
തിരുവനന്തപുരം: വഖഫ് (Waqf) നിയമനങ്ങള്‍ പിഎസ്സിക്ക് (PSC) വിടുന്നതിനെ ചൊല്ലി നിയമസഭയില്‍ ബഹളം. വഖഫ് നിയമനം പിഎസ്സിക്ക് വിടുന്നതില്‍ മാറ്റമില്ലെന്നും തീരുമാനവുമായി മുന്നോട്ട് പോവുമെന്ന് മന്ത്രി വി അബ്ദുറഹ്മാന്‍ സഭയെ അറിയിച്ചു. ആശങ്കയറിച്ച സംഘടനകളുമായി ചര്‍ച്ച നടത്തുമെന്നും വഖഫ് ഭൂമി അന്യാധീനപ്പെടുത്തിയത് സര്‍ക്കാരല്ലെന്നും മന്ത്രി സഭയില്‍ പറഞ്ഞു. മന്ത്രിയുടെ മറുപടിയില്‍ സഭയില്‍ ബഹളം. തീരുമാനം പിന്‍വലിക്കും വരെ സമരം നടത്തുമെന്ന് മുസ്ലീംലീഗ് പറഞ്ഞു. കഴിഞ്ഞ വര്‍ഷമാണ് വഖഫ് ബോര്‍ഡിലെ നിയമനങ്ങള്‍ പിഎസ്സിക്ക് വിട്ടത്. മുസ്ലിങ്ങള്‍ക്ക് മാത്രമായിരിക്കും നിയമനമെന്നും നിലവില്‍ ജോലി ചെയ്യുന്നവര്‍ക്ക് ബുദ്ധിമുട്ടുണ്ടാകില്ലെന്നും അബ്ദുള്‍ റഹ്മാന്‍ വ്യക്തമാക്കിയിരുന്നു.
മലപ്പുറം: ഉത്തർപ്രദേശിൽ (Uttar Pradesh Election 2022) മതേതര വോട്ടുകൾ ഭിന്നിച്ചതിൽ എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും പങ്കുണ്ടെന്ന് പി കെ കുഞ്ഞാലിക്കുട്ടി (P K Kunhalikutty). എല്ലാ മതേതര പാർട്ടികളും ഒന്നിച്ചു നിന്നിരുന്നെങ്കിൽ യുപിയിൽ ബിജെപിയുടെ കഥ കഴിയുമായിരുന്നു. കേരളം വർഗീയ പാർട്ടികൾക്ക് കീഴടങ്ങാത്തതിന്‍റെ ക്രെഡിറ്റ് മുസ്ലീം ലീഗിനാണെന്നും പി കെ കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് പറഞ്ഞു.
അതേസമയം, ഇന്ത്യക്കാവശ്യമായ ന്യൂനപക്ഷ രാഷ്ട്രീയം മുന്നോട്ട് വയ്ക്കാൻ മുസ്ലീം ലീഗിന് മാത്രേമേ കഴിഞ്ഞിട്ടുള്ളൂവെന്ന് മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡന്‍റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. ഇന്ത്യയിലെ ന്യൂനപക്ഷങ്ങൾക്ക് മാതൃകയാക്കാവുന്ന രാഷ്ട്രീയ ഇച്ഛാശക്തി ഉണ്ടാക്കാൻ കഴിഞ്ഞത് മുസ്ലീം ലീഗിന് മാത്രമാണ്. ദേശീയതലത്തിൽ മതേതര കക്ഷികൾ കുറേക്കൂടി സഹകരിച്ച് പ്രവർത്തിക്കണമെന്ന സന്ദേശമാണ് തെരഞ്ഞെടുപ്പ് ഫലം നൽകുന്നത്. കേരളത്തിൽ മുസ്ലീം ലീഗിനെ മാറ്റി നിർത്താൻ ആർക്കും കഴിയില്ലെന്നും സാദിഖലി ശിഹാബ് തങ്ങള്‍ മലപ്പുറത്ത് പറഞ്ഞു.