
കോഴിക്കോട്: കോംട്രസ്റ്റ് ഫാക്ടറി പ്രശ്നത്തിൽ സംസ്ഥാന സർക്കാരിന്റെ അടിയന്തിര ഇടപെടലാവശ്യപ്പെട്ട് മന്ത്രിമാരുടെ അദാലത്തിൽ പരാതിയുമായി തൊഴിലാളികൾ. സ്വകാര്യ വ്യക്തികൾ കൈയടക്കിയ ഫാക്ടറി ഭൂമി സംസ്ഥാന സർക്കാർ തിരിച്ചുപിടിക്കണമെന്നും കോംട്രസ്റ്റ് ഏറ്റെടുക്കൽ ബില്ല് നിഷ്‌കർഷിക്കുന്ന ആനുകൂല്യങ്ങൾ നൽകണമെന്നുമാണ് തൊഴിലാളികളുടെ ആവശ്യം. വസ്തുതകൾ പരിശോധിച്ച ശേഷം നടപടിയെടുക്കാമെന്ന മറുപടിയാണ് മന്ത്രിമാര്‍ നല്‍കിയത്.
കോംട്രസ്റ്റ് വിഷയത്തിൽ സമരം കടുപ്പിക്കുന്നതിന് മുന്നോടിയായാണ് താലൂക്ക് തല അദാലത്തിൽ പരാതിയുമായി തൊഴിലാളികളെത്തിയത്. കോംട്രസ്റ്റിന്‍റെ കൈവശമുളള 1 ഏക്കര്‍ 70 സെന്‍റ് ഭൂമി കോഴിക്കോട്ടെ ഒരു സൊസൈറ്റിയും മറ്റ് രണ്ട് സ്വകാര്യ കമ്പനികളും വാങ്ങിയിരുന്നു. നിയമസഭ ബില്‍ പാസാക്കി കോംട്രസ്റ്റ് ഭൂമി കെഎസ്ഐഡിസിക്ക് കൈമാറിയതോടെ ഈ ഇടപാട് അസാധുവായി. ഇത് ചോദ്യം ചെയ്ത് ഈ വ്യക്തികള്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതിയിലാണ്. ഇതിൽ അന്തിമ വിധി വരും മുമ്പ്, സ്ഥലത്ത് പ്രവർത്തിച്ചുതുടങ്ങിയ അനധികൃത പാർക്കിംഗ് കേന്ദ്രം ഏത്രയും പെട്ടെന്ന് അടച്ചുപൂട്ടണമെന്നാണ് തൊഴിലാളികളുടെ ആവശ്യം.
നിയമപോരാട്ടമടക്കം സർക്കാർ മനപ്പൂർവ്വം വൈകിപ്പിക്കുന്നെന്നും തൊഴിലാളികൾ കുറ്റപ്പെടുത്തുന്നു. തൊഴിലാളികളുടെ അപേക്ഷ സ്വീകരിച്ച റവന്യൂമന്ത്രി കെ രാജൻ, തുടർ നടപടികൾക്കായി ജില്ലാകളക്ടർക്ക് കൈമാറി. പാർക്കിംഗ് കേന്ദ്രം കോർപ്പറേഷൻ അധികൃതർ പൂട്ടി സീൽചെയ്തെന്ന് മറുപടിയും നൽകി. എന്നാൽ കോംട്രസ്റ്റ് വിഷയത്തിൽ വ്യക്തമായ മറുപടി നൽകാൻ അദാലത്തിനെത്തിയ മന്ത്രിമാർ തയ്യാറായില്ല.
കോംട്രസ്റ്റ് ഏറ്റെടുക്കൽ ബില്ല് നിലവിൽ വരും മുമ്പ് നടന്ന ഇടപാടിന് സാധുതയില്ലാത്തതിനാൽ സർക്കാരിന് ഭൂമി ഏറ്റെടുക്കുന്നതിൽ തടസ്സമില്ലെന്ന് നിയമവിദഗ്ദ്ധർ പറയുന്നു. അർഹമായ നഷ്ടപരിഹാരം നൽകി ഭൂമി തിരിച്ചുപിടിക്കാമെന്ന് വ്യവസ്ഥയുണ്ട്. സ്ഥലം വാങ്ങിയവരുടെ രാഷ്ട്രീയമാണ് നടപടികള്‍ ഏങ്ങുമെത്താതാവാൻ കാരണമെന്നാണ് വിമർശനം.