വോട്ടർ പട്ടികാ വിവാദം; കോൺഗ്രസ് ഹൈക്കോടതിയെ സമീപിച്ചു

By Web TeamFirst Published Jan 20, 2020, 7:43 PM IST
Highlights

2019ലെ ലോകസഭാ തിരഞ്ഞെടുപ്പ് വോട്ടർ പട്ടികയുടെ അടിസ്ഥാനത്തിൽ തെരഞ്ഞെടുപ്പ് നടത്തണം എന്നാണ് കോൺഗ്രസ് ആവശ്യം.

കൊച്ചി: 2015ലെ വോട്ടർ പട്ടിക അടിസ്ഥാനമാക്കി പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടത്തുന്നതിന് എതിരെ കോൺഗ്രസ് ഹൈക്കോടതിയെ സമീപിച്ചു. 2019ലെ ലോകസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടർ പട്ടികയുടെ അടിസ്ഥാനത്തിൽ തിരഞ്ഞെടുപ്പ് നടത്തണം എന്ന് ആവശ്യപ്പെട്ടാണ് കോൺഗ്രസ് നേതാക്കൾ ഹൈക്കോടതിയിൽ ഹർജി നൽകിയിരിക്കുന്നത്. എൻ വേണുഗോപാൽ, എം മുരളി, കെ സുരേഷ് ബാബു എന്നീ നേതാക്കളാണ് ഹൈക്കോടതിയെ സമീപിച്ചത്. 

തദ്ദേശ തെരഞ്ഞെടുപ്പിൽ 2015ലെ വോട്ടർ പട്ടിക അടിസ്ഥാനമാക്കാനുള്ള തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനത്തെ സംസ്ഥാന സർക്കാർ കൂടി പിന്തുണച്ചതിന് പിന്നാലെ തന്നെ കമ്മീഷനെതിരെ നിയമനടപടി ആലോചിക്കുമെന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കിയിരുന്നതാണ്.

2019ൽ ലോക്സഭാ തെരഞ്ഞെടുപ്പിന് ഉപയോഗിച്ച വോട്ടർ പട്ടിക തദ്ദേശ തെരഞ്ഞെടുപ്പിനും വേണമെന്നായിരുന്നു നേരത്തെ യുഡിഎഫും എൽഡിഎഫും ആവശ്യപ്പെട്ടിരുന്നത്. പക്ഷെ പ്രായോഗിക പ്രയാസം കാണിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യം തള്ളിയതോടെ എൽ‍ഡിഎഫ് പിന്നോട്ട് പോയി. 2015 ലെ വോട്ടർ പട്ടിക ഉപയോഗിക്കുന്നതിലെ ബുദ്ധിമുട്ട് കാണിച്ച് കമ്മീഷന് മുമ്പ് കത്തയച്ച സർക്കാർ ഇപ്പോൾ കമ്മീഷനുമായി ഏറ്റുമുട്ടാനില്ലെന്ന നിലപാടിലാണ്.

2015ന് ശേഷം വോട്ടർ പട്ടികയിൽ പേര് ചേർത്തവർ വീണ്ടും അതേ നടപടികൾ ആവ‍ർത്തിക്കേണ്ടി വരുന്നതിലെ പ്രയാസമാണ് പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നത്. വാർഡുകൾ വിഭജിക്കാനുള്ള സർക്കാർ തീരുമാനത്തെ നേരത്തെ തന്നെ പ്രതിപക്ഷം എതിർത്തിരുന്നു. വാർഡ് വിഭജനം സംബന്ധിച്ച ഓർഡിനൻസിൽ ഇതുവരെ ഗവർണ്ണർ ഒപ്പിട്ടിട്ടില്ല. പ്രതിപക്ഷനേതാവ് നൽകിയ പരാതിയിൽ ഗവർണ്ണർ ആവശ്യപ്പെട്ട സർക്കാർ കഴിഞ്ഞയാഴ്ച നൽകിയിരുന്നു.

click me!