കൊവിഡ് രോഗി കെഎസ്ആർടിസി ബസിൽ: കണ്ടക്ടറേയും യാത്രക്കാരേയും ക്വാറൻ്റീനിലാക്കി

By Web TeamFirst Published Jul 5, 2020, 11:44 AM IST
Highlights

ഇന്നലെ കോഴിക്കോട് കെഎസ്ആർടിസി സ്റ്റാൻഡിൽ നിന്നും കണ്ണൂരിലേക്ക് പോയ ബസിലാണ് കൊവിഡ് രോഗി സഞ്ചരിച്ചത്. യാത്രമധ്യേ കൊയിലാണ്ടിയിൽ വച്ചാണ് ഇയാളുടെ പരിശോധന ഫലം അധികൃതർ വിളിച്ചറിയിച്ചത്. 

കോഴിക്കോട്: കൊവിഡ് രോഗി കെഎസ്ആർടിസി ബസിൽ യാത്ര ചെയ്ത സംഭവത്തിൽ ബസിലെ കണ്ടക്ടറും യാത്രക്കാരും സ്വയം നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചു. ഇന്നലെ കോഴിക്കോട് കെഎസ്ആർടിസി സ്റ്റാൻഡിൽ നിന്നും കണ്ണൂരിലേക്ക് പോയ ബസിലാണ് കൊവിഡ് രോഗി സഞ്ചരിച്ചത്. 

പാലക്കാട് തൃത്താലയിൽ സുഹൃത്തിൻ്റെ വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്ന കണ്ണൂർ സ്വദേശിയായ യുവാവാണ് പരിശോധന ഫലം വരും മുൻപേ പുറത്തിറങ്ങിയത്. ജൂൺ 23-ന് മധുരയിൽ നിന്നും സുഹൃത്തിനൊപ്പം കേരളത്തിൽ എത്തിയ ഇയാൾ അന്നു മുതൽ കൂട്ടുകാരൻ്റെ വീട്ടിൽ നിരീക്ഷണത്തിലായിരുന്നു. ജൂൺ മുപ്പതിന് ഇരുവരും ആശുപത്രിയിലെത്തി കൊവിഡ‍് പരിശോധനയ്ക്ക് വിധേയരായി. തുട‍ർന്ന് പരിശോധന ഫലം വരും വരെ കാത്തിരിക്കാതെ ഇയാൾ നാട്ടിലേക്ക് തിരിക്കുകയായിരുന്നു. 

തൃത്താലയിൽ നിന്നും കോഴിക്കോട് വരെ സുഹൃത്തിൻ്റെ ബൈക്കിലാണ് ഇയാൾ വന്നത്. എന്നാൽ കോഴിക്കോട് എത്തിയതോടെ ഇദ്ദേഹത്തിന് യാത്രക്ഷീണം കലശലായി. ഇതോടെ ഇയാളെ കോഴിക്കോട് കെഎസ്ആ‍ർടിസി സ്റ്റാൻഡിൽ ഇറക്കി സുഹൃത്ത് മടങ്ങി. കോഴിക്കോട് സ്റ്റാൻഡിൽ നിന്നും കണ്ണൂരിലേക്കുള്ള ബസിൽ കേറിയ ഇയാൾക്ക് യാത്ര തുടങ്ങിയതിന് പിന്നാലെ കൊവിഡ് രോ​ഗം സ്ഥിരീകരിച്ചതായി അറിയിച്ചു കൊണ്ടുള്ള ആരോ​ഗ്യവകുപ്പ് ഉദ്യോ​ഗസ്ഥരുടെ കോൾ ലഭിച്ചു. 

ഇതിനോടകം കോഴിക്കോട് നിന്നും പുറപ്പെട്ട ബസ് കൊയിലാണ്ടിയിൽ എത്തിയിരുന്നു. ആരോ​ഗ്യവകുപ്പ് അധികൃത‍ർ നൽകിയ വിവരമനുസരിച്ച് കൊയിലാണ്ടി പൊലീസും 108 ആംബുലൻസും സ്ഥലത്ത് എത്തുകയും ബസിൽ നിന്നും രോ​ഗിയെ ഇറക്കി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. 

കോഴിക്കോട് നിന്നും ബസ് പുറപ്പെടുമ്പോൾ അൻപതോളം യാത്രക്കാ‍ർ ബസിലുണ്ടായിരുന്നുവെന്നാണ് കെഎസ്ആ‍ർടിസി കണ്ടക്ട‍ർ പറയുന്നത്. ഇദ്ദേഹത്തേയും കൊവിഡ് രോ​ഗിയുടെ അടുത്തുള്ള സീറ്റുകളിൽ ഇരുന്ന എട്ട് യാത്രക്കാരുമാണ് ആരോ​ഗ്യവകുപ്പിൻ്റെ നി‍ർദേശം അനുസരിച്ച് ഇപ്പോൾ ക്വാറൻ്റൈനിൽ പ്രവേശിച്ചത്. 
 

click me!