
തിരുവനന്തപുരം: ആഴിമലയിൽ പെണ്‍സുഹൃത്തിനെ കാണാൻ വന്ന മൊട്ടമൂട് സ്വദേശി കിരണിന്‍റെ തിരോധനത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം. ഫേസ്ബുക്ക് വഴി പരിചയപ്പെട്ട വിഴിഞ്ഞം ആഴിമലയിലെ പെണ്‍കുട്ടിയെ കാണാനാണ് ഇന്നലെ ഉച്ചയോടെ കിരണും മറ്റ് രണ്ടു സുഹൃത്തുക്കളും എത്തിയത്. പെണ്‍കുട്ടിയുടെ വീടിന് മുന്നിൽ പോയ ശേഷം മടങ്ങി പോകുന്നതിനിടെ ബൈക്കിലും കാറിലുമായെത്തിയ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ വാഹനത്തിലേക്ക് പിടിച്ചു കയറ്റിയതായി ഒപ്പമുണ്ടായിരുന്നവർ പറയുന്നു.
കിരണുമായി ബൈക്ക് ആഴിമല ഭാഗത്തേക്കാണ് പോയത്. കാർ ആഴിമലയിലെത്തിയപ്പോള്‍ കിരണ്‍ ഉണ്ടായിരുന്നില്ല. ബൈക്കിൽ നിന്നും ഇറങ്ങിയോടിയെന്ന് പെണ്‍കുട്ടിയുടെ ബന്ധു പറഞ്ഞതായി കിരണിനൊപ്പമുണ്ടായിരുന്ന മെൽവിൻ പറഞ്ഞു. കിരണിന്‍റെ ഫോണിലേക്ക് വിളിച്ചുവെങ്കിലും കിട്ടിയില്ലെന്ന് സുഹൃത്തുക്കള്‍ പറയുന്നു. ഉച്ചക്കുശേഷം ഒരാള്‍ കടലിൽ വീണുവെന്ന വിവരം ലഭിച്ച വിഴിഞ്ഞം പൊലീസ് കോസ്റ്റ് ഗാര്‍ഡിന്‍റെ സഹായത്തോടെ തെരച്ചിൽ നടത്തി. കിരണിനെയും സുഹൃത്തുക്കളെയും വാഹനത്തിൽ കയറ്റികൊണ്ടുപോയവർ ഒളിവിലാണ്. വാഹനങ്ങള്‍ വിഴിഞ്ഞം പൊലിസ് കണ്ടെത്തിയിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam