശ്മശാനം ജീവനക്കാരനായ രഞ്ജനെ മർടിച്ചതയാണ് പരാതി. ജീവനക്കാരന്റെ പരാതിയിൽ കണ്ടാലറിയാവുന്ന അഞ്ചു പേർക്കെതിരെ ടൌൺ പോലീസ് കേസെടെത്തു. അതേ സമയം നമ്പർ നൽകിയത് കൃത്യമാണെന്നും ജീവനക്കാർക്കാണ് പിഴവ് പറ്റിയതെന്നും കോര്പറേഷൻ ഹെൽത് ഇൻസ്‌പെക്ടർ ആരോപിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam