
കണ്ണൂര്‍: തലശേരിയിൽ കടൽ കാണാൻ പോയ ദമ്പതികൾക്ക് മർദ്ദനമേറ്റ സംഭവത്തില്‍ എസ്ഐക്കും സിഐക്കും എതിരെയുള്ള അന്വേഷണ റിപ്പോർട്ട് നാളെ സമർപ്പിക്കും. കമ്മീഷണറുടെ നിർദ്ദേശ പ്രകാരം തലശ്ശേരി എ എസ് പിയും സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പിയും പ്രത്യേകം പ്രത്യേകമാണ് അന്വേഷിക്കുന്നത്. മർദ്ദനമേറ്റുവെന്ന പരാതിയുള്ള സാഹചര്യത്തിൽ പൊലീസ് സ്റ്റേഷനിലെയും പരിസര പ്രദേശത്തെയും സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കും. ഡോക്ടറുടെ മൊഴിയെടുക്കും. പ്രത്യുഷ് തങ്ങളെയാണ് ആക്രമിച്ചതെന്നാണ് പൊലീസ് നിലപാട്. എന്നാൽ പൊലീസ് ക്രൂരമായി മർദ്ദിച്ചുവെന്നാണ് മേഘ കഴിഞ്ഞ ദിവസം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞത്. പ്രത്യുഷിൻ്റെ ജാമ്യാപേക്ഷയിൽ തലശ്ശേരി കോടതി നാളെ വിധി പറയും.
തലശ്ശേരി സഹകരണ ആശുപത്രിയിൽ നഴ്‌സായ മേഘയും ഇലക്ട്രീഷ്യനായ ഭർത്താവ് പ്രത്യുഷും ജോലി കഴിഞ്ഞ് ഭക്ഷണം കഴിക്കാൻ പുറത്ത് പോയതായിരുന്നു. ഭക്ഷണവും കഴിച്ച് കടൽ പാലത്തിനടുത്ത് ചെന്നപ്പോൾ സമയം 11 മണിയായി. പെട്രോളിങ്ങിനെത്തിയ പൊലീസ് സംഘം എന്തിനാണ് ഇവിടെ നിൽക്കുന്നതെന്നും ഉടൻ പോകണമെന്നും ആവശ്യപ്പെട്ടു. നിയമപരമായി എന്ത് അധികാരത്തിലാണ് ഇങ്ങനെ പറയുന്നതെന്ന് പ്രത്യുഷ് തിരിച്ച് ചോദിച്ചതോടെ തർക്കമായി. ഒരു ജീപ്പ് കൂടി വിളിച്ചു വരുത്തി ഇരുവരെയും എസ് ഐ മനുവും സംഘവും സ്റ്റേഷനിലേക്ക് ബലമായി കൊണ്ടുപോയി. മേഘയെ സ്റ്റേഷൻ്റെ പുറത്ത് നിർത്തി അസഭ്യം പറയുകയും ഭർത്താവിനെ സ്റ്റേഷനകത്ത് ക്രൂരമായി അക്രമിച്ചു എന്നുമാണ് പരാതി.
അതേസമയം, പൊലീസിനെ ആക്രമിച്ച് എന്നും ജോലി തടസ്സപ്പെടുത്തി എന്ന് ആരോപിച്ച് മേഘയ്ക്കും പ്രത്യുഷിനുമെതിരെ ജാമ്യമില്ലാ വകുപ്പിട്ട് കേസുമെടുത്തു. മനുവിനെ റിമാൻഡ് ചെയ്തു. കോടതി സ്ത്രീ എന്ന പരിഗണനയിൽ മേഘയ്ക്ക് ജാമ്യം നൽകി. എന്നാല്‍ പ്രത്യുഷിനെ മർദ്ദിച്ചിട്ടില്ലെന്നും കടൽക്ഷോഭം ഉള്ളത് കാരണമാണ് തിരികെ പോകാൻ പറഞ്ഞതെന്നുമാണ് ആരോപണ വിധേയനായ എസ്ഐ മനുവിൻ്റെ വിശദീകരണം. വാർത്തയ്ക്ക് പിന്നാലെ എസ്ഐക്കും സിഐക്കു മെതിരെ അന്വേഷണത്തിന് കമ്മീഷണർ ആർ ഇളങ്കോ ഉത്തരവിട്ടു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam