
പത്തനംതിട്ട: കലഞ്ഞൂരിൽ കാറിലെത്തിയ കുടുബത്തെയും പൊലീസുകാരെയും സി പി എം ബ്രാഞ്ച് സെക്രട്ടറി ആക്രമിച്ചതായി പരാതി. ഇടത്തറ ബ്രാഞ്ച് സെക്രട്ടറി രാജീവിനും സുഹൃത്തുക്കള്‍ക്കും എതിരെയാണ് പരാതി. ഇന്ന് ഉച്ചയോടെ പുനലൂർ മൂവാറ്റുപുഴ റോഡിലെ ഇടത്തറയിൽ വച്ചായിരുന്നു സംഭവം. തിരുവനന്തപുരത്ത് നിന്ന് കോന്നിയിലേക്ക് വരികയായിരുന്ന കുടുബത്തെയാണ് സി പി എം ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തിൽ മർദ്ദിച്ചത്. കാറിലുണ്ടായിരുന്ന മിനി, മകൻ അനു, അനുവിന്‍റെ രണ്ട് സുഹൃത്തുക്കൾ എന്നിവർക്ക് മര്‍ദ്ദനത്തില്‍ പരിക്കേറ്റു.
രാജീവ് സഞ്ചരിച്ച വാഹനത്തിന് പിന്നാലെ വന്ന ഇവരുടെ കാറിൽ നിന്ന് ഹോണടിച്ചതാണ് പ്രകോപനത്തിന് കാരണം. കാർ .യാത്രക്കാരെ അക്രമിക്കുന്നത് നാട്ടുകാർ വിളിച്ചു പറഞ്ഞതിനെ തുടർന്നാണ് കൂടൽ പൊലീസ് സ്ഥലത്തെത്തിയത്. സംഘർഷം തടയാൻ ശ്രമിച്ച സിവിൽ പൊലീസ് ഓഫീസർമാരായ ഷാഫി, അരുൺ എന്നിവരെയും രാജീവും സംഘവും മർദ്ദിച്ചു. പരിക്കേറ്റവർ കോന്നി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. കേസിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറി അടക്കം നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവം നടക്കുമ്പോള്‍ ബ്രാഞ്ച് സെക്രട്ടറി മദ്യ ലഹരിയിലായിരുന്നുവെന്ന് വൈദ്യ പരിശോധനയില്‍ തെളിഞ്ഞു. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാന്‍റ് ചെയ്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam